അന്ധനായ മനുഷ്യൻ വന്ന് സലീമേട്ടന് ആയിരം രൂപ കൊടുത്തു; മനസ്സിൽ തൊടുന്ന ഓർമ പങ്കുവെച്ച് രമേഷ് പിഷാരടി
Malayalam Cinema
അന്ധനായ മനുഷ്യൻ വന്ന് സലീമേട്ടന് ആയിരം രൂപ കൊടുത്തു; മനസ്സിൽ തൊടുന്ന ഓർമ പങ്കുവെച്ച് രമേഷ് പിഷാരടി
നന്ദന എം.സി
Saturday, 31st January 2026, 8:15 am

മിമിക്രി വേദികളിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തി, കോമഡി നടനായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. 2018-ൽ ജയറാമിനെ നായകനാക്കി പുറത്തിറങ്ങിയ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന മികവും അദ്ദേഹം തെളിയിച്ചു . ഇപ്പോളിതാ, മനുഷ്യബന്ധങ്ങളെക്കുറിച്ച് താരം പങ്കുവെച്ച ഒരു അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വൈകല്യമുള്ള മനുഷ്യർ നേരിടുന്ന മനസ്‌ തൊട്ട അനുഭവങ്ങളെക്കുറിച്ചാണ് പിഷാരടി തുറന്നുപറഞ്ഞത്. തങ്ങൾ ഇഷ്ടപ്പെടുന്നവരിൽ നിന്ന് പോലും തെറ്റിദ്ധരിക്കപ്പെടരുതെന്ന ചിന്തയിൽ ചില മനുഷ്യർ മനപൂർവം സ്വീകരിക്കുന്ന ചില തീരുമാനങ്ങൾ എത്രമാത്രം കരളലിയിക്കുന്നതാണെന്ന് അദ്ദേഹം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

രമേഷ് പിഷാരടി, Photo: Ramesh Pisharody/ facebook

‘ചില നല്ല മനുഷ്യർ ഉണ്ടല്ലോ… പരാതി ഇല്ലാത്ത ആളുകൾ’ എന്ന വാചകത്തോടെ ആരംഭിച്ച പിഷാരടിയുടെ വാക്കുകൾ, ഓരോ മലയാളിയെയും ഒന്ന് നിർത്തി ചിന്തിപ്പിക്കുന്നതും ഉള്ളിൽ നൊമ്പരം സൃഷ്ടിക്കുന്നതുമാണ്.

സലീം കുമാറിനെ കാണാനായി മലപ്പുറം ഭാഗത്തുനിന്ന് എത്തിയ കാഴ്ചപരിമിതിയുള്ള ഒരു ആരാധകന്റെ കഥയാണ് അദ്ദേഹം പങ്കുവെച്ചത്. സലീം കുമാറിന്റെ ശബ്ദവും നർമവും കേട്ടാണ് ആ ആരാധകൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടത്. സലീം കുമാറിനെ കാണാനെത്തിയപ്പോൾ, ഒപ്പം രമേഷ് പിഷാരടിയോടും അദ്ദേഹം സംസാരിച്ചു. സംസാരത്തിനിടയിൽ, എത്തിയ ഉടൻ തന്നെ ആരാധകൻ സലീം കുമാറിന് ആയിരം രൂപ ഗിഫ്റ്റായി നൽകുകയായിരുന്നു.

ആദ്യം സലീം കുമാർ അതു സ്വീകരിക്കാൻ മടിച്ചെങ്കിലും, ആരാധകന്റെ നിർബന്ധത്തെ തുടർന്ന് പണം കൈപ്പറ്റി. പിന്നീട് പോകാനൊരുങ്ങുമ്പോൾ, എന്തിനാണ് വന്ന ഉടൻ തന്നെ ഈ പണം തന്നത്? എന്ന സലീം കുമാറിന്റെ ചോദ്യത്തിന് ആരാധകൻ നൽകിയ മറുപടിയാണ് എല്ലാവരുടെയും ഹൃദയം തൊട്ടത്.

സലിം കുമാർ, രമേഷ് പിഷാരടി, Photo: Ramesh Pisharody/ facebook

‘എനിക്ക് കണ്ണ് കാണില്ലല്ലോ… ഞാൻ ആളുകളെ കാണാൻ പോകുമ്പോൾ, അവർ സഹായത്തിനായാണ് ഞാൻ വന്നതെന്ന് കരുതും. അവർ സ്നേഹത്തോടെ പൈസ തരുമ്പോൾ, എന്റെ സ്നേഹത്തിന്റെ സത്യസന്ധത അവിടെ നഷ്ടപ്പെടുന്നതുപോലെ എനിക്ക് തോന്നും. അതിനാലാണ് ആദ്യം തന്നെ ഞാൻ പണം കൊടുത്തത്. ഞാൻ സഹായത്തിനല്ല, സ്നേഹത്തിനാണ് വന്നത് എന്ന് അവർ അറിയാൻ,’ എന്നായിരുന്നു ആ മനുഷ്യന്റെ മറുപടി.

ഈ വാക്കുകൾ പറഞ്ഞപ്പോൾ, ആ മനുഷ്യന്റെ ചിന്തയും വിശാലമായ മനസും തങ്ങളെ ആഴത്തിൽ സ്പർശിച്ചുവെന്ന് രമേഷ് പിഷാരടി പറഞ്ഞു.
പിഷാരടി പലപ്പോഴും ഒരുപാട് ചിന്തിപ്പിക്കുന്നതും നർമം നിറഞ്ഞതുമായ കഥകൾ കൈയ്യിൽ നിന്നും പറയുമെങ്കിലും ഇതുപോലുള്ള യഥാർത്ഥ അനുഭവങ്ങൾ മനസിനെ തൊടുന്നവയാണെന്നതിൽ സംശയമില്ലെന്നും ആരാധകർ പറയുന്നു. തന്റെ വൈകല്യം കാരണം തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആ മനുഷ്യൻ കണ്ടെത്തിയ പ്രതിവിധി എത്രമാത്രം വ്യത്യസ്തവും ആഴമുള്ളതുമാണെന്ന് ഈ അനുഭവം ഓരോ മനുഷ്യനും വ്യക്തമാക്കി തരുന്നു.

തിരികെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കാൻ കഴിയുന്ന മനുഷ്യർ ഇന്നും നമ്മുടെ ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് രമേശ് പിഷാരടിയുടെ ഈ വാക്കുകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. സഹായത്തേക്കാൾ മേലെ, മറ്റൊരാളെ മനുഷ്യനായി കാണുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്നതാണ് ചിലർക്ക് ഏറ്റവും വലിയ ആവശ്യമെന്ന് രമേഷ് പിഷാരടി ഈ അനുഭവത്തിലൂടെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

 

Content Highlight: Actor Ramesh Pisharody talks about a fan

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.