| Saturday, 14th June 2025, 10:37 am

നസ്‌ലെനോടുള്ളത് സഹോദരനോടുള്ള അടുപ്പം; അവനെ കുറിച്ചുള്ള ചിലരുടെ ആ തോന്നല്‍ ശരിയല്ല: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവനടന്മാരില്‍ ഇന്ന് ഏറെ ശ്രദ്ധേയനാണ് നടന്‍ സന്ദീപ് പ്രദീപ്. പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ സന്ദീപ് പ്രേക്ഷകരിലേക്ക് കൂടുതല്‍ എത്തുന്നത് ഫാലിമി എന്ന ചിത്ത്രതിലൂടെയാണ്.

ഇതിന് പിന്നാലെ ആലപ്പുഴ ജിംഖാനയിലും ഒരു മികച്ച വേഷം സന്ദീപിന് ലഭിച്ചു. എന്നാല്‍ അടുത്തിടെ തിയേറ്ററിലെത്തിയ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരെ മൊത്തം ആരാധരാക്കി മാറ്റിയിരിക്കുകയാണ് സന്ദീപ്.

ഗംഭീര പ്രകടനമാണ് പടക്കളത്തില്‍ സന്ദീപ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ആദ്യപകുതിയിലും, മറ്റൊരായി മാറിയുള്ള രണ്ടാം പകുതിയിലെയുമൊക്കെ സന്ദീപിന്റെ പ്രകടനത്തിന് കയ്യടിക്കാതെ തരമില്ലെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

പടക്കളത്തിന് പിന്നാലെ മലയാള സിനിമയുടെ ഭാവിവാഗ്ദാനമായാണ് സന്ദീപിനെ പലരും അടയാളപ്പെടുത്തുന്നത്. മലയാളത്തിലെ യങ് ഹീറോയായ നസ്‌ലെനുമായുള്ള ചില താരതമ്യപ്പെടുത്തലുകളും ഇതിനിടെ വന്നിരുന്നു.

നസ്‌ലെനെ കുറിച്ചും താരവുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കാര്‍ത്തിക് അണ്‍ലീഷ്ഡ് പോഡ്കാസ്റ്റില്‍ സന്ദീപ്. നസ്‌ലെനുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് താനെന്നും തന്നെ പോലെ തന്നെ ഏറെ സ്ട്രഗിള്‍ ചെയ്ത് മലയാള സിനിമയിലേക്ക് വന്ന താരമാണ് നസ്‌ലെന്നും സന്ദീപ് പറയുന്നു.

‘നസ്‌ലെനുമായിട്ട് നല്ലൊരു ബോണ്ടാണ് എനിക്കുള്ളത്. ആലപ്പുഴ ജിംഖാനയുടെ സമയത്ത് ആദ്യത്തെ ഒരു ദിവസം ചിലപ്പോള്‍ നസ്‌ലെന്‍, ലുക്ക്മാന്‍, ഗണപതി എന്ന രീതിയൊക്കെ ഉണ്ടാകും.

രണ്ടാമത്തെ ദിവസം മുതല്‍ ‘എടാ ഒന്ന് അവിടെ വന്നിരിയെടാ ചെറുക്കാ’ എന്ന ആറ്റിറ്റിയൂഡിലാണ് എല്ലാവരും. ഭയങ്കര ബ്രദര്‍ലി ഫീലാണ് നസ്‌ലെനുമായിട്ടുള്ളത്.

അവനോട് ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. അവന്‍ എന്നെപ്പോലെ തന്നെ വളരെ ചെറിയ ക്യാരക്ടറില്‍ നിന്ന് വന്ന് വന്ന് ഇത്രയും വലിയ സ്റ്റാര്‍ഡത്തിലേക്ക് എത്തിയ ആളാണ്.

അവന്റെ കരിയറിനെ കുറിച്ചൊക്കെ ഞാന്‍ സംസാരിച്ചിരുന്നു. എന്തെങ്കിലും ടിപ്‌സോ മറ്റോ ഉണ്ടോ എന്നൊക്കെ ചോദിക്കും. കാരണം അവന്‍ കടന്നുപോയിട്ടുള്ള സാഹചര്യങ്ങളിലൂടെയായിരിക്കാം ഇപ്പോള്‍ ഞാനും കടന്നുപോകുന്നത്.

എനിക്കുണ്ടായ പല സിറ്റുവേഷനും ഓള്‍റെഡി അവനും ഉണ്ടായിട്ടുണ്ടാവാം. ഇങ്ങനെ ഒരു സിറ്റുവേഷന്‍ വന്നാല്‍ അതിനെ നീ എങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്തത് എന്നൊക്കെ ചോദിക്കുമ്പോള്‍, നീ ഇങ്ങനെയൊക്കെ പിടിച്ചോ, ഇങ്ങനെ ചെയ്താല്‍ മതിയെന്ന രീതിയില്‍ എല്ലാം ഓപ്പണ്‍ ആയി അവന്‍ പറഞ്ഞുതരും.

നമുക്ക് ടിപ്‌സും കാര്യങ്ങളും പറഞ്ഞുതരും. ഒരു ഹെല്‍പിങ് മെന്റാലിറ്റി ഉള്ള ചെറുക്കനാണ് അവന്‍. അവന്റെ കംഫര്‍ട്ട് സോണില്‍ അവന്‍ നന്നായി സംസാരിക്കുകയൊക്കെ ചെയ്യും.

അതിപ്പോള്‍ ഞാനായാലും അങ്ങനെയാണ്. ചിലര്‍ എന്നെ കൊണ്ട് ഇവന്‍ ജാഡയാണല്ലോ എന്ന് ചോദിച്ചവരുണ്ട്. ശരിക്കും ജാഡയല്ല. ഞാനിങ്ങനെയേ ഇരിക്കുള്ളൂ. ഒന്ന് ചിരിക്കെടാ എന്ന് എല്ലാവരും പറയും.

എനിക്ക് നാച്ചുറലി ചില സമയത്ത് അങ്ങനെ വരില്ല. ഞാന്‍ ആരെങ്കിലും പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയായിരിക്കും. എന്നാല്‍ അവര്‍ കരുതുന്നത് ഞാന്‍ മൈന്‍ഡ് ചെയ്യാതെ ഇരിക്കുകയാണെന്നായിരിക്കും.

അതുപോലെ നസ്‌ലെനെ പുറത്തുനിന്ന് കാണുന്നവര്‍ക്ക് ഇന്‍ട്രോവേര്‍ട്ടായി തോന്നും. എന്നാല്‍ അങ്ങനെയല്ല. കംഫര്‍ട്ട് സോണിലേക്ക് വരുന്നതിനനുസരിച്ച് അവന്‍ നല്ല കമ്പനിയാണ്,’ സന്ദീപ് പറഞ്ഞു.

Content Highlight: Actor Sandeep Pradeep about his Bond With actor Naslen

Latest Stories

We use cookies to give you the best possible experience. Learn more