തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സിനിമയില്‍ സജീവമായതിന് ശേഷം തനിക്ക് നഷ്ടപ്പെട്ടു പോയ ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
സിനിമയില്‍ ആരുമാവാത്ത കാലത്ത് അജ്ഞാതനായി നടക്കുന്നതിന്റെ ആനന്ദം താന്‍ അനുഭവിച്ചിരുന്നെന്നും അപ്പോഴെല്ലാം ആള്‍ക്കൂട്ടത്തിന്റെ നടുവിലായിരുന്നു താനെന്നും മോഹന്‍ലാല്‍ പറയുന്നു.
എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് കാലം തന്നെ കയറ്റിയിരുത്തിയപ്പോള്‍ തന്റെ പൊതുജീവിതത്തിന് താന്‍ പോലുമറിയാതെ പല നിയന്ത്രണങ്ങളും നിബന്ധനകളും നിര്‍ബന്ധമായി വന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.
ആള്‍ക്കൂട്ടത്തിലെ തന്റെ ജീവിതകാലം കഴിഞ്ഞു എന്ന കാര്യം വേദനയോടെ തിരിഞ്ഞറിഞ്ഞെന്നും മോഹന്‍ലാല്‍ ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
‘നാല്‍പ്പത്തിയഞ്ചിലധികം വര്‍ഷങ്ങളായി ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ആദ്യ കാലങ്ങളെല്ലാം അലച്ചിലുകളുടേതായിരുന്നു. അക്കാലത്ത് എത്രയോ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിരിക്കുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍.
ഏതൊക്കെയോ സ്ഥലങ്ങള്‍, എത്രയോ രാപ്പകലുകള്‍. പ്രത്യേക പരിഗണനകളൊന്നുമില്ലാത്ത ആരുമാവാത്ത കാലം. അജ്ഞാതനായി നടക്കുന്നതിന്റെ ആനന്ദം അനുഭവിച്ച ദിവസങ്ങള്‍.
അപ്പോഴെല്ലാം ആള്‍ക്കൂട്ടത്തിന്റെ നടുവിലായിരുന്നു ഞാന്‍. അന്നെല്ലാം ഷൂട്ടിങ് അങ്ങനെയാണ്. ഒരേ മനസുള്ള സൗഹൃദങ്ങള്‍ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. തീര്‍ച്ചയായും ആ കാലത്തിന് അതിന്റേതായ ഭംഗിയുണ്ടായിരുന്നു. ആ കാലമാണ് എന്നെ ഞാനാക്കിയത് എന്നും ഞാന്‍ നന്ദിയോടെ തിരിച്ചറിയുന്നു.
എന്റെ അഭിനയ ജീവിതം പിന്നീട് തെളിഞ്ഞുതുടങ്ങി. തിരക്കുപിടിച്ചതായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് ഞാന്‍ കയറിപ്പോയി. അല്ലെങ്കില്‍ കാലം എന്നെ കയറ്റിയിരുത്തി. പ്രേക്ഷകര്‍ എന്നെ സൂപ്പര്‍താരം എന്ന് പേരിട്ടുവിളിച്ചു.
എന്റെ പൊതുജീവിതത്തിന് ഞാന്‍ പോലുമറിയാതെ പല നിയന്ത്രണങ്ങളും നിബന്ധനകളും നിര്‍ബന്ധമായി വന്നു. ആള്‍ക്കൂട്ടത്തിലെ എന്റെ ജീവിതകാലം കഴിഞ്ഞു എന്ന കാര്യം ഞാന്‍ വേദനയോടെ തിരിഞ്ഞറിഞ്ഞു. പതുക്കെ പതുക്കെ ഞാന്‍ തനിച്ചാവാന്‍ തുടങ്ങി.
ആദ്യമൊക്കെ ഈ അവസ്ഥ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഒറ്റയ്ക്കിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ ആരോടെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം എന്ന തോന്നലുണ്ടാവും.
എന്റെ തീവണ്ടിയാത്രകള്‍ നിലച്ചു. ഒരിടത്തുനിന്ന് ഒരിടത്തേക്ക് കൂട്ടിലടച്ചതുപോലെ എനിക്ക് യാത്ര ചെയ്യേണ്ടി വന്നുതുടങ്ങി. അതിപ്പോള്‍ അതിന്റെ പാരമ്യാവസ്ഥയില്‍ തുടരുന്നു,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Actor Mohanlal about his Movie Career and Superstardom