സിനിമ ഇന്‍ഡസ്ട്രിയെ കുറിച്ചും പബ്ലിക് ലൈഫിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സന്ദീപ് പ്രദീപ്. വളരെയധികം ജഡ്ജ് ചെയ്യപ്പെടുന്ന ഒരു ഇന്‍ഡസ്ട്രിയാണ് സിനിമയെന്നും നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും അവിടെ മോണിറ്റര്‍ ചെയ്യപ്പെടുമെന്നും സന്ദീപ് പറയുന്നു.
ആളുകളോട് ചിരിച്ചാലും ചിരിച്ചില്ലെങ്കിലും, തോളില്‍ കയ്യിട്ടാലും തോളില്‍ കയ്യിട്ടില്ലെങ്കിലും, നടന്നാലും നടന്നില്ലെങ്കിലുമൊക്കെ പ്രശ്‌നമാകുന്ന ഒരു അവസ്ഥയുണ്ടാകാറുണ്ടെന്നും സന്ദീപ് പറയുന്നു.
ഇതുവരെ താന്‍ അത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ലെങ്കിലും അത് അനുഭവിച്ചവരെ കുറിച്ച് അറിയാമെന്നും സന്ദീപ് പറഞ്ഞു. കാര്‍ത്തിക് അണ്‍ലീഷ്ഡ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.
‘സിനിമ ഇന്‍ഡസ്ട്രിയെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ചിരിച്ചാലും ചിരിച്ചില്ലെങ്കിലും, നടന്നാലും നടന്നില്ലെങ്കിലും, ഒരാളുടെ തോളത്ത് കയ്യിട്ടാലും തോളത്ത് കയ്യിട്ടില്ലെങ്കിലും എല്ലാം ഭയങ്കരമായി ചൂഴ്ന്ന് നോക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ്.
പാവം, അവന്‍ ഇത് ചെയ്തിട്ടാണല്ലോ അവന് ഇത്രയും ബാക്ക് ഫയര്‍ കിട്ടിയത് എന്ന് കൂടെ നില്‍ക്കുന്ന നമുക്ക് മനസിലാകും. ഒരു ക്ലിപ്പുകൊണ്ടൊന്നും ആരേയും ജഡ്ജ് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം.
ആളുകളില്‍ നിന്ന് അഭിനന്ദനം കിട്ടുക എന്ന് പറയുന്നത് വലിയ കാര്യമാണ്. അത് ഒരു പക്ഷേ ചെറിയ വാക്കുകളിലായിരിക്കും. ഞാന്‍ അത് ഒരുപാട് ആഗ്രഹിച്ചതുകൊണ്ടായിരിക്കും എനിക്ക് അത് വിലപ്പെട്ടതാണ്.
ഞാന്‍ പണ്ട് ആഗ്രഹിച്ചിട്ടുണ്ട്. എന്നെ ആളുകള്‍ തിരിച്ചറിയണമെന്നും ആ സിനിമയിലെ അഭിനയം കൊള്ളാമായിരുന്നു എന്ന് പറയണമെന്നൊക്കെ.
ഇപ്പോള്‍ അത് പറയുന്ന ഓരോ ആള്‍ക്കാരും എന്നില്‍ ഭയങ്കര ഇംപാക്ട് ഉണ്ടാക്കാറുണ്ട്. ഓരോ വാക്കുകളും ഭയങ്കര ഇഷ്ടമാണ്. ഞാനത് ലൈറ്റ് ആയി എടുക്കുന്ന ആളല്ല.
എനിക്ക് എന്നെ ആള്‍ക്കാര്‍ തിരിച്ചറിയണം എന്നാണ് ആഗ്രഹം. ആള്‍ക്കാര്‍ വന്ന് സംസാരിക്കുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്.
പക്ഷേ ഈ പറയുന്ന, എല്ലാവര്‍ക്കും ഒരു ഇന്‍വിസിബിള്‍ സര്‍ക്കിള്‍ ഉണ്ട്. ഓരോ മനുഷ്യനും. അത് കടന്നുവരുമ്പോഴാണ് നമ്മള്‍ അണ്‍കംഫര്‍ട്ടബിള്‍ ആകുന്നത്.
