INTERVIEW | നന്‍പകലിന് വേണ്ടി നാല് സിനിമകള്‍ വേണ്ടെന്ന് വെച്ചു | രാജേഷ് ശര്‍മ
Film Interview
INTERVIEW | നന്‍പകലിന് വേണ്ടി നാല് സിനിമകള്‍ വേണ്ടെന്ന് വെച്ചു | രാജേഷ് ശര്‍മ
അമൃത ടി. സുരേഷ്
Sunday, 29th January 2023, 6:42 pm
'എല്‍.ജെ.പി എന്ന മഹാന്‍ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. മമ്മൂട്ടിയോട് പോലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. വേളാങ്കണ്ണിയില്‍ പോയി തിരിച്ച് വരുന്ന സംഘത്തില്‍ നിന്നും ഒരാളെ കാണാതെ പോകുന്നു. തുടര്‍ന്ന് വരുന്ന സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് റിയാക്ഷന്‍ കൊടുക്കുക. അത്രയേ പറഞ്ഞുള്ളൂ. അവിടെ അഭിനേതാക്കള്‍ ഏറ്റവും നല്ല മെറ്റീരിയലുകളായിരുന്നു,' നന്‍പകല്‍ നേരത്ത് മയക്കത്തിലെ വിശേഷങ്ങള്‍ നടന്‍ രാജേഷ് ശര്‍മ ഡൂള്‍ന്യൂസിനോട് പങ്കുവെക്കുന്നു.

 മമ്മൂട്ടിയും ലിജോയും ഏതൊരു സിനിമാ ആസ്വാദകനും സിനിമയുടെ പ്രഖ്യാപനം മുതലേ വലിയ പ്രതീക്ഷയോടെ കാണുന്ന കോമ്പിനേഷനാണ്. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാമെന്ന് തീരുമാനിക്കുമ്പോഴുണ്ടായിരുന്ന പ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നു?

ഇതിന് മുമ്പ് ഒന്നുരണ്ട് പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ലിജോ എന്ന സംവിധായകന്റെ മാജിക്കിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ട് എനിക്ക് കിട്ടിയ അവസരമാണിത്. അങ്ങനെയൊരു അവസരം കൊതിച്ചിരുന്നു. ലിജോയുടെ അസോസിയേറ്റായ ടിനു പാപ്പച്ചന്റെ സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന ചിത്രത്തില്‍ ലിജോയ്‌ക്കൊപ്പം ഒരു കോമ്പിനേഷന്‍ സീനില്‍ അഭിനയിച്ചിട്ടുണ്ട്. ടിനുവിന്റെ പടം അദ്ദേഹം എന്തായാലും കണ്ടിട്ടുണ്ടാവാം.

ഞാന്‍ ഒരു നാടകപ്രവര്‍ത്തകനാണ്. ഈ ചിത്രത്തിലേക്ക് വരാന്‍ എനിക്കവിടെ ഒരു മെറിറ്റ് ഉണ്ട്. എന്നാലും ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ തന്നെ വേണമെന്നില്ലായിരുന്നു. എനിക്കായിരുന്നു ആ റോള്‍ ആവശ്യം. ഡ്രൈവറുടെ റോള്‍ വന്നപ്പോള്‍ ടിനു എന്റെ പേര് സജസ്റ്റ് ചെയ്തിട്ടുണ്ടാവും. അല്ലാതെ ലിജോയുടെ മുമ്പിലേക്ക് എന്റേ പേര് വരാനുള്ള സാധ്യതയില്ല. എന്റെ ക്യാരക്ടര്‍ ഫിക്‌സ്ഡ് ആയിട്ടില്ലെന്നും സജസ്റ്റ് ചെയ്യപ്പെട്ടിട്ടേയുള്ളൂവെന്നും ആ സെറ്റിലെ എന്റെ ചില സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞിരുന്നു.

ഞാന്‍ നന്നായി വണ്ടി ഓടിച്ചാലേ എനിക്ക് ആ കഥാപാത്രം കിട്ടുകയുള്ളൂ. മമ്മൂട്ടിക്ക് അഭിനയം പോലെ തന്നെ താല്‍പര്യമുള്ളതാണ് ഡ്രൈവിങ്. അദ്ദേഹത്തെ ഇരുത്തി വണ്ടി ഓടിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അത് ശരിയാവില്ല. അതുകൊണ്ട് ആലുവയിലെ എന്റെ ഒരു സുഹൃത്തിന്റെ ഡ്രൈവിങ് സ്‌കൂളിലെ ബസ് ഞാന്‍ എടുത്ത് ഓടിച്ചു. സിനിമയില്‍ വളരെ വേഗത്തില്‍ വണ്ടി ഓടിക്കണമെന്ന് ഉറപ്പായിരുന്നു. എയര്‍പോര്‍ട്ടിന്റെ അടുത്തുള്ള വഴിയിലൂടെയും ടൗണില്‍ കൂടിയും വളരെ വേഗത്തില്‍ വണ്ടി ഓടിക്കുന്നതിന്റെ വീഡിയോ എടുത്തു. ആ കഥാപാത്രം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. വീഡിയോ ടിനുവിന് അയച്ചുകൊടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ ടിനു തിരിച്ച് ഒരു തമ്പ്‌സ് അപ്പ് ഇട്ടു.

വഴിയിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ തന്നെയാണ് സിനിമ ഷൂട്ട് ചെയ്തത്. അതായിരുന്നു അവര്‍ക്ക് വേണ്ടത്. ഡ്യൂപ്പ് ഒന്നുമുണ്ടാകില്ലെന്ന് ടിനു നേരത്തെ തന്നെ പറഞ്ഞിരുന്നു.

സിനിമയില്‍ മീന്‍വറുത്തതിന്റെ കണക്ക് പറയുന്ന സീനും ബസില്‍ പാട്ട് ഇടുന്ന സീനും തിയേറ്ററില്‍ വലിയ ചിരിയുണ്ടാക്കിയിരുന്നു. ഷൂട്ടിനിടയില്‍ താങ്കള്‍ക്ക് മറക്കാനാവാത്ത, വളരെ ആസ്വദിച്ച ചെയ്ത ഒരു രംഗം ഏതായിരിക്കും?

എല്ലാ രംഗങ്ങളും വളരെ ആസ്വദിച്ചുതന്നെയാണ് ചെയ്യുന്നത്. ആ ഫ്രെയിം തന്നെയാണ് അതിന്റെ പ്രത്യേകത. ഞാന്‍ നാടകപ്രവര്‍ത്തകനാണ്. നാടകവണ്ടിയുടെ ഡ്രൈവര്‍ എങ്ങനെയായിരിക്കുമെന്ന് എനിക്ക് വളരെ നന്നായി അറിയാം. അയാളുടെ ക്യാബിനില്‍ വെള്ളക്കുപ്പിയും ഗ്ലാസുമുണ്ടാവും. അത് അയാളുടെ പേഴ്‌സണല്‍ സ്‌പേസ് ആണ്. അയാള്‍ ബാക്കിലിരിക്കുന്നവരോട് എങ്ങനെ സംസാരിക്കുമെന്നൊക്കെ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.

വണ്ടി നിര്‍ത്തുമ്പോള്‍ എല്ലാ ഡ്രൈവര്‍മാരും ചെയ്യുന്നതാണ് മൂത്രം ഒഴിക്കാന്‍ പോകുന്നത്. ഞാന്‍ മൂത്രമൊഴിക്കാന്‍ പോകട്ടെ എന്ന് പറഞ്ഞു. അങ്ങനെ ചെയ്‌തോളാന്‍ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ ഇറങ്ങി പോകുന്നു എന്ന സാഹചര്യമാണ് ഞങ്ങളോട് പറഞ്ഞത്. അല്ലാതെ സാധാരണ സിനിമയില്‍ ചെയ്യുന്നതുപോലെ സീനൊന്നും എക്‌സ്‌പ്ലെയ്ന്‍ ചെയ്തുതന്നിരുന്നില്ല. ചിലപ്പോള്‍ ആ രീതിയിലായിരിക്കില്ല അദ്ദേഹം അടുത്ത പടത്തില്‍ ചെയ്യുന്നത്.

ചിത്രത്തെ പറ്റി പല വ്യാഖാനങ്ങള്‍ വരുന്നുണ്ട്. ചോളപാടത്ത് ബസ് നിര്‍ത്തി ജെയിംസ് സ്വപ്നം കാണുന്നതാണെന്നും സുന്ദരം ജെയിംസ് ആയി മാറിയിട്ടില്ല, വേറെ വഴിയില്ലാതെ മലയാളി സംഘത്തിനൊപ്പം തന്നെ പോയതാണെന്നുമൊക്കെ പല വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. ഷൂട്ടിന്റെ സമയത്തോ കഥ പറഞ്ഞപ്പോഴോ എല്‍.ജെ.പി ഏതെങ്കിലും സാധ്യത പറഞ്ഞിരുന്നോ? സംവിധായകന്റെ ആഖ്യാനം എങ്ങനെയായിരുന്നു?

