പ്രേമം എന്ന ചിത്രം മലയാള സിനിമയിൽ ഒരു തലമുറയുടെ പ്രണയ ഓർമയായി മാറിയ സിനിമയാണ്. അതിലെ ഓരോ ചെറിയ രംഗങ്ങളും ഇന്നും പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നു.
അതിൽ ഏറ്റവും ഹൃദയസ്പർശിയായ രംഗങ്ങളിലൊന്നാണ് മലർ എന്ന കഥാപാത്രത്തെ വീണ്ടും കാണുന്ന നിമിഷത്തിൽ ജോർജ് കരഞ്ഞുകൊണ്ട് ഇറങ്ങിപോകുന്നത്. ആ രംഗത്തെ കുറിച്ച് നിവിൻ പോളി പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ജോർജ് എന്ന നിവിൻ പോളിയുടെ കഥാപാത്രം മലരിനെ കണ്ടശേഷം കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന രംഗം വളരെ സ്വാഭാവികമായാണ് പ്രേക്ഷകർ അനുഭവിച്ചത്.
എന്നാൽ തനിക്ക് ആ രംഗം നന്നായി ചെയ്യണമെന്നുണ്ടായിരുന്നെന്നും അതിനായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്നുമാണ് നിവിൻ പറയുന്നത്. പേർളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു നിവിൻ.
‘ആ രംഗം നന്നായി പെർഫോം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനാൽ കുറച്ച് സമയം മാറിയിരുന്ന് പ്രാക്ടീസ് ചെയ്ത ശേഷമാണ് ആ രംഗം ഷൂട്ട് ചെയ്തത്,’ നിവിൻ പറഞ്ഞു.
ഒരു തിരിച്ചു പോക്ക് സാധ്യമെങ്കിൽ പ്രേമം സിനിമയുടെ സെറ്റിലേക്കായിരിക്കും താൻ പോവുകയെന്നും, ആ സെറ്റ് മറ്റൊരനുഭവമായിരുന്നെന്നും നിവിൻ കൂട്ടിച്ചേർത്തു.
വലിയ ഡയലോഗുകളോ നാടകീയ പ്രകടനങ്ങളോ ഇല്ലാതെ, ഒരു നോട്ടവും കണ്ണീരും മാത്രം കൊണ്ട് കഥാപാത്രത്തിന്റെ ഉള്ളിലെ വേദനയും ഓർമ്മകളും കാണിക്കേണ്ട രംഗമായിരുന്നത്. ആ രംഗം പ്രേക്ഷകർ ഒന്നാകെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
അൽഫോൺസ് പുത്രൻ ഒരുക്കിയ ‘പ്രേമ’ത്തിൽ ഇത്തരം പ്രത്യേകതകളാണ് സിനിമയെ ക്ലാസിക് ആക്കി മാറ്റിയത്. നിവിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും റിയലിസ്റ്റിക് പ്രകടനങ്ങളിലൊന്നായി ഈ രംഗം മാറുകയും ചെയ്തു.
Content Highlight: Actor Nivin Pauly talk about the movie Premam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.