മൂന്നു പതിറ്റാണ്ടുകാലം മലയാളികളെ ചിരിപ്പിച്ച അതുല്യകലാകാരൻ സലിം കുമാർ വിടപറഞ്ഞിരിക്കുന്നു. ഒരു ഞെട്ടലോടെയാണ് മലയാളികൾ ആ വാർത്ത കേട്ടത്. മലയാള സിനിമക്ക് പകരം വെക്കാനാവാത്ത അനവധി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ഈ യാത്ര. അദ്ദേഹം ആടി തീർത്ത കഥാപാത്രങ്ങളെല്ലാം മലയാളികളുടെ ഞെഞ്ചിൽ ഒരു നോവായി അവശേഷിക്കുന്നു. ഹാസ്യരസങ്ങളിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ച അതേ നടൻ തന്നെയാണ് പിന്നീട് ഭാവതീവ്രമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചതും.
2003-ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ഗ്രാമഫോണിലെ ‘എന്തേ ഇന്നും വന്നീല്ല’ എന്ന ആ അനശ്വര ഗാനരംഗത്തിൽ ഒരുമിച്ച് നിന്നിരുന്ന കലാകാരന്മാരിൽ ഇനി ഒരാളും നമ്മോടൊപ്പമില്ല എന്ന യാഥാർഥ്യം അതീവ ദുഃഖത്തോടെയാണ് മലയാളികൾ ഉൾക്കൊള്ളുന്നത്. ചിത്രത്തിലെ തബല ഭാസ്കരൻ എന്ന കഥാപാത്രം മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ആ ഫ്രെയിമിൽ മലയാള സിനിമയുടെ പ്രിയതാരങ്ങളായ മുരളി, ഗീഥ സലാം, ഒടുവിൽ ഉണ്ണികൃഷ്ണൻ, എരഞ്ഞോളി മൂസ, സലിം കുമാർ എന്നിവർ ഉണ്ടായിരുന്നു.

ഗ്രാമഫോൺ .Photo: Screengrab/Youtube
വർഷങ്ങളായി അവർ ഒരോരുത്തരായി നമ്മെ വിട്ടുപോയി. ഇപ്പോൾ സലിം കുമാറിന്റെ വിയോഗത്തോടെ ആ മനോഹരമായ കലാസംഗമം ഓർമ്മകളിൽ മാത്രമായി അവശേഷിക്കുന്നു. കുറച്ചു നാളുകൾക്കു മുൻപ് സലിം കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മലയാളികളുടെ മനസ്സിൽ നോവായി അവശേഷിക്കുന്നത്. ഗ്രാമഫോണിലെ ആ ഗാനരംഗങ്ങൾ കാണാൻ തനിക്ക് സാധിക്കില്ലെന്നും, ആ ഗാനത്തിലുള്ള എല്ലാവരും നമ്മെ വിട്ടു പോയി,ഇനി താൻ മാത്രമാണ് ബാക്കിയുള്ളത് എന്ന നിറക്കണ്ണുകളോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ പ്രേക്ഷക മനസുകളിൽ വിങ്ങലായി അവശേഷിക്കുന്നു.

ഗ്രാമഫോൺ .Photo: Screengrab/Youtube
‘എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ ഒരു പാട്ടാണത്. ഒരു ദിവസം രാത്രി എന്റെ ഒരു ബന്ധു മരിച്ചതിന് ശേഷം ഞാൻ ടിവി വെച്ചപ്പോൾ ഈ പാട്ടാണ് കണ്ടത്. അത് കണ്ട് ഞാൻ ശരിക്കും വിറച്ചുപോയി. കാരണം, ആ പാട്ടിൽ ഞാൻ മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളത്. ആ സീനിൽ അഭിനയിച്ച മറ്റാരും ഇന്ന് ജീവിച്ചിരിപ്പില്ല. അപ്പോൾ അടുത്ത ഊഴം കാത്ത് ഞാൻ ഈ ലോകത്ത് ഇരിക്കുന്നത് തിരിച്ചറിഞ്ഞു. പിന്നീട് ആ പാട്ട് കേൾക്കുന്നത് ഒരു വേട്ടയാടലായി മാറി. പല തവണ ടിവിയിൽ ഈ സിനിമ വരുമ്പോൾ ഞാൻ ടിവി ഓഫ് ചെയ്തിട്ടുണ്ട്’ സലിം കുമാറിന്റെ വാക്കുകൾ
‘മായാവി’യിലെ കണ്ണൻ സ്രാങ്ക് മുതൽ ‘കല്യാണരാമനി’ലെ പ്യാരിലാൽ, ‘തിളക്ക’ത്തിൽ ഓമനക്കുട്ടൻ, ‘ചതിക്കാത്ത ചന്തു’വിലെ ഡാൻസ് മാസ്റ്റർ വിക്രം, ‘ഹാപ്പി ഹസ്ബൻഡ്‌സി’ലെ ധർമപാലൻ ‘പുലിവാൽ കല്യാണ’ത്തിലെ മണവാളൻ, ‘വൺ മാൻ ഷോ’യിലെ ഭാസ്കരൻ , ‘വെനീസിലെ വ്യാപാരി’ യിലെ കമലാസനൻ ‘മീശമാധവനി’ലെ വക്കീൽ മുകുന്ദനുണ്ണി, ‘ചട്ടമ്പിനാടി’ലെ മാക്രി ഗോപാലൻ,’കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഉസ്മാൻ തുടങ്ങി മറ്റാർക്കും പകർന്നാടാൻ കഴിയാത്ത വിധത്തിലുള്ള അനശ്വര കഥാപാതങ്ങൾ പ്രേക്ഷകമനസുകളിൽ ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ ഈ യാത്ര.
Content Highlight: Actor Salim kumar words before his death