എല്‍.ജെ.പി എന്ന മഹാന്‍ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. മമ്മൂട്ടിയോട് പോലും പറഞ്ഞിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. വേളാങ്കണ്ണിയില്‍ പോയി തിരിച്ച് വരുന്ന സംഘത്തില്‍ നിന്നും ഒരാളെ കാണാതെ പോകുന്നു. തുടര്‍ന്ന് വരുന്ന സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് റിയാക്ഷന്‍ കൊടുക്കുക. അത്രയേ പറഞ്ഞുള്ളൂ. അവിടെ അഭിനേതാക്കള്‍ ഏറ്റവും നല്ല മെറ്റീരിയലുകളായിരുന്നു. ചലിക്കുന്ന പ്രോപ്പര്‍ട്ടീസ് എന്ന് വേണമെങ്കില്‍ പറയാന്‍ പറ്റും.

പിന്നെ അത്യാവശ്യം ഇമ്പ്രൊവൈസേഷന്‍ കൊടുക്കുക. സാധാരണ നാടകത്തില്‍ ആളുകള്‍ പറയുന്ന ചില വാക്കുകള്‍ ഉപയോഗിച്ചോട്ടെ എന്ന് ഹരീഷിനോട് ഞാന്‍ ചോദിച്ചിരുന്നു. തട്ട്, ക്യാമ്പ് എന്നൊക്കെ പറയുന്ന വാക്കുകള്‍. അതിന് എനിക്ക് അനുവാദം തന്നിരുന്നു. മറ്റാരെങ്കിലുമൊക്കെ അങ്ങനെ പോയി ചോദിച്ചോ എന്നെനിക്ക് അറിയില്ല.

പല വാക്കുകള്‍ ചേര്‍ന്ന് ഒരു ആശയത്തെ പ്രസവിക്കുന്നതാണ് ഒരു കവിത. അത് ഇന്ന രീതിയിലെ വായിക്കാന്‍ പാടുള്ളൂ എന്ന് കവിക്ക് പറയാന്‍ പറ്റില്ല. വായിക്കുന്ന ആളിനെ അനുസരിച്ച് ഇരിക്കും അതിലെ ആശയം. ഒരു വിഷയത്തെ പല തരത്തില്‍ വായിക്കപ്പെടുമ്പോഴാണ് അത് കവിത ആവുന്നത്. അങ്ങനെയൊരു കവിതയായി എന്നതാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന് സംഭവിച്ചത്.

പിന്നെ ജെയിംസ് ഒരു നാടകക്കാരനാണ്. ചോളപാടത്തിനപ്പുറത്ത് ഒരു കഥയുണ്ടെന്ന് വേണമെങ്കില്‍ അയാള്‍ക്ക് ഓര്‍ക്കാം. കഥാപാത്രത്തിന്റെ വേഷമഴിച്ച് വെക്കുന്ന ഒരു രീതിയുണ്ട്. ജെയിസിന്റെ വേഷമഴിച്ച് വെച്ച് സുന്ദരമാവുകയും സുന്ദരത്തിന്റെ വേഷമഴിച്ച് ജെയിംസാവുകയും ചെയ്യുന്ന രസകരമായ കൊടുക്കല്‍ വാങ്ങലുണ്ട്. അതുവരെ പല നിലപാടുകളില്‍ നമുക്ക് വരാമെങ്കിലും ആ നിലപാടുകളെയെല്ലാം തകിടം മറിക്കുന്ന ഒരു മാജിക്കല്‍ റിയലിസം ക്ലൈമാക്‌സില്‍ നടക്കുന്നുണ്ട്.

ചിത്രത്തില്‍ വലിയ ചര്‍ച്ചയായ ഷോട്ടായിരുന്നു സുന്ദരം താന്‍ ഈ നാട്ടുകാരനാണ് എന്ന് വാദിക്കുന്ന രംഗം. തിയേറ്ററില്‍ ആ രംഗം കണ്ടത് മികച്ച ഒരു അനുഭവമായിരുന്നു. അത് നേരിട്ട് കാണുമ്പോള്‍ എങ്ങനെയായിരുന്നു? ഇതേ രംഗം തിയേറ്ററില്‍ കണ്ടപ്പോള്‍ എന്താണ് വ്യത്യാസം തോന്നിയത്?

