| Saturday, 21st June 2025, 4:17 pm

വ്യസന സമേതത്തിലേക്ക് അനശ്വരയെ കാസ്റ്റ് ചെയ്യുമ്പോഴുള്ള വെല്ലുവിളി അതായിരുന്നു: സജി സബാന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്. വിപിന്റെ സംവിധാനത്തില്‍ എത്തിയ വ്യവസനസമേതം ബന്ധുമിത്രാദികള്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അനശ്വര രാജന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്‌, സിജു സണ്ണി, ജ്യോമോന്‍ ജ്യോതിര്‍ തുടങ്ങി ഒരുപിടി താരങ്ങളുമായെത്തിയ ചിത്രം ഇതിനോടകം തന്നെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു.

ചിത്രത്തില്‍ പ്രസന്നന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ സജി സബാനയാണ്. യക്ഷിയും ഞാനും വെള്ളരിപ്പട്ടണം, ഒരു തെക്കന്‍ തല്ലുകേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സജി. വ്യസനസമേതത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.

ചിത്രത്തെ കുറിച്ചും കാസ്റ്റിങ്ങിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സജി. വ്യസനസമേതത്തില്‍ നടി അനശ്വര രാജനേയും മല്ലിക സുകുമാരനേയും കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സജി സബാന.

‘ഞാന്‍ അനശ്വരയുടെ ആദ്യം കാണുന്ന സിനിമ ഉദാഹരണം സുജാതയാണ്. അവര്‍ ഒരു പുതിയ ആളാണെന്ന് അന്ന് തോന്നിയില്ല. എക്‌സ്പീരിയന്‍സ് ഉള്ള ആര്‍ടിസ്റ്റിനെപ്പോലെയാണ് തോന്നിയത്.

അവര്‍ ഗംഭീര ആര്‍ടിസ്റ്റാണെന്ന് അന്നേ തോന്നിയിരുന്നു. പെര്‍ഫോമന്‍സിലും റിയാക്ഷനിലും കണ്ണിലുമൊക്കെ അതറിയാം. അനശ്വര എന്ന പേര് വന്നപ്പോള്‍ തന്നെ ഞാന്‍ ഓക്കെ ആയിരുന്നു.

പിന്നെ അവരുടേത് കണ്ണൂര്‍ സ്ലാംഗ് ആണ്. അതിനെ തിരുവനന്തപുരത്തെ തോന്നക്കല്‍ എന്ന സ്ഥലത്തെ സ്ലാംഗിലേക്ക് മാറ്റണം. അത് മാത്രമായിരുന്നു നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അല്ലാതെ പെര്‍ഫോമന്‍സിനെ കുറിച്ചോ ക്യാരക്ടറിനെ കുറിച്ചോ ഒരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നില്ല. അത് ഓക്കെയാണെന്ന് ഉറപ്പായിരുന്നു

അതുപോലെ വിപിന്‍ദാസാണ് മല്ലിക ചേച്ചിയെ കൊണ്ടുവരാമെന്ന് പറയുന്നത്. ഒരു പാവം അമ്മച്ചി എന്നത് മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങളുടെ പ്ലാനില്‍ ഇത് സിനിമയാകുമ്പോള്‍ വലിയ താരങ്ങളോ ഒന്നും ഇല്ലായിരുന്നു. ചെറിയ താരങ്ങള്‍ എന്ന നിലയിലായിരുന്നു ഉദ്ദേശിച്ചത്. കഥാപാത്രങ്ങളെ കണ്ടിട്ടല്ല ഇതില്‍ ഒന്നും എഴുതിയിരിക്കുന്നത്.

എന്നാല്‍ ഓരോത്തര്‍ക്കും വ്യക്തമായ രൂപവും ഭാവവും എല്ലാം ഉണ്ടായിരുന്നു. വിപിന്‍ദാസാണ് മല്ലികാമ്മ വന്നാല്‍ നന്നാവുമെന്ന് പറയുന്നത്. കേന്ദ്രകഥാപാത്രം അവരെപ്പോലൊരാള്‍ ആകുമ്പോള്‍ കിട്ടുന്ന ഒരു സംഭവം ഉണ്ട്. അമ്മൂമ്മ-കൊച്ചുമകള്‍ സംഭവമൊക്കെ ഗംഭീരമായി വര്‍ക്കാകുമെന്ന് തോന്നി,’ സജി സബാന പറഞ്ഞു.

Content Highlight: Actor Saji Sabana about Anaswara Rajan Casting On Vysanasamedhambandhumithradhikal

We use cookies to give you the best possible experience. Learn more