| Monday, 16th June 2025, 2:21 pm

ഹലോ മമ്മിയുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ പറ്റി; സൂക്ഷ്മദര്‍ശിനിയും ഒരു ഫാക്ടറാണ്: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും ഏറെ പ്രതീക്ഷയോടെ വന്ന ചില ചിത്രങ്ങള്‍ തിയേറ്ററില്‍ വര്‍ക്കാതെ പോയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍.

ഹലോ മമ്മി എന്ന ചിത്രത്തിന് തിയേറ്ററില്‍ പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ആ സിനിമ ഒ.ടി.ടിയില്‍ വന്ന ശേഷം പലരും നല്ല അഭിപ്രായം പറഞ്ഞെന്നും ഷറഫുദ്ദീന്‍ പറയുന്നു.

ഹലോ മമ്മിയുടെ മാര്‍ക്കറ്റിങ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ പറ്റിയിട്ടുണ്ടെന്നും കൂടെ ഇറങ്ങിയ സൂക്ഷ്മദര്‍ശിനി പോലുള്ള സിനിമകള്‍ വലിയ അഭിപ്രായം നേടിയതും ഒരു ഫാക്ടര്‍ ആണെന്നും ഷറഫുദ്ദീന്‍ പറയുന്നു. വണ്‍ ടു ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.

‘ഹലോ മമ്മിയുടെ കാര്യം പറഞ്ഞാല്‍ ആ സിനിമയുടെ റിലീസിന്റെ സമയത്ത് വേറെയും സിനിമയുണ്ട്. ആ സിനിമകള്‍ കുറച്ചുകൂടി അഭിപ്രായം നേടിയ സിനികളാണ്. സൂക്ഷ്മദര്‍ശിനിയൊക്കെ. അത് തീര്‍ച്ചയായും ഒരു ഫാക്ട് ആണ്.

പിന്നെ ഇതൊരു കോമഡി ഹൊറര്‍ സിനിമ ആണല്ലോ. അതിന്റെ കറക്ട് റീസണ്‍ എന്താണെന്ന് അറിയില്ല. ഇപ്പോള്‍ എല്ലാവരും ആ സിനിമ ഒ.ടി.ടിയില്‍ കണ്ടിട്ട് നല്ല അഭിപ്രായം പറയുമ്പോള്‍ അടുത്ത സിനിമ നിങ്ങള്‍ തിയേറ്ററില്‍ തന്നെ കണ്ടോളണം എന്ന് ഞാന്‍ പറയാറുണ്ട്.

അങ്ങനെ തന്നെ പറയും. പിന്നെ, ഹലോ മമ്മി ഇറങ്ങുന്നതിന് മുന്‍പ് എനിക്ക് ഒരു രീതിയിലും ഞാന്‍ ഇവിടെ എക്‌സിസ്റ്റ് ചെയ്യുന്നതുപോലെ ഒരു പരിപാടിയില്ല.

പിന്നെ ഇത് ഏത് പടം, എന്നൊക്കെ ചോദിച്ച് ഇത് കണക്ടായി വരാന്‍ സമയം എടുത്തു. പിന്നെ ഒരു സാധാരണ സിനിമ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു മാര്‍ക്കറ്റിങ് കണ്ടന്റോ ഒന്നും ഉണ്ടായിരുന്നില്ല.

ഒന്നോ രണ്ടോ പാട്ടുകളൊക്കെ വര്‍ക്കായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ. അതൊക്കെയാണല്ലോ ഇപ്പോഴത്തെ മാര്‍ക്കറ്റിങ് രീതികള്‍. അങ്ങനെയൊക്കെ എത്തേണ്ടിയിരുന്നതാണ് അത്. എന്നാല്‍ അത് എത്തിയില്ല.

ഹലോ മമ്മിക്ക് ശേഷം എനിക്ക് കോമഡി കഥാപാത്രങ്ങള്‍ വരുന്നുണ്ട്. പക്ഷേ അതിന് മുന്‍പ് ചെയ്ത് വര്‍ക്കായ ഒരു സിനിമയാണ് മധുര മനോഹര മോഹം.

അതുപോലെ ഹലോ മമ്മിയുടെ ഐഡിയയും രസമുള്ള പരിപാടിയാണ്. പടക്കളവും അതുപോലെ തന്നെയാണ്. ഇപ്പോള്‍ ചെയ്ത സംശയത്തിനും പെറ്റ് ഡിറ്റക്ടീവിനുമൊക്കെ ആ എലമെന്റുണ്ട്.

കോമഡി ടാഗ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. അതിനൊരു ബേസ് വേണം. നമ്മള്‍ ഒരുപാട് സിനിമകള്‍ വേറെ ഭാഷകളിലുള്ളത് കണ്ടുകൊണ്ടിരിക്കുകയല്ലേ.

അതിനിടയില്‍ എന്തെങ്കിലും വ്യത്യസ്തതയുള്ളത് വന്നാല്‍ ചെയ്യുക, അല്ലെങ്കില്‍ കാത്തിരിക്കുക എന്നുള്ളതാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. വെറുതെ എന്തെങ്കിലും ചെയ്യണ്ട എന്നാണ് കരുതുന്നത്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Actor Sharaffudheen about Hello Mummy Movie and Marketing Strategy

We use cookies to give you the best possible experience. Learn more