ഒരു ആക്ടര്‍ അഭിനയത്തിന്റെ തുടര്‍ച്ച അനുഭവിക്കുന്നത് സിങ്കിളായ ഷോട്ടിലാണ്. ആ പെര്‍ഫോമന്‍സിന്റെ റിസള്‍ട്ട് സെറ്റില്‍ തന്നെയുണ്ടായി. അവിടെ കൂടിനിക്കുന്നവര്‍ അത് കഴിഞ്ഞപ്പോള്‍ കയ്യടിച്ചു. ആ കയ്യടിയുടെ തുടര്‍ച്ചയാണ് തിയേറ്ററിലും സംഭവിച്ചത്. അത് കണ്ട് അനുഭവിച്ച് കാര്യമാണ്. ആ സീനില്‍ ഒന്നോ രണ്ടോ ആങ്കിളുകളേ ഉപയോഗിച്ചിട്ടുള്ളൂ. ആ മൂന്ന് ഷോട്ടില്‍ പെര്‍ഫോമന്‍സ് ഉണ്ടായിരുന്നു. ആ ഡയലോഗുകളെല്ലാം മമ്മൂക്ക ബൈഹാര്‍ട്ടാക്കി തന്നെയാണ് പറഞ്ഞത്. എട്ട് മണിക്കും ഒമ്പത് മണിക്കുമിടയിലാണ് ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. രണ്ട് ദിവസം കൊണ്ടാണ് എടുത്തത്.

ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ വരുന്നത് മുഴുവന്‍ പഴയ തമിഴ് ഗാനങ്ങളും ഡയലോഗുകളുമായിരുന്നു. കൃത്യമായി ഈ പാട്ടുകളും ഡയലോഗുകളും ചേര്‍ത്ത് വെക്കുന്നത് വലിയ പ്രോസസാണല്ലോ. സെറ്റിലുണ്ടായിരുന്ന സമയത്ത് ഇത് സംബന്ധിച്ച് ചര്‍ച്ച ഉണ്ടായിരുന്നോ? അതിലേക്ക് താങ്കളുടെ എന്തെങ്കിലും സംഭാവന ഉണ്ടായിരുന്നോ?

അത്തരത്തിലുള്ള ചര്‍ച്ചകളൊന്നും അപ്പോള്‍ നടന്നിട്ടില്ല. അതിനെ പറ്റിയൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. എഡിറ്റിന്റെ സമയത്ത് ഉണ്ടായ പ്ലാനിങ്ങാവാം തമിഴ് പാട്ടുകള്‍ ഉപയോഗിക്കാമെന്നുള്ളത്. തിയേറ്ററിലാണ് ഫൈനല്‍ കട്ട് ഞാന്‍ കാണുന്നത്. 19ന് റിലീസ് ചെയ്ത സിനിമ 21നാണ് കാണുന്നത്. ഏറ്റവും മുമ്പില്‍ മൂന്നാമത്തെ റോയിലിരുന്നാണ് സിനിമ കാണുന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലെന്നുള്ളത് സോഷ്യല്‍ മീഡിയയില്‍ വന്ന കുറിപ്പുകളില്‍ കണ്ടിരുന്നു. അതിന് പിന്നില്‍ വലിയ ഹോംവര്‍ക്ക് ഉണ്ടെന്നുള്ളത് ഉറപ്പാണ്.

താങ്കള്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റാണ്. സിനിമയിലും നാടകത്തിന്റെ എലമെന്റുകള്‍ വരുന്നുണ്ട്. തന്നെയുമല്ല ക്യാമറ സ്റ്റാന്‍ഡ് സ്റ്റില്ലാണ്. ആര്‍ട്ടിസ്റ്റുകളുടെ ചലനം മാത്രമാണ് കാണുന്നത്. തിയേറ്ററിലിരിക്കുമ്പോള്‍ ഒരു നാടകം കാണുന്ന ഫീലും കിട്ടുന്നുണ്ട്. ആ ബ്ലെന്‍ഡിങ് എക്സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു?

അഭിനയത്തിന്റെ തുടര്‍ച്ച എന്ന് പറയുന്ന കാര്യമുണ്ട്. അത് ഏറ്റവും മനോഹരമായി ചെയ്യാന്‍ പറ്റുന്നത് സ്റ്റാന്‍ഡ് സ്റ്റില്‍ ഫ്രെയിമുകളിലാണ്. ആ കഥാപാത്രത്തിന്റെ ഇമോഷന്‍, കണ്ടിന്യുവിറ്റി അതിന്റെ എന്‍ഡിങ് ഇതൊക്കെ ചെയ്യാന്‍ പറ്റും. ചെയ്യുന്നതില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുകയാണെങ്കില്‍ ഡയറക്ഷന്‍ ടീമിന്റെ ഭാഗത്ത് നിന്നും പറഞ്ഞുതരും. ഒന്നോ രണ്ടോ റിഹേഴ്‌സല്‍ കഴിഞ്ഞാണ് ഷൂട്ട് ചെയ്തിരുന്നത്. ഏറ്റവും മനോഹരമായ ഷോട്ടുകളായിരുന്നു അതില്‍ കൊണ്ടുവന്നത്. ഒരു സീനില്‍ ഞാന്‍ വന്ന് അവിടെ കിടക്കാമെന്ന് പറഞ്ഞു. കാരണം ഡ്രൈവര്‍മാര്‍ക്ക് കിടക്കുന്ന സ്വഭാവമുണ്ട്. അപ്പോള്‍ അത് വേണ്ട, ഇവിടെ നടക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് എല്‍.ജെ.പി പറഞ്ഞു. ആക്ടേഴ്‌സിന് എല്ലാ രീതിയിലുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

