| Tuesday, 10th June 2025, 11:42 am

സിനിമയില്‍ എനിക്ക് വീഴ്ച പറ്റിയത് അവിടെയാണ്, അത് ഞാന്‍ ചെയ്യാന്‍ പാടില്ലായിരുന്നു: ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ തനിക്ക് സംഭവിച്ച വീഴ്ചകളെ കുറിച്ച് മനസുതുറക്കുകയാണ് നടന്‍ ശങ്കര്‍. പല തീരുമാനങ്ങളും തെറ്റായിപ്പോയെന്നും പലതും തിരിച്ചടിയായെന്നും ശങ്കര്‍ പറയുന്നു.

സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതും മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ചതുമെല്ലാം തെറ്റായ തീരുമാനങ്ങളായിരുന്നെന്നാണ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ പറയുന്നത്.

‘ മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്യിക്കാമെന്ന തീരുമാനം, അതുപോലെ ഒരേ കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തു നില്‍ക്കുന്ന സമയത്ത് നമ്മള്‍ ഒരു ഗ്യാപ് ഇടുന്നു. അവിടൊക്കെയായിരിക്കും മിസ്റ്റേക്ക് പറ്റിയത്.

അത് ചെയ്യാന്‍ പാടില്ലായിരുന്നു. പിന്നെ ഡയറക്ഷനിലേക്ക് പോകാമെന്ന് തീരുമാനിച്ചു. പിന്നെ ടൈം ആയിരിക്കും. സമയം ഒരു വലിയ ഘടകം തന്നെയാണ് സിനിമയില്‍.

അത് ആരുടെ വേണമെങ്കിലും ലൈഫ് എടുത്ത് നോക്കിക്കോളൂ. എല്ലാര്‍ക്കും എന്നും എപ്പോഴും നല്ല കാലം ആയിരിക്കില്ല. പിന്നെ ഇതിനൊന്നും കറക്ട് ഒരു വാല്യൂവേഷന്‍ വെക്കാന്‍ വലിയ പാടാണ്.

27 പടം 28 പടമൊക്കെയാണ് വര്‍ഷത്തില്‍ ചെയ്തത്. 83 തൊട്ടാണ് അങ്ങനെ മാറി വരുന്നത്. അതുവരെ എട്ട് പടവും ഒന്‍പത് പടവുമൊക്കെ ചെയ്തിരുന്നു. ഇതിനിടയ്ക്ക് തമിഴിലും പോകും.

84 തൊട്ട് കുറേ കാലം 27 പടമൊക്കെ വര്‍ഷത്തില്‍ ചെയ്യാന്‍ തുടങ്ങി. മടുത്തിട്ട് ഇരുന്ന് കരഞ്ഞിട്ടുണ്ട്. എനിക്ക് മാത്രമേ അന്ന് എ.സി റൂം ഉള്ളൂ. നമ്മുടെ സുഹൃത്തുക്കള്‍ മുഴുവന്‍ തിരുവനന്തപുരത്താണ്.

സുരേഷ് ഉണ്ടാകും സനല്‍ പിന്നെ പ്രിയന്‍, അങ്ങനെ അന്നത്തെ നമ്മുടെ ഗ്യാങ് ഓഫ് ആള്‍ക്കാര്‍ ഉണ്ട്. എല്ലാവരും അവിടെയാണ്. ഇവര്‍ റൂമില്‍ വന്ന് കിടക്കും.

എനിക്ക് രാവിലെ എഴുന്നേറ്റ് ഷൂട്ടിന് പോകണം. ഇവരൊക്കെ കിടന്നുറങ്ങും. ദൈവമേ നമുക്കൊരു റെസ്റ്റ് ഇല്ലല്ലോ എന്ന് തോന്നും. ഒരു പടം കഴിയാറാകുമ്പോള്‍ ഞാന്‍ കരുതും ഇനിയൊരു ബ്രേക്ക് ഇടാം എന്ന്.

അപ്പോഴേക്ക് വേറെ ആരെയെങ്കിലും വരും ഒരു കഥ കേള്‍ക്കുമോ എന്ന് ചോദിച്ചിട്ട്. ഞാന്‍ ഒരു ബ്രേക്ക് എടുക്കാന്‍ ആലോചിക്കുകയാണെന്ന് പറഞ്ഞുനോക്കുമെങ്കിലും അവര്‍ പ്ലീസ് എന്ന് പറഞ്ഞ് നിര്‍ബന്ധിക്കും. അന്ന് മെയിന്‍ ആയിട്ട് ഞാന്‍ മമ്മൂക്ക, മോഹന്‍ലാല്‍ ഇവര്‍ തന്നെയായിരുന്നു അഭിനയിച്ചിരുന്നത്.

പിന്നെ ഈ റൊമാന്റിക് ഹീറോസിന്റെ ഒക്കെ ഒരു ഹിസ്റ്ററി എടുത്തു നോക്കിയാല്‍, രാജേഷ് ഖന്ന സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു. അമിതാഭ് ബച്ചന്‍ വന്നതോടെ അദ്ദേഹം ഔട്ട് ആയില്ലേ.

പിന്നെ നമ്മള്‍ ഒരുപാട് പടങ്ങള്‍ ചെയ്യാന്‍ പാടില്ല. 27 ഉം 28 ഉം പടം ചെയ്യുമ്പോള്‍ ഓരോ ആഴ്ചയും നമ്മുടെ പടം തിയേറ്ററില്‍ വരികയാണ്. ആള്‍ക്കാര്‍ക്ക് തന്നെ മടുക്കില്ലേ.

അതൊക്കെ ആയിരിക്കും. ഞാന്‍ പരീക്ഷണ ചിത്രങ്ങള്‍ക്ക് തയ്യാറായില്ലെന്ന് പറയാനും പറ്റില്ല. നമ്മുടെ അടുത്ത് വരുന്നതെല്ലാം ഒരേ ടൈപ്പ് ചിത്രങ്ങളാണ്.

സുഖമോ ദേവി കഴിഞ്ഞപ്പോള്‍ ഞാന്‍ വേണു നാഗവള്ളിയോട് എനിക്ക് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് വില്ലനായി കിഴക്കുണരും പക്ഷി ചെയ്യുന്നത്. പക്ഷേ അത് നമ്മള്‍ വിചാരിച്ച പോലെ വന്നില്ല. അതിന് ശേഷം ഗ്യാപ്പിടാമെന്ന് വിചാരിച്ച് നാല് വര്‍ഷങ്ങളോളം ഗ്യാപ് ഇട്ടു. പിന്നെ ഡയറക്ഷനിലേക്ക് പോകാമെന്ന ആലോചിച്ചു,’ ശങ്കര്‍ പറയുന്നു.

Content Highlight: Actor Shankar about His Movie Life and the Decisions to leave Cinema

We use cookies to give you the best possible experience. Learn more