മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ട്ടമാണ് ശ്രീനിവാസന്റെ വിയോഗം.
തിരക്കഥാകൃത്തായും നടനായും സംവിധായകനായും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത വ്യക്തിയാണ് ശ്രീനിവാസൻ.
അദ്ദേഹത്തിന്റെ വേർപാടിൽ ഏറ്റവും ഹൃദയസ്പർശിയായ പ്രതികരണങ്ങളിലൊന്നായിരുന്നു നിവിൻ പോളിയുടേത്. ഒരു ലെജൻഡ് എന്നതിലുപരി തനിക്ക് ഏറ്റവും പ്രിയപെട്ട സുഹൃത്തിന്റെ അച്ഛനെയാണ് നഷ്ടമായത് എന്നായിരുന്നു നിവിൻ പോളിയുടെ വാക്കുകൾ.
‘ഒരു ലെജൻഡ് എന്നതിലുപരി എനിക്കെന്റെ പ്രിയ കൂട്ടുകാരന്റെ അച്ഛനെയാണ് നഷ്ടമായിരിക്കുന്നത്. പേഴ്സണലി ഇതെനിക്ക് വേറെ തരത്തിലുള്ള ഒരു നഷ്ടമാണ്. ഒരിക്കലും നികത്താൻ കഴിയാത്തൊരു സ്പേസ് ആണത്.
ഞാൻ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന സിനിമകൾ ശ്രീനി സാർ എഴുതിയ സിനിമകളാണ്. അദ്ദേഹം എഴുതിയ എല്ലാ ക്യാരക്ടറും നമ്മൾ ഇന്നും ഓർത്തിരിക്കുന്നു. ട്രോളുകളിലും ഹ്യൂമർ സിറ്റുവേഷനുകളിലും നമ്മൾ കാണുന്ന പല കോമഡി സീനുകളും അദ്ദേഹത്തിന്റെ എഴുത്തിൽ നിന്നും പിറന്നതാണ്,’ നിവിൻ പറയുന്നു.
വിനീത് ശ്രീനിവാസാനുമായുള്ള അടുത്ത സൗഹൃദമാണ് ഈ വാക്കുകളിലൂടെ കാണുന്നത്. തന്റെ ചെറുപ്പകാലത്ത് ഓർത്തിരിക്കുന്ന സിനിമകൾ അദ്ദേഹത്തിന്റേതായിരുന്നെന്നും നിവിൻ കൂട്ടിച്ചേർത്തു.
വിനീത് ശ്രീനിവാസൻ, നിവിൻ പോളി, Photo: Nivin Pauly/ Facebook
വടക്കു നോക്കിയന്ത്രത്തിലെ ‘ഒരൊലക്ക കിട്ടുമോ’, പട്ടണപ്രവേശത്തിലെ ‘സി. ഐ. ഡി മാർക്കിടയിൽ ബി.കോം സി.ഐ.ഡി, പ്രീ ഡിഗ്രി സി.ഐ.ഡി എന്നൊന്നുമില്ല, എല്ലാം സി.ഐ.ഡി തന്നെ’, ഉദയനാണ് താരത്തിലെ ‘ഒരു മാസം തട്ടിമുട്ടി ജീവിച്ചു പോകാൻ ഒരു ഒന്നരകോടി രൂപ വേണം’ എന്ന കോമഡി ഡയലോഗുകളെല്ലാം മലയാളികൾ ഇന്നും ഓർക്കപെടുന്നവയാണ്.
സന്ദേശം എന്ന സിനിമയിലൂടെ രാജ്യം നന്നാവാൻ രാഷ്ട്രീയക്കാരെല്ലാം നന്നാവണമെന്നില്ല, ജനങ്ങൾ നന്നാവണം എന്ന സന്ദേശം മലയാളികൾക്കിടയിലേക്കെത്തിച്ച എഴുത്തുകാരൻ, ചിന്താവിഷ്ടയായ ശ്യാമളയുടെ ഉത്തരവാദിത്തബോധമില്ലാത്ത ഭർത്താവുമൂലം അയാളുടെ കുടുംബത്തിനുണ്ടാകുന്ന കഷ്ടപാടുകളെ കാണിച്ചു തന്ന നടൻ.
വടക്കുനോക്കി യന്ത്രത്തിലൂടെ ഒരു വ്യക്തിക്കുണ്ടാകുന്ന അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം മലയാളി പ്രേക്ഷകരിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു.
ഒരു ലെജന്റിനപ്പുറം, ഒരുപാട്പേർക്ക് വ്യക്തിപരമായി നഷ്ടമായി മാറിയ ശ്രീനിവാസൻ മലയാള സിനിമയുടെ ഓർമകളിൽ എന്നെന്നും ജീവിക്കും.
Content Highlight: Actor Nivin Pauly talk about Actor Sreenivasan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.