ആ സമയത്ത് നാല് സിനിമ ഞാന്‍ കളഞ്ഞു. ഈ ഗ്രൂപ്പിലെ ഒരാള്‍ പോലും പോകരുത്. എപ്പോഴും അവൈലബിളായിരിക്കുന്ന അവസ്ഥയായിരിക്കണം. മുപ്പത് ദിവസമാണ് ഡേറ്റ് പറഞ്ഞത്. ഈ മുപ്പത് ദിവസവും അവിടെ ഉണ്ടാവണം. ഇതിനിടക്ക് പതിനഞ്ചോളം ദിവസം ഞങ്ങള്‍ വെറുതെ റൂമിലിരിക്കുകയായിരുന്നു. തമിഴ് ആര്‍ട്ടിസ്റ്റുകള്‍ക്കും മുപ്പത് ദിവസം തന്നെയാണ് പറഞ്ഞത്. വേറെ ദിവസങ്ങളൊന്നും അഡ്ജസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പിച്ചു. ഇതിനിടക്ക് വര്‍ക്ക് ചെയ്യാം ഡബ്ബ് ചെയ്യാമെന്നൊക്കെ വിചാരിച്ച് വളരെ രഹസ്യമായി പോകുന്ന കാര്യം ചോദിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. വേറെ സിനിമ ചെയ്യാന്‍ പോലും പറ്റില്ല. വേറൊന്നും കൊണ്ടല്ല, സംവിധായകന്റെ ആവശ്യമനുസരിച്ച് ആക്ടറെ അവിടെ കിട്ടണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

മുപ്പത് ദിവസവും സെറ്റില്‍ തന്നെയായിരുന്നു. ഇതുവരെ കാണാത്ത ഒരു സൗഹൃദം അവിടെ കാണാന്‍ സാധിച്ചു. ഇതുവരെ കാണാത്ത ഒരു മമ്മൂക്കയെ അവിടെ കണ്ടു. അദ്ദേഹം മുഴുവന്‍ സമയം കാരവാനില്‍ പോയിരിക്കുന്ന അവസ്ഥ ഒന്നുമില്ല. ഞങ്ങളുടെ കൂടെ തന്നെ നില്‍ക്കുകയും ഇരിക്കുകയും എന്തെങ്കിലും കൊണ്ടുവന്നാല്‍ ഞങ്ങള്‍ക്ക് തരുകയും ചെയ്തു. ഞങ്ങളോട് തമാശ പറയുകയും അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സ് പറയുകയും ഒരു കൊച്ചുകുട്ടിയെ പോലെ അവിടെ ഇരുന്ന് കേള്‍ക്കുകയും ചെയ്തു. മാത്രമല്ല, എല്ലാവരും അവരവരുടേതായ അഭിപ്രായങ്ങള്‍ അദ്ദേഹത്തോട് പറയുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടി വെറും തറയില്‍ ഉറങ്ങുന്ന ചിത്രം വൈറലായിരുന്നു. അത് ശരിക്കും ഉറങ്ങുന്നത് തന്നെയായിരുന്നോ, അതോ ഷൂട്ടിനിടക്ക് എടുത്തതാണോ?

ശരിക്കും ഉറങ്ങുന്നതാണ്. അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. പിന്നെ ആ ഗ്രാമത്തില്‍ നിന്നും ഓടിയിരച്ച് വന്ന് അദ്ദേഹത്തെ കാണാന്‍ ആരുമില്ല. അദ്ദേഹത്തിന്റെ സ്‌പേസ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വീതിച്ച് തന്നിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം സിനിമയുടെ ഒരു ലൈബ്രറിയാണെന്ന് മനസിലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലന്‍ ചേട്ടന്റെ ( ബാലന്‍ പാറക്കല്‍) നാടകം കാണാന്‍ മമ്മൂക്ക പോയതും പിന്നീട് ബാലന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ സെറ്റില്‍ വന്നതിന്റെയും ഡീറ്റെയ്ല്‍സ് വരെ പറഞ്ഞു. അത്രയും മെമ്മറിയുള്ള ആക്ടിങ് ലെജന്‍ഡാണ്. അദ്ദേഹത്തിലെ മനുഷ്യനേയും മനുഷ്യത്വത്തേയും നിലപാടുകളേയും അടുത്ത് നിന്ന് കേള്‍ക്കാന്‍ പറ്റി. സാധാരണക്കാരോട് സംസാരിക്കുന്ന രീതി തന്നെയാണ്. അങ്ങനെയൊരു മമ്മൂക്കയെ അടുത്ത് അനുഭവിച്ചു.

