കഴിഞ്ഞ മൂന്ന് പതിറ്റാണ്ടാലിധകമായി മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത അഭിനേതാവാണ് ബൈജു ഏഴുപുന്ന. 1991ല്‍ പുറത്തിറങ്ങിയ ഇരിക്കൂ, എം.ഡി അകത്തുണ്ട് എന്ന ചിത്രത്തിലൂടെയാണ് ബൈജു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒട്ടനവധി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ താരം പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്നു.
മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ട ബൈജു ആദ്യമായി സംവിധാനം ചെയ്ത് ചിത്രമാണ് സുരേഷ് ഗോപി നായകനായി 2001ല്‍ പുറത്തിറങ്ങിയ സുന്ദരപുരുഷന്‍. ഉദയകൃഷ്ണ-സിബി കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷ്, ദേവയാനി, നന്ദിനി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രം നിര്‍മിച്ചതിനെ കുറിച്ചും ചിത്രത്തില്‍ സുരേഷ് ഗോപി നായകനായതിനെ കുറിച്ചും ബൈജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ബിസിനസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഒരു നൂറ് സിനിമയോളം അഭിനയിച്ചതിന് ശേഷമാണ് ഞാന്‍ ആദ്യമായി ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. സുന്ദരപുരുഷന് മുമ്പ് ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ആ സിനിമ നിര്‍മിക്കാനുള്ള പ്രധാന കാരണം സുരേഷ് ഗോപി ആണ് അഭിനയിക്കുന്നത് എന്നുള്ളതായിരുന്നു. തെങ്കാശിപട്ടണത്തിന് ശേഷം അദ്ദേഹം അഭിനയിക്കുന്ന ചിത്രമാണ്. ഉദയന്‍-സിബി-ജോസ് തോമസ് കൂട്ടുകെട്ടാണ്. അതിന് മുമ്പ് അവരുടെ ഉദയപുരം കൊട്ടാരം എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് അവര്‍ ഇങ്ങനെയൊരു പ്രൊജക്ടുണ്ടെന്ന് പറയുന്നത്. സബ്‌ജെക്ട് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷേ സുരേഷ് ഗോപി എങ്ങനെ ഹ്യൂമര്‍ ചെയ്യും എന്നുള്ളത് വലിയ വെല്ലുവിളിയായിരുന്നു.
സിനിമയുടെ പ്രധാന ചര്‍ച്ചയും അതായിരുന്നു. കാരണം സുരേഷ് ഗോപി ആദ്യമായിട്ടാണ് അത്തരത്തിലൊരു റോളില്‍ നിന്നും മാറി അങ്ങനെയൊരു ഹാസ്യം നിറഞ്ഞ കഥാപാത്രം ചെയ്യുന്നത്. ജയറാമോ മോഹന്‍ലാലോ ചെയ്തിരുന്നെങ്കില്‍ അല്പം കൂടെ നന്നായേനെ എന്ന് പലരും അന്ന് പറഞ്ഞിരുന്നു. പക്ഷേ ചിത്രം നൂറ് ദിവസത്തോളം ഓടിയിരുന്നു. എന്നാല്‍ അന്ന് അറുപത്തിയഞ്ച് ദിവസത്തോളമാണ് ചിത്രത്തിന്റെ ഷൂട്ട് ചെയ്തത്. അങ്ങനെ പറഞ്ഞ ബഡ്ജറ്റില്‍ നിന്നും 20 ലക്ഷത്തോളം കൂടുതലായി. ഊട്ടിയിലായിരുന്നു ഭൂരിഭാഗവും ഷൂട്ട്. പിന്നെ എറണാകുളത്തുമായിരുന്നു.
ഞങ്ങള്‍ ഉദ്ദേശിച്ചതിനെക്കാളും ഏകദേശം 20 ലക്ഷത്തെക്കാള്‍ സിനിമയുടെ ബഡ്ജറ്റ് കയറി. പക്ഷേ കുഴപ്പമില്ലാതെ ഒരു ബ്രേക്ക് ഇവനായി പോയ സിനിമയായിരുന്നു സുന്ദരപുരുഷന്‍,’ ബൈജു ഏഴുപുന്ന പറഞ്ഞു.
Content Highlight: Actor Producer Baiju Ezhupunna talks about Suresh Gopi’s Sundara Purushan Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.