| Friday, 4th July 2025, 5:04 pm

അന്ന് മമ്മൂക്കയ്ക്ക് ബീഡി വലിക്കുന്ന ശീലമുണ്ട്: തീപ്പെട്ടിയുണ്ടോ എന്ന് കൂടിനില്‍ക്കുന്നവരോടായി ചോദിച്ചു: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി നടന്‍ മമ്മൂട്ടിയെ നേരിട്ടു കണ്ട ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ മനോജ് കെ.ജയന്‍. തിരുവനന്തപുരത്ത് സിനിമാ അഭിനയം പഠിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂക്ക എത്തിയപ്പോഴുണ്ടായ കഥയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ. ജയന്‍ പങ്കുവെക്കുന്നത്.

‘ 1986 ല്‍ ചിത്രാജ്ഞലി സ്റ്റുഡിയോയുടെ താഴെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി. എനിക്കാണെങ്കില്‍ സൂളിലും കോളേജിലുമൊന്നും അഭിനയിച്ച് ശീലമില്ല.

എന്നാല്‍ എനിക്ക് സിനിമയില്‍ അഭിനയിക്കുകയും വേണം. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലൊന്നും നമുക്ക് കിട്ടില്ല. അങ്ങനെ ഇവിടെ വന്ന് ചേര്‍ന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു ഹോസ്റ്റലുണ്ട്. 2 കിലോമീറ്റര്‍ അപ്പുറത്താണ്.

അവിടെ ആറേഴ് റൂമുള്ള ഒരു ബംഗ്ലാവാണ്. ആക്ടിങ്, ഡയറക്ഷന്‍ സ്റ്റുഡന്റ്‌സാണ് എല്ലാവരും. ഒരു ദിവസം ഹോസ്റ്റല്‍ വാര്‍ഡന്‍ വന്നിട്ട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.

നാളെ മമ്മൂട്ടിയുടെ ഒരു പടത്തിന്റെ ഷൂട്ട് നടക്കുന്നുണ്ട്. നിങ്ങള്‍ അതും പറഞ്ഞ് ഇവിടെ നില്‍ക്കരുത് പഠിക്കാന്‍ പോയ്‌ക്കോളണം എന്ന് പറഞ്ഞു.

അതിച്ചിരിക്രൂരമായി പോയല്ലോ എന്ന് തോന്നി. മമ്മൂക്ക നമ്മള്‍ താമസിക്കുന്നിടത്ത് വരികയാണല്ലോ. ഞങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയെങ്കിലും 1 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു.

നോക്കുമ്പോള്‍ മമ്മൂക്ക അവിടെ ഇരിപ്പുണ്ട്. ഞാന്‍ കിടക്കുന്ന റൂമിലാണ് ഒരു മേജര്‍ സീന്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ മമ്മൂക്കയുടെ ചുറ്റും കൂടി നിന്നു.

അന്ന് അദ്ദേഹം ബീഡി വലിക്കുന്ന കാലമാണ്. അയ്യോ മമ്മൂട്ടി, എന്നാ ഗ്ലാമറാ അല്ലേ ഡാ എന്നൊക്കെ ചോദിച്ച് ഞങ്ങള്‍ ചുറ്റുമിങ്ങനെ നില്‍ക്കുകയാണ്.

പെട്ടെന്ന് പുള്ളി ഇങ്ങനെ തീപ്പെട്ടി അന്വേഷിക്കുന്നു. ആരുടെയെങ്കിലും കയ്യില്‍ തീപ്പെട്ടിയുണ്ടോ എന്ന് അന്വേഷിച്ചു. ഞാനെടുത്ത് കൊടുക്കാന്‍ തുടങ്ങിയതും വേറൊരുത്തന്‍ എടുത്തുകൊടുത്തു.

അവനോട് എനിക്ക് അപ്പോള്‍ തോന്നിയ കലിപ്പ്. നിങ്ങള്‍ എന്താ പഠിക്കുന്നത് ആക്ടിങ്ങോ, കൊള്ളാം ഓള്‍ ദി ബെസ്റ്റ്, ഷോട്ടിന് വിളിക്കുന്നു എന്ന് പറഞ്ഞ് പുള്ളി പോയി.

ഒരു ദിവസം മുഴുവന്‍ ഈ ഹോസ്റ്റലില്‍ മമ്മൂക്ക ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ ഈ കഥ മമ്മൂക്കയോട് പറഞ്ഞിരുന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Actor Manoj K Jayan about His First meeting with Mammootty

Latest Stories

We use cookies to give you the best possible experience. Learn more