ഐ.എഫ്.എഫ്.കെയില്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായപ്പോള്‍ മമ്മൂട്ടിയുടെ സിനിമ തിയേറ്ററില്‍ വരും, അപ്പോള്‍ എത്ര പേര് കാണാന്‍ വരുമെന്ന് കാണണം എന്നാണ് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത്. ഫെസ്റ്റിവല്‍ സ്റ്റഫ് എന്ന പേരില്‍ വരുന്ന സിനിമകള്‍ സാധാരണ ഫെസ്റ്റിവലുകളില്‍ വലിയ കാഴ്ചക്കാരുണ്ടാവുകയും തിയേറ്ററില്‍ ആളില്ലാത്ത പ്രവണത ഉണ്ടാവുകയും ചെയ്യാറുണ്ട്. പക്ഷേ നന്‍പകലില്‍ ആ പതിവ് തെറ്റുകയായിരുന്നു. തിയേറ്ററില്‍ വലിയ കാഴ്ചക്കാരാണ് ചിത്രത്തിന് ലഭിച്ചത്. തിയേറ്റര്‍ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ എന്തുതോന്നി?

രഞ്ജിത്ത് പറഞ്ഞത് വളരെ സത്യസന്ധമായിട്ടുള്ള ഒരു കാര്യമാണ്. നമ്മള്‍ എടുക്കുന്ന എഫേര്‍ട്ടിന്റെ ഫലം പലപ്പോഴും തിയേറ്ററിലേക്ക് സിനിമ വരുമ്പോള്‍ ഉണ്ടാവാറില്ല. അങ്ങനെയുള്ള നൂറ് കണക്കിന് സിനിമകള്‍ ഉദാഹണമായി പറയാന്‍ പറ്റും. ആ പരിചയത്തിന്റെ പുറത്ത് രഞ്ജിത്ത് പറഞ്ഞതാണ്. അദ്ദേഹത്തിന് എന്നല്ല, എല്ലാവര്‍ക്കും അറിയുന്ന കാര്യമാണത്.

ഐ.എഫ്.എഫ്.കെയില്‍ വന്നവര്‍ സിനിമ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. പിന്നെ എല്‍.ജെ.പി എന്ന് പറയുന്ന ഒരു ബ്രാന്റ്, മമ്മൂക്ക എന്ന ബ്രാന്റ് ഇത് രണ്ടുമാണ്
സിനിമ വിജയിക്കുന്നതിലുള്ള പ്രധാന ഘടകം. സിനിമയെക്കുറിച്ച് ഹൈപ്പ് വന്ന സമയത്ത് തന്നെ ആളുകള്‍ സൈന്‍ അപ്പ് ചെയ്തിരുന്നു. ഒരുപാട് ആളുകള്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് പറഞ്ഞ് ടിക്കറ്റ് അയച്ച് തന്നിരുന്നു. എടുക്കുന്ന എഫേര്‍ട്ടിന്റെ റിസള്‍ട്ട് ഏറ്റവും മനോഹരമായി അനുഭവിക്കുന്ന വ്യക്തികളായി മാറി ഞങ്ങളെല്ലാവരും.

ഇങ്ങനെ ഒരു മാജിക്കിന്റെ ഭാഗമാവാനായി. അത് ഇത്ര വലിയ സക്‌സസ് ആവുകയും ചെയ്തു. കൊവിഡ് ലോക്ഡൗണില്‍ ഒ.ടി.ടി പ്ലാറ്റ്ഫോം വ്യാപകമായപ്പോള്‍ വ്യത്യസ്തമായ സിനിമകളെ എക്സ്പീരിയന്‍സ് ചെയ്യാന്‍ പ്രേക്ഷകര്‍ക്കായി. അവര്‍ വേറൊരു തരത്തില്‍ സിനിമയെ കാണുന്നുണ്ട്. മാസ് സിനിമയെ അങ്ങനെയും കുറച്ച് സീരിയസ് ആയതിനെ സീരിയസ് ആയും കാണുന്നുണ്ട്. പല മാജിക്കുകളേയും അവര്‍ അന്വേഷിച്ച് കണ്ടെത്തി കാണുന്നുണ്ട്.

