| Sunday, 2nd March 2025, 3:34 pm

മലയാള സിനിമ എപ്പോഴും ടോപ്പ് ലെവല്‍; തമിഴില്‍ സംസാരം കൂടുതലാകുമെന്നല്ലാതെ കണ്ടന്റുണ്ടാവില്ല: ഷാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെ സിനിമാപ്രേമികള്‍ക്ക് പരിചിതനായ നടനാണ് ഷാം. പ്രൊഫഷണല്‍ മോഡലായി തന്റെ കരിയര്‍ ആരംഭിച്ച ഷാം 2001ല്‍ 12ബി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ഷാം 2017ല്‍ മമ്മൂട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദര്‍ സിനിമയില്‍ ഒരു കാമിയോ ആയി എത്തിയിരുന്നു.

ഇപ്പോള്‍ തമിഴ് സിനിമയെ മറ്റ് ഭാഷയിലെ സിനിമകളുമായി താരതമ്യപ്പെടുത്തുകയാണ് ഷാം. കര്‍ണാടകയില്‍ കാന്താര, കെ.ജി.എഫ് എന്നീ പാന്‍ ഇന്ത്യന്‍ സിനിമകളുണ്ടെന്നും തെലുങ്കില്‍ പുഷ്പ സിനിമ ഇന്ത്യയിലെ റെക്കോഡ് തന്നെ അടിച്ചു തകര്‍ത്തുവെന്നുമാണ് നടന്‍ പറയുന്നത്.

മലയാള സിനിമ എപ്പോഴും ടോപ്പ് ലെവലാണെന്നും നല്ല സ്റ്റാന്‍ഡേര്‍ഡുള്ള കഥയാണെന്നും ഹീറോക്ക് പ്രാധാന്യം കൊടുക്കാതെ കഥക്ക് മാത്രം പ്രാധാന്യം കൊടുക്കുമെന്നും ഷാം പറഞ്ഞു. അതേസമയം തമിഴില്‍ ആളുകളുടെ സംസാരം കൂടുതലാകും എന്നല്ലാതെ കണ്ടന്റ് ഉണ്ടാവില്ലെന്ന് നടന്‍ കുറ്റപ്പെടുത്തി. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാം.

‘കര്‍ണാടകയില്‍ നിന്ന് കാന്താര, കെ.ജി.എഫ് എന്നീ സിനിമകളുണ്ട്. ആ സിനിമകള്‍ പാന്‍ ഇന്ത്യന്‍ സിനിമകളാണ്. തെലുങ്കില്‍ നിന്ന് പുഷ്പ എന്ന സിനിമ ഇന്ത്യയിലെ റെക്കോഡ് തന്നെ അടിച്ചു തകര്‍ത്തു. പിന്നെ ബാഹുബലിയെ കുറിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.

മലയാള സിനിമ പിന്നെ എപ്പോഴും ടോപ്പ് ലെവലാണ്. നല്ല സ്റ്റാന്‍ഡേര്‍ഡുള്ള ചിത്രങ്ങളാകും. കഥയൊക്കെ നന്നാകും. അവിടെ ഹീറോയ്ക്ക് പ്രാധാന്യം കൊടുക്കാതെ കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുക. തമിഴില്‍ ആളുകളുടെ സംസാരം കൂടുതലാകും എന്നല്ലാതെ കണ്ടന്റ് ഉണ്ടാവില്ല. ഞാന്‍ ഒരു സംവിധായകരെയും കുറിച്ച് തെറ്റായി പറയുകയല്ല.

ഇവിടെ സംസാരം വളരെ ഉറക്കെയാകും. ലോകസിനിമ എന്ന ലെവലിലാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ എന്താണ് ഇവിടെ നടക്കുന്നതെന്ന് നോക്കിയാല്‍ ഒന്നും കാണാനാവില്ല. എന്തുകൊണ്ടാകും അത്? അതില്‍ മാറ്റം സംഭവിച്ചാല്‍ നന്നാകും. തമിഴ് സിനിമയും പാന്‍ ഇന്ത്യന്‍ ആകണം.

കാരണം നമ്മളുടെ കൂടെ സൂപ്പര്‍സ്റ്റാറുണ്ട്. നമ്മളുടെ ദളപതിയുണ്ട്, നമുക്ക് തലയുണ്ട്. എന്നിട്ടും എന്തുകൊണ്ട് പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യാന്‍ പറ്റുന്നില്ല. നമുക്ക് സംസാരത്തില്‍ മാത്രമാണ് എല്ലാമുള്ളത്. മറ്റുള്ളയിടത്തൊന്നും സംസാരമില്ല, ആക്ഷന്‍ മാത്രമാണ് ഉള്ളത്. അവരൊക്കെ അടിച്ചു തൂക്കുകയാണ്.

പിന്നെ കന്നഡ ഇന്‍ഡസ്ട്രിയുടെ കാര്യവും പറയണം. ഒരു കാലത്ത് ആ ഇന്‍ഡസ്ട്രി വളരെ ചെറിയ ഒരു ഇന്‍ഡസ്ട്രിയാണ്. ഇന്ന് അവര്‍ റൂളിങ്ങിലാണ്. മലയാളം സിനിമ പിന്നെ എപ്പോഴും ഒരുപോലയാണ്. കണ്ടന്റെന്ന് പറഞ്ഞാല്‍ അത് മലയാള സിനിമയാണ്. നമ്മളുടെ നാട്ടില്‍ മാത്രമാണ് സിനിമ വീക്കായിട്ടുള്ളത്,’ ഷാം പറഞ്ഞു.

Content Highlight: Actor Shaam Talks About Malayalam And Tamil  Movie

We use cookies to give you the best possible experience. Learn more