| Wednesday, 11th June 2025, 5:45 pm

ടൂറിസ്റ്റ് ഫാമിലിയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ പേടി അതായിരുന്നു: മിഥുന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിന് പിന്നാലെയുമൊക്കെ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി.

ശശികുമാര്‍, സിമ്രാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ആവേശം എന്ന ചിത്രത്തിലെ ബിബിമോനെ അവതരിപ്പിച്ച മിഥുനും പ്രധാന വേഷത്തിലെത്തിയിരുന്നു.

ടൂറിസ്റ്റ് ഫാമിലിയിലേക്കുള്ള തന്റെ എന്‍ട്രിയെ കുറിച്ചും സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോഴുണ്ടായ ടെന്‍ഷനെ കുറിച്ചുമൊക്കെ പറയുകയാണ് മിഥുന്‍.

മറ്റൊരു ഇന്‍ഡസ്ട്രിയിലേക്കാണ് അഭിനയിക്കാന്‍ പോകുന്നത് എന്നത് തന്നെ വലിയൊരു ടെന്‍ഷനായിരുന്നെന്നും എന്നാല്‍ അവിടെ ചെന്നശേഷം എല്ലാവരുമായി എളുപ്പത്തില്‍ സിങ്കായെന്നും മിഥുന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍.

‘മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസാണ് എന്നെ ആദ്യം വിളിച്ചത്. അവരുടെ ഗുഡ് നൈറ്റും ലവറും ഞാന്‍ നേരത്തെ കണ്ടിരുന്നു. രണ്ടും ഇഷ്ടപ്പെട്ടതായിരുന്നു.

അവരുടെ ടീമില്‍ നിന്നും അടുത്ത പടം വരുന്നു എന്ന് കേട്ടപ്പോള്‍ എക്‌സൈറ്റഡായി. അങ്ങനെ ചെന്നു. അബി ബ്രോയുടെ നരേഷന്‍ ഭയങ്കര അടിപൊളിയായിരുന്നു.

പടം കാണുന്ന ഫീല്‍ കിട്ടും. സിമ്രാന്‍ മാമിന്റെ ഡയലോഗ് പറയുമ്പോള്‍ അവരുടെ മോഡുലേഷനില്‍, കുട്ടിയുടെ ഡയലോഗ് പറയുമ്പോള്‍ അവരുടെ മോഡുലേഷനില്‍, അത് കേള്‍ക്കാന്‍ ഭയങ്കര രസമായിരുന്നു.

മുന്നില്‍ ലാപ്‌ടോപ്പ് ഉണ്ടെങ്കിലും അത് നോക്കില്ല. ഡയലോഗ് അടക്കം എല്ലാം അറിയാം. ആ നരേഷനും പ്രൊഡക്ഷനും കാസ്റ്റിങ്ങും എല്ലാം പടത്തില്‍ ഇന്‍ ആകാന്‍ കാരണമായി.

എനിക്ക് അത്യാവശ്യം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. നമ്മള്‍ വേറെ ഒരു ഇന്‍ഡസ്ട്രിയിലേക്കാണല്ലോ പോകുന്നത്. ശശി സാറാണെങ്കിലും സിമ്രാന്‍ മാം ആണെങ്കിലും അബി ബ്രോ ആണെങ്കിലും എല്ലാവരും നല്ല ഹെല്‍പായിരുന്നു.

ഡയറക്ഷന്‍ ടീം എല്ലാം 25 വയസ് 26 ഏജുള്ളവരാണ്. നമുക്ക് ഭയങ്കരമായി വൈബ് കണക്ടാവും. സംസാരിക്കാനുള്ള ബുദ്ധിമുട്ടൊക്കെ മാറി. ഞാന്‍ കുറച്ച് പറയുമ്പോള്‍ തന്നെ അവര്‍ക്ക് മനസിലാകും എന്താണ് ഉദ്ദേശിക്കുന്നത് എന്ന്.

പിന്നെ നമ്മള്‍ ചെറുപ്പം തൊട്ടേ തമിഴ് സിനിമകള്‍ എല്ലാം കാണുന്നത് കൊണ്ട് ഭാഷ ഒരുവിധം അറിയാമായിരുന്നു. പക്ഷേ ശ്രീലങ്കന്‍ തമിഴിലേക്ക് വരുമ്പോള്‍ ഞാന്‍ അല്പം കോണ്‍ഷ്യസ് ആയിരുന്നു.

ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ട് മൂന്നാഴ്ച മുന്നേ പ്രാക്ടീസ് തുടങ്ങിയിരുന്നു. പ്രിപ്പേര്‍ഡ് ആയിട്ടാണ് പോയത്. അവിടെ ചെന്ന ശേഷം നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.

അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ പോയി. ഡബ്ബിങ് സമയത്ത് അത്യാവശ്യം കഷ്ടപ്പെട്ടു. പറഞ്ഞുതരാന്‍ ഒരു പുള്ളിക്കാരി ഉണ്ടായിരുന്നു. അന്ന് കുറച്ച് കഷ്ടപ്പെടുത്തിത്തന്നെ ചെയ്യിപ്പിച്ചെടുത്തു,’ മിഥുന്‍ പറഞ്ഞു.

Content Highlight: Actor Midhun about Tourist Family

We use cookies to give you the best possible experience. Learn more