ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ കഴിഞ്ഞ കുറച്ചുകാലമായി പ്രേക്ഷകരെ അഭിമുഖീകരിച്ച നിവിൻ പോളി, ഇത്തവണ ചിരിയും ഹൊററും ചേർന്ന ഒരു ഫീൽഗുഡ് സിനിമയുമായി എത്തുകയാണ്.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘സർവ്വം മായ’ എന്ന ചിത്രത്തിലെ പ്രഭേന്ദു നമ്പൂതിരി എന്ന കഥാപാത്രത്തെക്കുറിച്ച് നിവിൻ പങ്കുവച്ച അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമയിൽ പ്രേതം വരും എന്നാലത് ഉൾക്കൊള്ളാൻ കഴിയുന്നില്ല, ശേഷം ആ പ്രേതം ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. അത്തരമൊരു സിനിമയാണ് സർവ്വം മായയെന്നും താരം കൂട്ടിച്ചേർത്തു.
നിവിൻ പൊളി, അജു വർഗ്ഗീസ്, Photo: IMDb
‘കഴിഞ്ഞ കുറച്ചുകാലമായി ഗൗരവമുള്ള വേഷങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. അതിൽനിന്നൊരു മാറ്റം ഞാൻ ആഗ്രഹിച്ചിരുന്നു,’ നിവിൻ പറഞ്ഞു.
വലിയ മാനസിക ഭാരമില്ലാത്ത, തിയേറ്ററിൽ ഇരുന്ന് പ്രേക്ഷകർ ചിരിക്കാവുന്ന ഒരു ഫീൽഗുഡ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിനിടെയാണ് പ്രഭേന്ദു നമ്പൂതിരി എന്ന കഥാപാത്രം തന്റെ ജീവിതത്തിലേക്ക് എത്തുന്നതെന്നും താരം വ്യക്തമാക്കി.
‘സർവ്വം മായ’ ഒരു ഹൊറർ കോമഡി ചിത്രമാണെങ്കിലും, വെറും ഭീതിയിലോ തമാശയിലോ ഒതുങ്ങുന്നില്ലെന്ന് നിവിൻ പറയുന്നു. പ്രേതം വരുന്നതും, അത് വിശ്വസിക്കാൻ പാടുപെടുന്നതും, പിന്നീട് ആ പ്രേതം തന്റെ കഥാപാത്രത്തിന്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് സിനിമയുടെ പ്രധാന ആശയമെന്നും നിവിൻ പറഞ്ഞു.
പ്രേതത്തെ ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്ന അവസ്ഥകൾ അഖിൽ സത്യൻ രസകരമായ രീതിയിൽ കഥയുടെ ഒഴുക്കിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ടെന്നും നിവിൻ പറഞ്ഞു.
ചിത്രീകരണ സമയത്ത് സിനിമയിൽ കാണുന്നതിലുപരി വലിയ ചിരികളാണ് സെറ്റിൽ നിറഞ്ഞതെന്നും താരം ഓർത്തെടുക്കുന്നു.
‘ഈ സിനിമയുടെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിടുകയാണെങ്കിൽ, അഞ്ചോ പത്തോ എപ്പിസോഡുകൾ വരെ ചിരിക്കാൻ ഉള്ളടക്കം കാണാം,’ നിവിൻ പറഞ്ഞു.
ഹൊറർ കോമഡി എന്ന ലേബലിലാണ് ‘സർവ്വം മായ’ എത്തുന്നതെങ്കിലും, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തമായി അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ അഖിൽ സത്യന് കഴിഞ്ഞിട്ടുണ്ടെന്നും നിവിൻ ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.