ജാന്‍ എ മന്‍, ചുരുളി, രോമാഞ്ചം, ആവേശം, പൊന്മാന്‍, പൈങ്കിളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ നായകനിരയിലേക്ക് നടന്നുകയറിയ താരമാണ് സജിന്‍ ഗോപു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രത്തിലെ ജീപ്പ് ഡ്രൈവറുടെ വേഷമാണ് സജിന്റെ സിനിമാകരിയറില്‍ വഴിത്തിരിവാകുന്നത്.
പിന്നീട് അതേ വര്‍ഷം തന്നെ റിലീസ് ചെയ്ത ജാന്‍ എ മന്‍ എന്ന ചിത്രത്തിലെ സജി എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു.
പിന്നീട് വന്ന രോമാഞ്ചത്തിലെ നിരൂപും ആവേശത്തിലെ അമ്പാനുമൊക്കെ വലിയ പ്രേക്ഷക സ്വീകാര്യത നേടി. എന്നാല്‍ ഇതിന് പിന്നാലെ വന്ന പൊന്മാന്‍ എന്ന ചിത്രത്തില്‍ തികച്ചും നെഗറ്റീവായ ഒരു റോളിലാണ് സജിന്‍ എത്തിയത്. മരിയാനോ എന്ന കഥാപാത്രത്തെ സിനിമ കണ്ട പ്രേക്ഷകര്‍ ഒരുപോലെ വെറുത്തു.
മരിയാനോ തന്റെ കരിയറിലെ ഏറെ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നെന്ന് പറയുകയാണ് സജിന്‍. തന്നോട് വെറുപ്പുതോന്നിയെന്ന് ആളുകള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമാണ് തോന്നിയത് എന്നായിരുന്നു സജിന്‍ ഗോപു പറഞ്ഞത്.
‘മരിയാനോ ആളുകളെ വല്ലാതെ വെറുപ്പിച്ച ഒരു കഥാപാത്രമാണ്. ഒരു ചേച്ചി എന്നെ കിട്ടിക്കഴിഞ്ഞാല്‍ വെട്ടിക്കൊല്ലുമെന്നാണ് പറഞ്ഞത്. അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കൊല്ലുമെന്ന് സിനിമ കണ്ടിറങ്ങിയ ശേഷം ഒരു വീഡിയോില്‍ പറയുന്നത് കേട്ടു.
എനിക്ക് അത് കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്. കാരണം ആ ക്യാരക്ടര്‍ വര്‍ക്കായല്ലോ. എന്റെ അമ്മ ഫസ്റ്റ് ഷോ പടം കണ്ടിരുന്നു. ഞാനിരുന്ന സീറ്റിന്റെ രണ്ട് സീറ്റ് അപ്പുറമാണ് അമ്മ ഇരുന്നത്.
പടം കഴിഞ്ഞപ്പോള്‍ നീ അടുത്തെങ്ങാന്‍ ഉണ്ടായിരുന്നെങ്കില്‍ കരണക്കുറ്റിക്ക് ഒന്ന് തന്നേനെ എന്ന് പറഞ്ഞു. അമ്മയ്ക്ക് അത് നന്നായി കണക്ടായി.
അതുപോലെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് പൊന്മാന്‍. പടം കണ്ട ശേഷം ദേഷ്യവും വെറുപ്പും തോന്നി എന്ന് ജനുവിനായി പറയുമ്പോള്‍ നമുക്ക് സന്തോഷമാണ്.
പിന്നെ അമ്പാന്റെ ഹാം ഓവര്‍ ആളുകള്‍ക്ക് പതുക്കെ മാറിവരുന്നേയുള്ളൂ. ഇപ്പോഴും അമ്പാന്‍ എന്ന് വിളിക്കുന്നവര്‍ ഉണ്ട്. എങ്കിലും അത് കേള്‍ക്കുന്നത് സന്തോഷമാണ്,’ സജിന്‍ ഗോപു പറഞ്ഞു.
Content Highlight: Actor Sajin Gopu about Ponaman Movie and his Character