സിനിമാ അഭിനയമായിരുന്നില്ല ഒരിക്കലും തന്റെ ലക്ഷ്യമെന്നും സംവിധാനം തന്നെയായിരുന്നു എന്നും തന്റെ മനസിലെന്നും നടന്‍ പ്രകാശ് വര്‍മ. അസി. ഡയറക്ടറാവാന്‍ അവസരം ചോദിച്ച് നടന്ന ഒരു കാലം തനിക്കുണ്ടെന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് വര്‍മ പറയുന്നു.
സംവിധായകരായ ലോഹിതദാസിനെ കുറിച്ചും സത്യന്‍ അന്തിക്കാടിനെ കുറിച്ചും ഭരതനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്.
‘ഞാനൊരിക്കലും അഭിനയിക്കാന്‍ വേണ്ടി ചാന്‍സ് ചോദിച്ചു നടന്നിട്ടില്ല. ഞാന്‍ അങ്ങനെ പറഞ്ഞതായി ഏതോ ഒരു അഭിമുഖത്തിലെ പ്രത്യേക ഭാഗം കട്ട് ചെയ്ത് ഇട്ടിരിക്കുന്നത് കണ്ടിരുന്നു.
ഞാന്‍ ചാന്‍സ് ചോദിച്ച് നടന്നതുമുഴുവന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആകാന്‍ വേണ്ടിയാണ്. അഭിനയമായിരുന്നില്ല ആഗ്രഹം. അത് പക്ഷേ നമ്മുടെ ഉള്ളില്‍ ഉണ്ട്.
ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ല. എനിക്ക് ഫിലിം മേക്കര്‍ ആകണമെന്നായിരുന്നു. ഭരതന്‍ സാറിനേയും സത്യേട്ടനെയുമൊക്കെ പോയി കണ്ടത് അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ അവസരം തേടിയിട്ടായിരുന്നു.
ലോഹി സാറിന്റെ അടുത്ത് ഞാന്‍ ചാന്‍സ് ചോദിച്ചു പോകുന്നത് ഭയങ്കര രസമുള്ള കഥയാണ്. ഞാന്‍ ബാംഗ്ലൂരില്‍ വന്ന് സാര്‍ എവിടെയുണ്ടെന്ന് അന്വേഷിച്ച് അവിടെ പോയി കാണും.
അപ്പോള്‍ അടുത്ത സെപ്റ്റംബറില്‍ 2ാം തിയതി ഇന്ന സ്ഥലത്തുണ്ടാകുമെന്ന് പറയും. ആ രണ്ടാം തിയതി അദ്ദേഹം കതക് തുറക്കുമ്പോള്‍ അവിടെ ഞാനുണ്ടാകും.
അത് കഴിഞ്ഞ് അറിയിക്കാമെന്ന് പറയും. പ്രൊഡക്ഷനില്‍ ആരെങ്കിലുമൊക്കെ വിളിച്ചിട്ട് ഇപ്രാവശ്യം 15 പേരുണ്ട് സ്‌പേസില്ലെന്ന് പറയും. ഒരു കാര്യം ചെയ്യൂ അടുത്ത മാര്‍ച്ച് മാസം 15ാം തിയതി വരൂ എന്ന് പറയും.
കൃത്യം 15 ാം തിയതി ലോഹി സാര്‍ ഉള്ളിടത്ത് ഞാനുണ്ടാകും. അങ്ങനെ ഒരു റിപ്പീറ്റഡ് മൂന്ന് നാല് അവസരങ്ങള്‍ കഴിഞ്ഞപ്പോള്‍ ലക്കിടിയില്‍ ഞാന്‍ ഇതുപോലെ പോകുകയാണ്.
അവിടെ ബസ് ഇറങ്ങി. നല്ല ദൂരമുണ്ട് സാറിന്റെ വീട്ടിലേക്ക്. ഒരു ഇടവഴിയിലടെ അര മണിക്കൂറെങ്കിലും നടക്കണം. അന്ന് ഞാന്‍ അവിടുന്ന് ഒരു ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോയില്‍ കയറി.
