| Thursday, 3rd July 2025, 11:56 am

മുകേഷ് ചെയ്താല്‍ ശരിയാവില്ല, എന്നെ ആ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് പലരും പറഞ്ഞു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുത്താരംകുന്ന് പി. ഒ എന്ന സിബി മലയിലിന്റെ ആദ്യ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മുകേഷ്. ദിലീപ് കുമാര്‍ എന്ന നായക കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മുകേഷ് അവതരിപ്പിച്ചത്.

തന്റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിരുന്നു മുത്താരംകുന്ന് പി.ഒയിലെ ആ കഥാപാത്രമെന്നും ഒരിക്കലും ആ കഥാപാത്രം തനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് പറയുന്നു.

ഒപ്പം തനിയാവര്‍ത്തനം എന്ന സിനിമയിലെ കഥാപാത്രം തനിക്ക് തന്നതില്‍ സിബിയോട് പലരും എതിര്‍പ്പ് പറഞ്ഞിരുന്നെന്നും എന്നാല്‍ എന്നെ ആ റോളില്‍ നിന്ന് മാറ്റാന്‍ അദ്ദേഹം തയ്യാറായില്ലെന്നും മുകേഷ് പറഞ്ഞു.

‘സിബിയും ശ്രീനിവാസനുമെല്ലാം താമസിക്കുന്നത് തിരുവനന്തപുരത്ത് അമൃത ഹോട്ടലിലാണ്. എന്നെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അങ്ങോട്ട് വിളിച്ചതാണ്.

ഞാന്‍ അവിടെ എത്തി. ഇവര്‍ മുത്താരംകുന്നിന്റെ കഥ എന്നോട് പറയുന്നു. സിബിയുടെ പുതിയ പടമാണ്. എനിക്ക് അതില്‍ ഒരു വേഷം കാണുമെന്ന് കരുതി.

ദിലീപ് കുമാര്‍ ഒഴിച്ച് ബാക്കി എല്ലാ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോഴും ഇതായിരിക്കും ഞാന്‍ എന്ന് ചിന്തിച്ചു. ദിലീപ് കുമാറിനെ പറ്റി എനിക്ക് ചിന്തയേ ഇല്ല.

കഥ പറഞ്ഞ് തീര്‍ന്നപ്പോള്‍ സിബി പറഞ്ഞു നീയാണ് ദിലീപ് കുമാര്‍ എന്ന്. അത് വിട്, എന്റെ റോള്‍ ഏതാണ് എന്ന് ചോദിച്ചു. കാര്യം അങ്ങനെ വിശ്വസിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ ശ്രീനി പറഞ്ഞു നീ തന്നെയാണ് ദിലീപ് കുമാറെന്ന്.

അപ്പോഴാണ് ഞാന്‍ വിശ്വസിച്ചത്. അത് എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായ ഒരു ഘട്ടമായിരുന്നു. രണ്ടാമത്തെ ഘട്ടം തനിയാവര്‍ത്തനം എന്ന സിനിമയാണെന്ന് ഞാന്‍ പറയും. ഞാന്‍ അഭിനയിച്ച നല്ല ചിത്രങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമയാണ് അത്.

അതിലെ പ്രസക്തി എന്നത് ആ കാലഘട്ടത്തില്‍ ഞാന്‍ തമാശചിത്രങ്ങളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. പെട്ടെന്ന് സീരിയസായിട്ട് ആളുകള്‍ പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം സിബി എനിക്ക് തന്നു.

തുറന്നുപറയുകയാണ് ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. മുകേഷ് ചെയ്താല്‍ ശരിയാവില്ല, ആളുകള്‍ അത് ലൈറ്റായി എടുക്കുമെന്നൊക്കെ പലരും പറഞ്ഞു.

അപ്പോഴൊക്കെ ഒരു സംവിധായകന്റെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും കൊണ്ട് അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം ആ റോള്‍ എനിക്ക് തന്നു.

അഭിനയിച്ച് കഴിഞ്ഞ് ചിത്രാജ്ഞലിയില്‍ ഡബ്ബിങ് കഴിഞ്ഞ് വന്നപ്പോള്‍ പലരും എന്നെ അഭിനനന്ദിച്ചപ്പോള്‍ സിബി എന്റെ അടുത്ത് വന്നിട്ട് ഒരു സംവിധായകന് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആണ് ഇതെന്ന് പറഞ്ഞു. ഇത് രണ്ടും എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായ സംഭവങ്ങളാണ്,’ മുകേഷ് പറഞ്ഞു.

Content Highlight: Actor Mukesh about Mutharamkunnu po Movie and Sibi malayil

Latest Stories

We use cookies to give you the best possible experience. Learn more