'ബോഡി ഷേമിങ് ചെയ്യുന്നോടാ പട്ടികളേ'; ഒരു ഡയലോഗില്‍ തിരിച്ചുപിടിക്കാവുന്നതല്ല കരിയറെന്ന് മനസിലാക്കിയ നിവിന്‍; സര്‍വ്വം മായ അതിന് തെളിവ്
Movie Day
'ബോഡി ഷേമിങ് ചെയ്യുന്നോടാ പട്ടികളേ'; ഒരു ഡയലോഗില്‍ തിരിച്ചുപിടിക്കാവുന്നതല്ല കരിയറെന്ന് മനസിലാക്കിയ നിവിന്‍; സര്‍വ്വം മായ അതിന് തെളിവ്
ആര്യ. പി
Tuesday, 27th January 2026, 12:30 pm

മലയാള സിനിമയില്‍ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച നിവിന്‍ പോളി, തന്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു സര്‍വ്വം മായ.

ഇടക്കാലത്ത് നിവിന്‍ പോളിയുടെ സിനിമയോടുള്ള സമീപനവും ശാരീരിക മാറ്റവുമൊക്കെ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഒരു പെര്‍ഫോമറുടെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം അയാളുടെ ശരീരം തന്നെയാണെന്നിരിക്കെ, നിവിന്റെ ‘തടിച്ച’ ശരീരം ഹീറോ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന വാദമായിരുന്നു ശക്തമായത്.

ഇടക്കാലത്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ പല സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയും സിനിമയില്‍ നിന്ന് അല്‍പ്പനാളത്തേക്ക് ഒരു ഇടവേള പോലും നിവിന് എടുക്കേണ്ടതായും വന്നു.

എന്നാല്‍ ഇതിനിടെ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലെ ഒരൊറ്റ ഡയലോഗിലൂടെ നിവിന്‍ വീണ്ടും മലയാള സിനിമയില്‍ ചെറുതല്ലാത്ത ഒരു ചലനമുണ്ടാക്കി.

നിവിന്‍ പോളി, വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ രംഗം. Photo: Varshangalkku Shesham Movie/ Reddit screen Grab

എന്നാല്‍ ശാരീരികമായ ആ മാറ്റങ്ങളെ സ്വയം ന്യായീകരിക്കുന്ന വിധത്തിലുള്ള അത്തരം സംഭാഷണങ്ങളോ ചെറിയ ഗിമ്മിക്കുകളോ ആയിരുന്നില്ല യഥാര്‍ത്ഥത്തില്‍ ഒരു പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് അഭിപ്രായപ്പെടുകയാണ് ആരാധകര്‍.

സര്‍വ്വം മായയുടെ റിലീസിന് പിന്നാലെ ആ വാദം ഒന്നുകൂടി ബലപ്പെട്ടു. തങ്ങള്‍ കാണാനാഗ്രഹിച്ച ഒരു നിവിന്‍ പോളിയുണ്ടെന്നും ആ നിവിന്‍ പോളിയെയാണ് സര്‍വ്വം മായയിലൂടെ തിരിച്ചുകിട്ടിയതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

പുതിയ ലുക്കില്‍ ‘സുന്ദരനായി’ എല്ലാ വിമര്‍ശകരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, തന്റെ പഴയ രൂപത്തിലേക്ക് മടങ്ങിയെത്താന്‍ നിവിന്‍ പോളി എന്ന നടന്‍ നടത്തിയ കഠിനമായ ഒരു പരിശ്രമം കൂടി ഇതിന് പിറകിലുണ്ട്. ആ കഠിനാധ്വാനമാണ് ഇപ്പോള്‍ ഫലം കണ്ടതെന്നാണ് ആരാധകരുടെ പക്ഷം.

നിവിന്‍ പോളി Photo: Akhil Sathyan Youtube/ screen Grab

ബോഡി ഷേമിങ് ഒരു തെറ്റാകുമ്പോള്‍ തന്നെ ഒരു നടനെ സംബന്ധിച്ച് ശരീരം എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ബോഡിങ് ഷേമിങ് ചെയ്യുന്നവരെ തെറിവിളിക്കുന്ന ഒറ്റ ഡയലോഗ് കൊണ്ട് അതിനെ പൂര്‍ണമായി മറികടക്കാമെന്ന് നിവിന്‍ കരുതിയിട്ടില്ലെന്നും അതിന് തെളിവാണ് അദ്ദേഹത്തിന്റെ ഗംഭീര ട്രാന്‍സ്ഫര്‍മേഷനെന്നും ആരാധകര്‍ പറയുന്നു.

ശരീരഭാരമൊക്കെ കുറച്ച് താടിയുള്ള ലുക്കില്‍, അതീവ ‘സുന്ദര’നായാണ് നിവിന്‍ സര്‍വ്വം മായയില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടര മണിക്കൂര്‍ സിനിമ കാണുന്ന പ്രേക്ഷകന്‍ ആ മാറ്റത്തെ കൂടിയാണ് ഉള്‍ക്കൊണ്ടതെന്നുമാണ് ആരാധര്‍ പറയുന്നത്.

സര്‍വം മായയുടെ അവസാനം ഒരു ഇളം തെന്നല്‍ നായകനായ പ്രഭേന്ദുവിനെ തഴുകുന്നുണ്ട്. അതുപോലൊരു ഇളംതെന്നല്‍ ഏറ്റ സംതൃപ്തിയോടെയാണ് പ്രേക്ഷകനും തിയറ്റര്‍ വിട്ടിറങ്ങുന്നതെന്നും ഇവര്‍ പറയുന്നു.

Content Highlight: Actor Nivin pauly Come Back and Carshangalkkushesham Movie Dialogue

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.