ഗേറ്റ് കഴിഞ്ഞ് കുറേ ഉള്ളിലേക്കാണ് വീട്. അവിടെ കുറേ പേര്‍ ഇരിപ്പുണ്ട്. അങ്ങോട്ട് പോകണ്ടെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. കാരണം ഓട്ടോറിക്ഷയില്‍ വന്നവന്‍, ഇവനെ എങ്ങനെ അസിസ്റ്റന്റാക്കും. ഇവന് ഓള്‍റെഡി സെറ്റപ്പ് ഉണ്ടല്ലോ എന്നൊക്കെ തോന്നിയേക്കുമെന്ന് എന്റെ തലയിലൂടെ പോയി.
അങ്ങോട്ട് ഓട്ടോ നിര്‍ത്തണ്ട, കുറച്ച് മാറ്റി നിര്‍ത്തൂ എന്ന് പറഞ്ഞു. അര മണിക്കൂര്‍ പുള്ളിയോട് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ നടന്ന് ഉള്ളിലേക്ക് പോയി. അവിടെ ബ്ലെസി ഏട്ടനുണ്ട്, ലോഹി സാറുണ്ട്. വേറെ രണ്ടുമൂന്ന് പേരുണ്ട്.
ഞാന്‍ ഉമ്മറത്ത് ഇങ്ങനെ നിന്നു. ലോഹിസാര്‍ എന്നെ കണ്ടതും ഇതേ, വീണ്ടും പ്രകാശ് എന്ന് പറഞ്ഞു. അല്ല ഇന്ന സമയത്ത് വരാന്‍ പറഞ്ഞിരുന്നു എന്ന് ഞാന്‍ പറഞ്ഞു. ആ സംസാരമൊക്കെ കഴിഞ്ഞ് അദ്ദേഹം ഡിസ്‌കഷനിലേക്ക് പോയി.
പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ലോഹി സാര്‍ എന്നോട് ഒരു ചോദ്യം ചോദിക്കുന്ന സമയത്ത് ഗേറ്റിന്റെ പുറത്ത് നിന്നും ഡ്രൈവര്‍ ഹോണടിക്കുന്നു. അപ്പോള്‍ ലോഹി സാര്‍ ഓട്ടോറിക്ഷയിലാണോ വന്നത് എന്ന് ചോദിച്ചു.
പോക്കോളൂ, ഞങ്ങള്‍ അറിയിക്കാമെന്ന് പറഞ്ഞു. ഇല്ല കുഴപ്പമില്ലെന്ന് പറഞ്ഞപ്പോള്‍ പൊക്കോളൂ ഞങ്ങള്‍ തീര്‍ച്ചയായും അറിയിക്കാമെന്ന് പറഞ്ഞു.
നമ്മള്‍ ഇവിടെ ഒരു രണ്ട് മിനുട്ട് കൂടി നിന്നാല്‍ ഒരു അവസരം കിട്ടുമെന്ന അവസ്ഥയില്‍ അയാള്‍ ഹോണടിക്കുകയാണ്. നമ്മള്‍ സിനിമയില്‍ ടിപ്പിക്കലായി കാണുന്ന ഹ്യൂമറില്ലേ. അത് തന്നെ.
രണ്ട് മിനുട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും ഹോണ്‍. അവസാനം ബ്ലെസിസാര്‍ എന്നോട് വിളിക്കാമെന്ന് പറഞ്ഞു. ഞാന്‍ തിരിച്ചുപോയി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പക്ഷേ എനിക്ക് കോള്‍ വന്നു.
അങ്ങനെയാണ് ഞാന്‍ ഓര്‍മച്ചെപ്പ് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുന്നു. അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാന്‍ കഴിഞ്ഞ സമയമായിരുന്നു അത്,’ പ്രകാശ് വര്‍മ പറയുന്നു.
Content Highlight: Actor prakash Varma about Director lohithadas and his First movie as an assistant Director