| Wednesday, 4th June 2025, 12:24 pm

നാക്കൊക്കെ പുറത്തേക്ക് നീട്ടിയിട്ട് ഒരു വികൃത രൂപമല്ലേ, കുഞ്ഞാകെ പേടിച്ചു; സീന്‍ കഴിഞ്ഞിട്ടും കുറച്ച് നേരത്തേക്ക് വല്ലാത്ത അവസ്ഥയിലായി: പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തിലെ ടോര്‍ച്ചറിങ് സീനിനെ കുറിച്ച് സംസാരിക്കുകയാണ് സി.ഐ ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വര്‍മ. ഷണ്മുഖത്തിന്റെ വീട്ടിലെത്തി ഭാര്യയേയും മകളേയും ഉപദ്രവിക്കുന്ന സീന്‍ ചിത്രീകരിച്ചതിനെ കുറിച്ചാണ് പ്രകാശ് വര്‍മ സംസാരിക്കുന്നത്.

അത്തരം സീനുകളൊക്കെ ചിത്രീകരിക്കുമ്പോള്‍ താന്‍ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും തന്റെ അഭിനയം കണ്ട് മകളുടെ കഥാപാത്രം ചെയ്ത അമൃത വല്ലാതെ പേടിച്ചുപോയെന്നും പ്രകാശ് വര്‍മ പറയുന്നു.

നാക്കൊക്കെ പുറത്തേക്ക് നീട്ടി പറയേടീ എന്ന് പറയുമ്പോഴുള്ള ആ വികൃതരൂപം കണ്ട് കുഞ്ഞ് വല്ലാതെ പേടിച്ചെന്നും സീന്‍ എടുത്ത് കഴിഞ്ഞ് ഒരു പത്തുപതിനഞ്ച് നേരത്തേക്ക് അതിന്റെ ട്രോമയിലായിരുന്നു അമൃതയെന്നും പ്രകാശ് വര്‍മ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സമയത്ത് ലാലേട്ടന്റെ മകളായി അഭിനയിച്ച കുട്ടിയില്ലേ. കുഞ്ഞാകെ പേടിച്ചുപോയി. ശരിക്കും പേടിച്ചു പോയി. കാര്യം ഭയങ്കര വികൃതമായിട്ടുള്ള ഒരു രൂപമല്ലേ.

നാക്കൊക്കെ നീട്ടിയിട്ട് പറയെടീ എന്ന് പറയുമ്പോഴുള്ള അവസ്ഥയുണ്ടല്ലോ. ഷോട്ട് കഴിഞ്ഞിട്ടും ഒരു പത്തു പതിനഞ്ച് മിനുട്ട് നേരത്തേക്ക് കുഞ്ഞ് ആകെ ഒരു ട്രോമ പോലെയായി.

കാരണം അത്രയും ക്ലോസ് റേഞ്ചില്‍ എക്‌സ്‌പെക്ട് ചെയ്യുന്നില്ലല്ലോ. ഷോട്ട് കഴിഞ്ഞതും തരുണ്‍ എന്തൊക്കെയാണ് എന്നെ കൊണ്ട് ചെയ്യിക്കുന്നത് എന്ന് ചോദിച്ചു.

പിന്നെ ശോഭനാമാമിനൊപ്പം ചെയ്യുന്ന സീനില്‍ നല്ല പേടിയുണ്ടായിരുന്നു. എന്റെ ഒരു കയ്യില്‍ ലാത്തിയുണ്ട്. ഒരു കാലില്‍ അവരെ ചവിട്ടി വെച്ചിരിക്കുകയാണ്.

വേറൊരു കൈ കൊണ്ട് ലാത്തി കൊണ്ട് ഉപദ്രവിക്കുന്നു. ആ സമയത്തൊക്കെ എന്തും സംഭവിക്കാം. നമ്മള്‍ ഒന്ന് പ്രസ് ചെയ്യുകയോ അങ്ങനെയൊക്കെ.

മാം ഇടയ്ക്ക് പറയും ഉപദ്രവിക്കരുത് എന്നെ എന്നൊക്കെ. അതുകൊണ്ട് തന്നെ ഫിസിക്കലി അവര്‍ക്ക് വേദനിക്കുമോ എന്ന പേടിയുണ്ടായിരുന്നു.

തരുണിന്റെ നരേഷനില്‍ തന്നെ ആംഗിളും ക്യാരക്ടര്‍ ആര്‍ക്കും ജനറല്‍ സ്‌ട്രെക്ചറിങ്ങും എല്ലാം എനിക്ക് കിട്ടിയിരുന്നു. ഷൂട്ടിന് വരുന്നതിന് മുന്‍പ് പലതവണ ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു.

ഡയലോഗില്‍ ചില ഇംപ്രവൈസഷന്‍ തരുണ്‍ പിന്നീട് വരുത്തിയെങ്കിലും ജനറലി വളരെ ക്ലിയര്‍ ആയിരുന്നു. ഞാന്‍ എഫേര്‍ട്ട് എടുക്കാതെ തന്നെ ഒരു സീന്‍ എടുക്കുന്ന സമയത്ത് അതിന് മുന്‍പ് സംഭവിച്ച പല കാര്യങ്ങളും നമുക്ക് അറിയാമെന്ന അവസ്ഥ. അത് ആ നരേറ്റ് ചെയ്ത സ്‌പേസില്‍ നിന്ന് വന്നതാണ്,’ പ്രകാശ് വര്‍മ പറഞ്ഞു.

Content Highlight: Actor Prakash Varma about His Combination Scene with Amrutha Varshini

We use cookies to give you the best possible experience. Learn more