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. എന്നാല്‍ സിനിമാ ലോകത്ത് നിന്നും വളരെ വിരളമായ പിന്തുണയാണ് സമരം ചെയ്ത കുട്ടികള്‍ ലഭിച്ചത്. ഈ കാലഘട്ടത്തിലും സിനിമ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനത്തിന്റെ പേരില്‍ കുട്ടികള്‍ സമരം ചെയ്യേണ്ടി വരുന്നതിനെ എങ്ങനെയാണ് നോക്കികാണുന്നത്?

ഞാന്‍ ആ കുട്ടികളുടെ ഒപ്പമാണ്. ഡയറക്ടര്‍ രാജി വെച്ചു പോയി എന്നു പറയുമ്പോഴും ആ വിഷയം പരിഹരിക്കപ്പെടുന്നില്ല. അവിടെ ആ വിഷയം, വിഷയമായി തന്നെ നില്‍ക്കുകയാണ്. ജാതി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് അതിന്റെ പ്രകടമായ മുഖം പ്രദര്‍ശിപ്പിച്ചുകൊണ്ടല്ല. അത് വളരെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്യമാണ്. കാഴ്ച്ചയില്‍ ജാതി ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല. മനുഷ്യനുള്ള കാലം വരെക്കും ജാതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.

നമ്മുടെ മഹാനായ ചലച്ചിത്ര സംവിധായകന്റെ ഉള്ളില്‍ നിന്ന് തന്നെ പല തവണ വളരെ വേദനയോട് കൂടി അത് കേട്ടിരുന്നു. ഫിലിം ഫെസ്റ്റിവലിലെ വിവാദത്തിലും ഏറെ ബഹുമാനിക്കുന്ന രഞ്ജിത്തിന്റെ ഉള്ളില്‍ നിന്നും കേട്ടിരുന്നു. ജനിച്ച് വീഴുന്ന കാലം മുതല്‍ ജാതി പല രീതിയില്‍ പ്രവര്‍ത്തിച്ച്, സംസാരത്തിന്റ ഒക്കെ ഭാഗമായി നില്‍ക്കുന്ന ഒരു കാര്യമാണ്.

എന്തായാലും ആ കുട്ടികളുടെ പ്രശ്നം ഇപ്പോഴും അവസാനിക്കുന്നില്ല. അത് എന്റെ പ്രശ്നമാണ് എന്ന് ഞാന്‍ വിചാരിക്കുമ്പോഴാണ് ഞാന്‍ അതിന്റെ ഭാഗമാകുന്നത്. സമൂഹത്തിന്റെ പ്രശ്നമാണ് അത്. എന്നാല്‍ ഇപ്പോഴും അത് അവരുടെ പ്രശ്നമായിട്ടാണ് നില്‍ക്കുന്നത്. ഇതെന്റെ പ്രശ്‌നമാണ് എന്ന് പറഞ്ഞാണ് രാജീവ് രവിയെ പോലെയുള്ള ആളുകള്‍ അങ്ങോട്ട് പോയത്. ഇത് പ്രശ്നമാണെന്ന് ഞാന്‍ കൂടി വോട്ട് ചെയ്ത് സര്‍ക്കാരിന് തോന്നുന്നില്ല. അതാണ് അവിടെ പരിഹരിക്കപ്പെടാത്തത്. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണ് ഞാന്‍ എന്റെ ഗവണ്‍മെന്റിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ആ കുട്ടികളെ പരിഗണിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ജാതി എന്നു പറയുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജതി ഇല്ലാതാക്കാന്‍ ഒരാള്‍ക്കും പറ്റില്ല. ജാതി പല രീതിയില്‍ പ്രവര്‍ത്തിക്കും. നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചും പിടിച്ചും വാങ്ങിയാണ് ഇത്രയും പുരോഗമന സമൂഹമായത്. നീതി, പരിഗണന എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഒരു ഭരണാധികാരി തന്റെ മുന്‍പില്‍ വന്ന് നില്‍ക്കുന്ന ഒരു പൗരനെ പ്രജയായി കാണുന്നത് പ്രശ്നമാണ്. ഒരു ജനാധിപത്യ രാജ്യത്ത് മുന്നില്‍ വന്ന് നില്‍ക്കുന്ന ആളുടെ ജാതിയോ മതമോ അന്വേഷിക്കുന്നതും ഒരു പൗരനെ രണ്ടാം തരമായി കാണുന്നതും ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഭീകരതയാണ്.

