ശ്രീനിയെ കാണാനുള്ള അവസാന യാത്ര; നാല് തവണ കാര്‍ അപകടത്തില്‍പ്പെട്ടു, പക്ഷേ എന്തോ ഒന്ന് എന്നെ അവിടെ എത്തിച്ചു: പാര്‍ത്ഥിപന്‍
Malayalam Cinema
ശ്രീനിയെ കാണാനുള്ള അവസാന യാത്ര; നാല് തവണ കാര്‍ അപകടത്തില്‍പ്പെട്ടു, പക്ഷേ എന്തോ ഒന്ന് എന്നെ അവിടെ എത്തിച്ചു: പാര്‍ത്ഥിപന്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 22nd December 2025, 2:16 pm

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്‍ ശ്രീനിവാസന്‍ യാത്രയായിട്ട് ഇന്നേക്ക് രണ്ടു ദിവസം. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയും സിനിമാ-രാഷ്ട്രീയ മേഖലകളിലുള്ളവരുടെയും ആയിരക്കണക്കിന് വരുന്ന ജനങ്ങളുടെയും സാന്നിധ്യത്തില്‍ ഉദയംപേരൂറിലെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്നലെ രാവിലെയായിരുന്നു സംസ്‌കാരം.

ഇന്ത്യന്‍ സിനിമാ മേഖലയിലെ ഉന്നതരായ പല വ്യക്തിത്വങ്ങളും ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തമിഴ് നടന്‍ ആര്‍.പാര്‍ത്ഥിപന്റെ ഹൃദയഹാരിയായ കുറിപ്പാണ് ഇപ്പോള്‍ സമൂഹിക മാധ്യമത്തില്‍ വൈറലാവുന്നത്. മരണ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ തന്റെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും താരം പറഞ്ഞിരുന്നു.

ശ്രീനിവാസന്‍. Photo: DT Next

‘മരണ വാര്‍ത്തയറിഞ്ഞ് രാത്രി എട്ട് മണിയോട് കൂടിയാണ് കൊച്ചിയിലേക്ക് ഫ്‌ളൈറ്റ് കയറാനായി പോയത്, പോകുന്ന വഴിയില്‍ നാല് തവണ കാര്‍ അപകടത്തില്‍ പെടാന്‍ പോയി. ഒന്‍പത് മണിക്കുള്ള ഫ്‌ളൈറ്റിന് 10 മിനിട്ട് മുമ്പ് മാത്രമാണ് എയര്‍പോര്‍ട്ടിലെത്തിയത്. സീറ്റുകളെന്നും ഒഴിവില്ലാഞ്ഞിട്ടും ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് ഒരു സ്റ്റാഫ് മാറി തന്ന് അദ്ദേഹത്തിന്റെ സീറ്റില്‍ കയറി യാത്ര ചെയ്തത്.

ദുബായിലേക്കുള്ള യാത്ര മാറ്റിവെച്ചാണ് കൊച്ചിയിലെത്തിയത്. എനിക്ക് വേണമെങ്കില്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നും അനുശോചനം അറിയാക്കാമായിരുന്നു. പക്ഷേ എന്തോ ഒന്ന് എന്റെ ഉള്ളില്‍ വല്ലാതെ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. അവിടെ മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം ഉണ്ടായിരുന്നു, പക്ഷേ എന്റെ ഉള്ളില്‍ ലോകത്തെ ഏറ്റവും മികച്ച മനുഷ്യനും സൃഷ്ടാവുമായ ശ്രീനിവാസന്‍ എന്ന നടനോടുള്ള ബഹുമാനം മാത്രമായിരുന്നു,’ താരം പറഞ്ഞു.

പാര്‍ത്ഥിപന്‍. Photo: stage 3 news

അത്രയധികം ആള്‍ക്കൂട്ടത്തിനിടയില്‍ ശ്രീനിവാസനെ കണ്ടപ്പോള്‍ സത്യസന്ധമായി പറഞ്ഞാല്‍ സന്തോഷം തോന്നിയെന്നും അത്രയധികം കൂട്ടുകാരുടെയും ജനങ്ങളുടെയും ബഹുമാനത്തോടെയാണ് ശ്രീനിവാസന്‍ യാത്രയായതെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. അന്നേ ദിവസം അവിടെയെത്തി അദ്ദേഹത്തെ നേരില്‍ കാണാന്‍ പറ്റിയതില്‍ ഏറെ കൃതാര്‍ത്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച്ച രാവിലെ ഡയാലിസിസ് ചെയ്യാന്‍ പോകുംവഴി ശ്വസംമുട്ടലിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

Content Highlight: actor parthipan talks about attending actor sreenivasans last rites

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.