ചിലപ്പോള്‍ ഒരു പ്രൊമോഷന് പോകുന്ന ദിവസം ആയിരിക്കും നമ്മുടെ ലൈഫില്‍ എന്തെങ്കിലും വലിയ ഒരു ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ടാകുക. ഭയങ്കര വിഷമം വന്ന മൊമെന്റ് ഉണ്ടാകും.
ഈ പ്രൊമോഷന് ഇറങ്ങുമ്പോഴായിരിക്കും പല സിറ്റുവേഷനിലൂടെ നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആ സമയം നമ്മുടെ മൈന്‍ഡ് എപ്പോഴും വേറെ തന്നെ സോണിലായിരിക്കും.
അത് ചിലപ്പോള്‍ പലരും പ്രകടിപ്പിക്കും. എനിക്ക് അങ്ങനെ അവസ്ഥ വന്നിട്ടില്ല. പക്ഷേ ഞാന്‍ കേട്ടിട്ടുണ്ട്. അത് അറിയാതെ പ്രകടിപ്പിക്കും. പിന്നീട് അത് ഭയങ്കര വലിയൊരു പ്രശ്‌നമാകും.
അതിന്റെ വീഡിയോ എല്ലാം വന്നിട്ട് സോഷ്യല്‍മീഡിയയില്‍ അത് ചര്‍ച്ചയാകും. അത് അവരെ ഒന്നുകൂടി തളര്‍ത്തും. ഇവര്‍ ആഗ്രഹിക്കുന്നത് സപ്പോര്‍ട്ടാണ്.
ഈ കാണുന്ന 10 സെക്കന്റ് ക്ലിപ്പല്ല ആ ഡെപ്ത്. അതിന്റെ പിറകില്‍ വേറെ കാര്യങ്ങള്‍ ഉണ്ടാകും. എല്ലാവരും ഒന്ന് കുറച്ച് ന്യൂട്രല്‍ ആയി കണ്ടാല്‍ നല്ലതാണ്.
എല്ലാവരും മനുഷ്യരല്ലേ. നമ്മുടെ ജോലിയല്ലേ. വിഷമങ്ങളൊക്കെ എല്ലാര്‍ക്കും ഉണ്ടാകില്ലേ. അത് മനസിലാക്കി അങ്ങോട്ടും ഇങ്ങോട്ടും പെരുമാറിയാല്‍ നല്ലതായിരിക്കും.
ആ ഒരു ബ്രിഡ്ജ് വേണമെന്ന് തോന്നുന്നുണ്ട്. കാരണം ഇവരെ വളര്‍ത്തുന്നത് ഓഡിയന്‍സാണ്. അവരെ എന്റര്‍ടൈന്‍ ചെയ്യാനാണ് നമ്മളും കഷ്ടപ്പെടുന്നത്. ഇതൊരു ഗിവ് ആന്‍ഡ് ടേക്ക് ആണല്ലോ,’ സന്ദീപ് പ്രദീപ് പറഞ്ഞഉ.
അടുത്തിടെ ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടയില്‍ നടന്‍ നസ്‌ലെന്റെ തോളില്‍ കയ്യിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഒരു ആരാധകനോട് നടന്‍ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു.
ഇതോടെ താരത്തിന്റെ ഈ പ്രവൃത്തിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി. നടന് അഹങ്കാരമാണെന്ന് ഒരുകൂട്ടര്‍ വാദിച്ചപ്പോള്‍ അനുവാദമില്ലാതെ തോളില്‍ കയ്യിടുന്നത് തെറ്റ് തന്നെയാണ് മറ്റൊരുവിഭാഗവും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നസ്‌ലെനെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിനുകളും മറ്റും ആരംഭിക്കുകയും ചെയ്തിരുന്നു.
Content Highlight: Actor Sandeep Pradeep about Actors Life and Controvercies