താങ്കളുടെ കരിയറിന്റെ ഒരു വശത്ത് നോക്കുമ്പോള്‍ രാജീവ് രവി, മാര്‍ട്ടിന്‍ പ്രകാട്ട്, റോഷന്‍ ആന്‍ഡ്രൂസ് മുതലായ എസ്ടാബ്ലിഷ്ടായ സംവിധായകര്‍ക്കൊപ്പമുള്ള വര്‍ക്കുണ്ട്. അതേസമയം തന്നെ വിപിന്‍ അറ്റ്‌ലിക്കൊപ്പം ഹോംലി മീല്‍സ് ഗണേഷ് രാജിനൊപ്പം ആനന്ദം പോലെ പുതിയ കാലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളുടെയും ഭാഗമാണ്. ഇതുവരെയുള്ള ഫിലിം കരിയര്‍ നോക്കുമ്പോള്‍ ഈ ഫിലിം മേക്കേഴ്‌സിനൊപ്പമുള്ള അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?

ഒരോരുത്തരും വളരെ വ്യത്യസ്തമായി സിനിമ എക്സ്പീരിയന്‍സ് ചെയ്യുന്നവരും ആക്ടേഴ്സിനെ മാനേജ് ചെയ്യുന്നവരുമാണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ടറിനേയും ക്രിയേറ്റര്‍ എന്ന ഒരു രീതിയിലേക്ക് ഉപയോഗിക്കുന്നുണ്ട്. ചില ഡയറക്ടേഴ്സ് ഇതാണ് നമ്മുടെ പ്ലാന്‍, ഇതിനപ്പുറത്തേക്ക് വേണ്ട എന്ന് പറയും. നിങ്ങളുടെ ഒരു ക്രിയേറ്റിവ് സ്പേസ് ഞങ്ങള്‍ക്ക് വേണ്ട, നിങ്ങള്‍ ഒരു ആക്ടറും മെറ്റീരിയലുമായിട്ട് മതി എന്ന് തീരുമാനിക്കുന്ന ചില സിനിമകളുമുണ്ട്.

ഓരോ സിനിമകളിലും നമുക്ക് കിട്ടുന്ന ഫ്രീഡം വ്യത്യസ്തമാണ്. ചിലയിടത്ത് തുറന്ന് വിട്ടിട്ട് ഇഷ്ടമുള്ളത് ചെയ്തോ എന്ന് പറയും. വേറെ ചിലയിടത്ത് നമ്മള്‍ സജഷന്‍ പറഞ്ഞ് ഞാന്‍ ഇങ്ങനെ ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോള്‍ തന്നെ അത് വേണ്ടെന്ന് പറയുന്നവരുണ്ട്. എന്തായാലും ഞാന്‍ എവിടെ ആയാലും എന്റെ മനസിലുള്ളത് എത്ര വലിയ ഡയറക്ടറോടാണെങ്കിലും ചോദിക്കാറുണ്ട്. ചിലപ്പോള്‍ അത് ചെയ്തതിനു ശേഷം വേണ്ട എന്നും. തീരുമാനം സംവിധായകന്റേതാണ്. സിനിമയും എപ്പോഴും സംവിധായകന്റേതാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടായ്മയാണ് സിനിമ എന്ന രീതിയുള്ള സംവിധായകരുമുണ്ട്. ഉദാഹരണത്തിന് വിപിന്‍ ആറ്റ്ലി ചെയ്യുമ്പോള്‍ കൂട്ടായ്മയുടെ ഒരു സ്വഭാവം വരുന്നുണ്ട്.

മമ്മൂട്ടിക്കൊപ്പം നന്‍പകല്‍ കഴിഞ്ഞു, ഇപ്പോള്‍ ദുല്‍ഖറിനൊപ്പം കിങ് ഓഫ് കൊത്തയില്‍. പ്രേക്ഷകര്‍ക്ക് സിനിമയുടെ മേല്‍ വലിയ പ്രതീക്ഷകളാണ്.
ദുല്‍ഖറിനൊപ്പം രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തെ പറ്റി എന്തെങ്കിലും പറയാനാവുമോ?

അതൊരു മാസ് ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ്. അതിന്റെ മേക്കിങ്ങ് തന്നെ വളരെ വ്യത്യസ്തമാണ്, ജോഷി സാറിന്റെ മകനാണല്ലോ. കൊത്ത എന്ന സിനിമയില്‍ ഒരു സാന്നിധ്യമാണ് എന്ന് മാത്രമേ എന്റെ കഥാപാത്രത്തെ കുറിച്ച് പറയാന്‍ കഴിയു.

പുതിയ പ്രോജക്ടുകള്‍?

ടിനു പാപ്പച്ചന്റെ ചാവേര്‍ എന്ന സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. ഇറങ്ങാനിരിക്കുന്ന എങ്കിലും ചന്ദ്രികേ, മമ്മൂക്ക ചിത്രം ക്രിസ്റ്റഫര്‍, പുള്ളി, എന്താടാ സജി തുടങ്ങി കുറച്ചധികം ചിത്രങ്ങളുണ്ട്.

Content Highlight: actor rajesh sharma interview

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.