അഹങ്കാരം തലയ്ക്ക് പിടിച്ചിട്ടാണ് വീട്ടിലിരിക്കേണ്ടി വന്നതെന്ന് പറഞ്ഞവരോട് ഇത്രയേ പറയാനുള്ളു; പ്രതികരണവുമായി രവീന്ദ്രന്‍
Malayalam Cinema
അഹങ്കാരം തലയ്ക്ക് പിടിച്ചിട്ടാണ് വീട്ടിലിരിക്കേണ്ടി വന്നതെന്ന് പറഞ്ഞവരോട് ഇത്രയേ പറയാനുള്ളു; പ്രതികരണവുമായി രവീന്ദ്രന്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 24th April 2026, 8:06 pm

1980ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഒരു തലൈ രാഗത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് രവീന്ദ്രന്‍. തമിഴിലെ സൂപ്പര്‍താരങ്ങളായ കമല്‍ഹാസന്‍, രജിനികാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സെക്കന്റ് ഹീറോയായി വേഷമിട്ട താരം 1980കളുടെ അവസാനത്തോടെ തമിഴിലും മലയാളത്തിലുമായി ഏറ്റവും കൂടുതല്‍ തിരക്കുള്ള അഭിനേതാക്കളിലൊരാളായിരുന്നു.

1992 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ്, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം പിന്നീട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു സിനിമയിലേക്ക് തിരിച്ചെത്തിയത്. എങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. അടുത്തിടെ പുറത്തിറങ്ങി തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സവിന്‍ സാ ചിത്രം വാഴ 2വിന്റെ ഭാഗമായിരുന്നു താരം.

രവീന്ദ്രന്‍. Photo: TOI

ചിത്രവുമായി ബന്ധപ്പെട്ട് വണ്‍ 2 ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. സെറ്റില്‍ അഹങ്കാരം തലക്ക് പിടിച്ച് താങ്കളില്ലാതെ യൊരു സിനിമയില്ല എന്ന നില വന്നതുകൊണ്ടാണ് വീട്ടിലിരിക്കേണ്ടി വന്നതെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളതെന്ന സംവിധായകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘പപ്പയുടെ സ്വന്തം അപ്പൂസെന്ന ഹിറ്റ് പടത്തിലണല്ലോ ഞാന്‍ നിര്‍ത്തിയത്. പറയുന്നവര്‍ക്ക് എന്തും പറയാമല്ലോ. പക്ഷേ ഈ പറഞ്ഞതുപോലെ എനിക്ക് ഷെഡ്യൂള്‍ കൃത്യമായി മാനേജ് ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന് പറയുന്നത് സത്യമാണ്. കാരണം അന്ന് എപ്പോഴും ഓടിനടന്ന് കൊണ്ടിരിക്കുകയാണ്. അപ്പോള്‍ എനിക്കവര്‍ വിളിക്കുന്നിടത്ത് പോകേണ്ടി വരുന്ന ഗതികേട് വന്നു. അവര്‍ പറയുന്ന സമയത്ത് പറയുന്നിടത്ത് ചെന്നില്ലെങ്കില്‍ അവര്‍ക്ക് ദേഷ്യമാകും.

ഒരിക്കല്‍ എനിക്ക് രജിനികാന്ത് അഭിനയിക്കുന്ന ചിത്രത്തിനൊപ്പം മറ്റ് രണ്ട് ചിത്രങ്ങളിലും എനിക്ക് അഭിനയിക്കേണ്ടി വന്നു. അതിനവര്‍ കണ്ടെത്തിയ വഴി, രണ്ടും വാഹിനി സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്യാമെന്നായിരുന്നു. ആദ്യം ഒരു സിനിമയില്‍ അഭിനയിച്ച ശേഷം മേക്കപ്പെല്ലാം കളഞ്ഞ് രജിനികാന്തിന്റെ ചിത്രത്തില്‍ പോയി അഭിനയിക്കും. രജിനികാന്ത് സാറിന് ഒരു ആക്ടറായത് കൊണ്ട് എന്റെ വിഷമം മനസിലായിരുന്നു,’രവീന്ദ്രന്‍ പറഞ്ഞു.

വാഴ 2. Photo: IMDB

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍, ദേവരാജ്, വിനായക് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ വാഴ 2 ഇതിനോടകം 210 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. വിപിന്‍ ദാസ് തിരക്കഥയെഴുതി നിര്‍മിച്ച ചിത്രത്തില്‍ ദേവരാജ്, ഏയ്ഞ്ചല്‍ മരിയ, അജു വര്‍ഗീസ്, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു, സുധീഷ്, ബിജുക്കുട്ടന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Actor Raveendran talks about his disappearance from cinema

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.