| Saturday, 31st May 2025, 11:47 am

മമ്മൂക്കയെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് പോയത്, സിനിമയോടുള്ള താത്പര്യം കൊണ്ടായിരുന്നില്ല: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധുരരാജ എന്ന ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലൊരാളായി നിന്ന് ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനായി മാറിയിരിക്കുകയാണ് നസ്‌ലെന്‍. പ്രേമലു എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ കരിയറില്‍ വലിയ മാറ്റമാണ് നസ്‌ലെന് ഉണ്ടായത്.

മധുരരാജ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ച സമയത്തെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍. സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യം കൊണ്ടായിരുന്നില്ല അന്ന് അവിടെ പോയതെന്നും മമ്മൂക്കയെ ഒരു നോക്ക് കാണുക എന്നതായിരുന്നു ലക്ഷ്യമെന്നും നസ്‌ലെന്‍ പറയുന്നു.

അന്ന് ദൂരെ നിന്ന് മാത്രം കണ്ട മമ്മൂക്കയെ ഇന്ന് താന്‍ വളരെ അടുത്ത് കാണുന്നെന്നും അദ്ദേഹവുമായി അടുത്ത് ഇടപഴകാനാകുന്നു എന്നത് സന്തോഷമുള്ള കാര്യമാണെന്നും നസ്‌ലെന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മമ്മൂക്കയെ കാണാന്‍ വേണ്ടിയിട്ടാണ് മധുരരാജയുടെ സെറ്റില്‍ പോകുന്നത്. സിനിമയോടുള്ള താത്പര്യം കൊണ്ടായിരുന്നില്ല. മമ്മൂക്കയെ കാണുക എന്ന താത്പര്യം കൊണ്ട് മാത്രം പോയതാണ്.

അടുത്തുനിന്നും അകലെ നിന്നുമൊക്കെ അദ്ദേഹത്തെ കണ്ടു. അത് ഇപ്പോഴും എനിക്ക് ഭയങ്കര മറക്കാനാകാത്ത ദിവസമാണ്. എപ്പോഴും ചെറിഷ് ചെയ്യുന്ന ദിവസവുമാണ്.

അടുത്തിടെ ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അദ്ദേഹവുമായി കൂടുതല്‍ അടുത്ത് ഇടപഴകാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം അറിയാം. മമ്മൂക്കയ്ക്ക് എന്നെ അറിയാമെന്നതൊക്കെ ഭയങ്കര സന്തോഷമുള്ള കാര്യമാണ്,’ നസ്‌ലെന്‍ പറഞ്ഞു.

സിനിമയിലേക്ക് എത്തിയത് തന്റെ ഭാഗ്യമാണെന്നും എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നെന്നും താരം പറഞ്ഞു. കറക്ട് ട്രാക്കിലാണ് പോയത്. എന്നെ സെലക്ട് ചെയ്ത ആള്‍ക്കാര്‍ക്ക് ആ സമയത്ത് അതിന് തോന്നിയത് എന്റെ ഭാഗ്യം തന്നെയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ ഒത്തിരി കാര്യങ്ങളുണ്ട്.

തണ്ണീര്‍മത്തന്റെ അന്നത്തെ ഓഡീഷനില്‍ ഞങ്ങള്‍ പത്തിരുപത് പേരൊക്കെയേ ഉണ്ടായിരുള്ളൂ. ആദ്യത്തെ റൗണ്ട് ഓഡീഷന്‍ കഴിഞ്ഞു. പിന്നീട് ചാലക്കുടിയില്‍ ഫില്‍ട്ടറേഷന്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും 8 പേരെ ഫില്‍ട്ടര്‍ ചെയ്ത് എടുത്തു. സീനും കാര്യങ്ങളുമൊക്കെ ചെയ്യിച്ച് നോക്കിയിട്ട് പെര്‍ഫോമന്‍സ് കൂടി ഓക്കെ ആയപ്പോഴാണ് എന്നെ സെലക്ട് ചെയ്യുന്നത്, നസ്‌ലെന്‍ പറഞ്ഞു.

അഭിനവ് സുന്ദര്‍ നായികിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം, പ്രേമലു 2 എന്നിവയാണ് നസ്‌ലെന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Content Highlight: Actor Naslen about mammootty and Madhuraraja Movie

Latest Stories

We use cookies to give you the best possible experience. Learn more