| Wednesday, 9th April 2025, 11:13 am

അന്ന് ആ ചോദ്യം ആന്റണി ചേട്ടന്‍ എന്നോട് ചോദിച്ചിരുന്നെങ്കില്‍ എനിക്ക് മറുപടി ഉണ്ടാകുമായിരുന്നില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാനെ കുറിച്ചും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. എമ്പുരാന്‍ എന്ന സിനിമ സാധ്യായതിന് കാരണക്കാരന്‍ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തന്നെയാണെന്ന് പൃഥ്വി പറയുന്നു.

എമ്പുരാനെ കുറിച്ച് അന്ന് ഒരു ചോദ്യം ആന്റണി ചേട്ടന്‍ തന്നോട് ചോദിച്ചിരുന്നെങ്കില്‍ അതിന് തനിക്ക് മറുപടി ഉണ്ടാകുമായിരുന്നില്ലെന്നും പൃഥ്വി പറയുന്നു.

‘എമ്പുരാന് കിട്ടിയ ഹൈപ്പില്‍ സത്യത്തില്‍ എനിക്ക് വലിയ സന്തോഷം ഉണ്ടായിരുന്നു. കാരണം ഈ ഹൈപ്പ് എന്ന് പറയുന്നത് എല്ലാവരുടേയും പ്രതീക്ഷ ആണല്ലോ.

അപ്പോള്‍ ഞാന്‍ ചെയ്യുന്ന സിനിമയുടെ മുകളില്‍ അത്രയും പ്രതീക്ഷ ഉണ്ടെന്നും അത്രയും ആന്റിസിപ്പേഷന്‍ ഉണ്ടെന്നും അറിഞ്ഞതില്‍ വലിയ സന്തോഷം തോന്നി.

ഞാനൊരു രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സിനിമയെ കുറിച്ച് സ്വപ്‌നം കണ്ട്, ഈ സിനിമയുടെ ഒരുരൂപം എന്റെ മനസില്‍ പൂര്‍ണമാക്കിയപ്പോള്‍ ഈ സിനിമ ഫീസിബിള്‍ ആകില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ എമ്പുരാന്‍ റിലീസിനോട് അടുത്തപ്പോള്‍ പെട്ടെന്ന് ഒരു സംസാരം തുടങ്ങി. ഇത് ചിലപ്പോള്‍ ഫീസിബിള്‍ ആകും കേട്ടോ എന്നായിരുന്നു അത്. കാരണം റിലീസിന് മുന്‍പ് തന്നെ ഇവര്‍ ഇത്രയും റിക്കവറി നടന്ന സ്ഥിതിക്ക് ഫീസിബിള്‍ ആയേക്കാമെന്ന് പലരും പറഞ്ഞു.

റിലീസിന് മുന്‍പ് 80 കോടിയുടെ അഡ്വാന്‍സ് ടിക്കറ്റ് സെയിലൊക്കെ നടന്നത് നമുക്ക് ഒരിക്കലും സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്തതായിരുന്നു.

അതിന്റെ പശ്ചാത്തലത്തില്‍ ഈ സിനിമ ഫീസിബിള്‍ ആയേക്കാം എന്ന് പറയുന്നതുപോലെയല്ല രണ്ടോ മൂന്നോ വര്‍ഷം മുന്‍പ് ഈ സിനിമ സ്വപ്‌നം കാണുന്നത്.

അന്ന് ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവ് ഒരു എക്‌സല്‍ ഷീറ്റ് എടുത്തുവെച്ചിട്ട് ഒരു കാല്‍ക്കുലേഷന്‍ നടത്തിയിരുന്നെങ്കില്‍ ഈ സിനിമ ചെയ്യാന്‍ പറ്റില്ല.

അന്ന് എന്നോട്, അല്ല ഇത് എങ്ങനെയാണ് ഈ സിനിമ നമ്മള്‍ ചെയ്യുക? മലയാളത്തില്‍ നിന്നുകൊണ്ട് ചെയ്താല്‍ നമുക്കൊരു ബിസിനസ് ഫീസിബിലിറ്റി എങ്ങനെയുണ്ടാകാനാണ് എന്ന് ചോദിച്ചാല്‍ എനിക്ക് അതിനൊരു ഉത്തരമില്ല.

എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു ഉത്തരം ഇതൊരു വലിയ സ്വപ്‌നമാണ്. ഈ സ്വപ്‌നം നമ്മള്‍ വിചാരിക്കുന്ന പോലൊരു സ്ഥലത്ത് കൊണ്ടെത്തിച്ചാല്‍ എല്ലാ മലയാള സിനിമാസ്‌നേഹികളുടേയും ഒരു കളക്ടീവ് സ്വപ്‌നമായി മാറിയേക്കാം എന്ന് മാത്രമേ എനിക്ക് അന്ന് പറയാന്‍ സാധിച്ചിരുന്നുള്ളൂ.

അത് വിശ്വസിച്ചതിന്, അന്ന് എന്നോടൊപ്പം നിന്നതിന്, എന്റേയും മുരളി ഗോപിയുടേയും വിഷനൊപ്പം നിന്നതിന് ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാലിനോടും ഞാന്‍ മാത്രമല്ല, ഇന്ന് നമ്മള്‍ എല്ലാവരും കടപ്പെട്ടിരിക്കുകയാണ്.

കാരണം അന്ന് അവര്‍ നമ്മുടെ ഒപ്പം നിന്നില്ലെങ്കില്‍ ഇങ്ങനെ ഒരു അവസരം നമുക്ക് കിട്ടില്ലായിരുന്നു. ഒന്ന് മാത്രമേ പറയാനുള്ളൂ. ഇതിലൊരു പാഠമുണ്ട്.

സ്വപ്‌നം കാണുമ്പോള്‍ അതില്‍ വിശ്വസിച്ച് കൂടെ നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ എന്നേക്കാള്‍ വലിയ വലിയ അത്ഭുതങ്ങള്‍ പുള്‍ ഓഫ് ചെയ്യാന്‍ കഴിവുള്ള കാലിബറുള്ള ഫിലിം മേക്കേഴ്‌സ് നമ്മുടെ തന്നെ ഇന്‍ഡസ്ട്രിയിലുണ്ട്. അവര്‍ക്കൊക്കെ ഇത്തരത്തില്‍ അവസരം കിട്ടട്ടെ,’ പൃഥ്വി പറഞ്ഞു.

Content Highlight: Actor Pritviraj about Antony Perumbavoor and this Vision

Latest Stories

We use cookies to give you the best possible experience. Learn more