മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് നരേൻ. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി നായക വേഷം ചെയ്തത്. മറ്റനവധി കഥാപാത്രങ്ങൾ തമിഴിലും മലയാളത്തിലും നരേൻ ചെയ്തിട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ മുരളി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ നരേൻ നിറഞ്ഞുനിന്നത്. പിന്നീട് ലോകേഷ് കനകരാജ് ഒരുക്കിയ കൈതിയിലെ ഇൻസ്‌പെക്ടർ ബിജോയ് എന്ന കഥാപാത്രമാണ് നരേന്റെ കരിയറിൽ വഴിത്തിരിവായത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സാഹസം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള നരേന്റെ തിരിച്ചു വരവ്.

നരേൻ ,Photo: IMDb
ദിൻജിത്ത്–ബാഹുൽ ടീമിന്റെ മറ്റൊരു ക്ലാസ് പടമായ എക്കോയിൽ ഗംഭീര പ്രകടനമാണ് നരേൻ കാഴ്ചവെച്ചത്.
ഒരു കാലത്തെ മലയാളി പ്രേക്ഷകർ തന്നെ മുരളിയിലൂടെയായിരുന്നു ഓർത്തിരുന്നത്. എന്നാൽ ഇന്നത്തെ ജനറേഷൻ കൈതയിലൂടെയാണ് തന്നെ ഓർത്തിരിക്കുന്നത് എന്ന് പറയുകയാണ് നരേൻ. റെഡ്.എഫ്.എം ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ അച്ചുവിന്റെ അമ്മയ്ക്ക് ശേഷം ഞാൻ തമിഴിൽ ഒരു സിനിമ ചെയ്തു. ആ സിനിമക്ക് ശേഷം തമിഴ് പ്രേക്ഷകർക്കിടയിൽ ഒരു ആക്ഷൻ ഹീറോ ഇമേജ് ആയിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാൽ മലയാളത്തിൽ ആ ഇമേജ് ആയിരുന്നില്ല.
പിന്നീട് മലയാളത്തിൽ ചെയ്ത സിനിമയാണ് ക്ലാസ്സ്‌മേറ്റ്. അതിലും എനിക്ക് ആ ഇമേജ് ആയിരുന്നില്ല. കുറെ നാളുകൾക്ക് ശേഷമാണ് കൈതിയിൽ ഒരു പോലീസ് വേഷം ചെയ്യാൻ അവസരം ലഭിക്കുന്നത്. അതിലൂടെയാണ് ഇന്നത്തെ ജനറേഷന് എന്നെ ഓർത്തിരിക്കുന്നത്,’ നരേൻ പറഞ്ഞു.
മോശം സമയങ്ങളിൽ മോശം സിനിമകൾ ചെയ്യാതിരിക്കാനായും താൻ ശ്രമിച്ചെന്ന് നരേൻ പറഞ്ഞു. അതുകൊണ്ടായിരിക്കാം നല്ല വേഷങ്ങൾ തന്നെ തേടി വരുന്നതെന്നും നരേൻ കൂട്ടിച്ചേർത്തു.
Content Highlight: Actor Narain says this generation has know him after the movie Kaithi
