| Wednesday, 21st May 2025, 12:56 pm

വല്ലാതങ്ങ് ഓഞ്ഞു പോയല്ലോ എന്ന് അയാള്‍ ഉറക്കെ വിളിച്ചുചോദിച്ചു; അതിനേക്കാള്‍ ഉറക്കെ ഞാനും ഒരു മറുപടി നല്‍കി: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാന്‍സര്‍ എന്ന രോഗത്തെ അതിജീവിച്ച് അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ മണിയന്‍പിള്ള രാജു.

അസുഖത്തിന്റെ ഭാഗമായി തന്റെ ശരീരഭാരം വല്ലാതെ കുറഞ്ഞതിനെ കുറിച്ചും ചിലരില്‍ നിന്നും കേട്ട കമന്റുകളെ കുറിച്ചുമൊക്കെ പറയുകയാണ് മണിയന്‍പിള്ള രാജു.

ഒരു വിവാഹപാര്‍ട്ടിക്ക് ചെന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ വളരെ മോശമായ രീതിയില്‍ ഒരു കമന്റ് പറഞ്ഞെന്നും എന്നാല്‍ അതിന് തമാശ രൂപേണ താനൊരു മറുപടി പറഞ്ഞെന്നും മണിയന്‍പിള്ള രാജു പറയുന്നു.

താങ്കള്‍ മരിച്ചുപോയെന്ന് കേട്ടല്ലോ ഉള്ളതാണോ എന്ന് തന്നെ തന്നെ വിളിച്ചു ചോദിച്ചവരുണ്ടെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.

‘ കാന്‍സര്‍ വന്നു, ഇനി തീര്‍ന്നു എന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഞാന്‍ ഫൈറ്റ് ചെയ്യും ഇനിയും അഭിനയിക്കും ഇനിയും പടങ്ങള്‍ പ്രൊഡ്യൂസ് ചെയ്യും ആ നിലപാടിലാണ് ഞാന്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്.

ചിലര്‍ വിവരമില്ലായ്മകൊണ്ട് പബ്ലിക്കില്‍ വെച്ച് ചില ഡയലോഗുകള്‍ പറയും. ഒരാള്‍ ഞാന്‍ മരിച്ചുപോയോ എന്ന് എന്നോട് തന്നെ വിളിച്ചുചോദിച്ചു.

എന്തൊരു സ്റ്റുപ്പിഡ് ക്വസ്റ്റ്യന്‍ ആണ് ചോദിക്കുന്നത് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അല്ല അങ്ങനെ ഒരു വാര്‍ത്ത കണ്ടു. ഉള്ളതാണോ എന്നറിയാന്‍ വിളിച്ചതാണെന്ന് പറഞ്ഞു. അതൊക്കെ ഒരു തമാശയായിട്ടേ ഞാന്‍ എടുക്കുന്നുള്ളൂ.

അടുത്തിടെ ഒരു വിവാഹ റിസപ്ഷന് പോയതാണ്. ഒരു പ്രായമായ ആള്‍. അയാള്‍ക്ക് തമാശയന്ന് തോന്നിക്കാണും. ഞാന്‍ നടന്നുപോകുമ്പോള്‍ അയാള്‍ ഉറക്കെ വിളിച്ചു ചോദിക്കുകയാണ് ഷുഗര്‍ അടിച്ചല്ലേ വല്ലാതെ ഓഞ്ഞുപോയല്ലോ വാര്‍ന്നു പോയല്ലോ എന്ന്.

അപ്പോള്‍ ഞാന്‍ അതിനേക്കാള്‍ ഉച്ചത്തില്‍ ഷുഗര്‍ ഒന്നുമല്ല അതിനേക്കാള്‍ വലിയ സാധനം കാന്‍സര്‍, കാന്‍സര്‍ വന്ന് രക്ഷപ്പെട്ട ആളാണ് ഞാന്‍, ഓക്കെയല്ലേ എന്ന് ചോദിച്ചു.

പിന്നെ ആള്‍ക്കാര്‍ അയാള്‍ക്ക് നേരെ തിരിഞ്ഞു. വയ്യാത്ത ഒരാളിന്റെ അടുത്ത് ഇങ്ങനെ ആണോ ചോദിക്കുന്നത് എന്ന് ചോദിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ 16 കിലോ കുറഞ്ഞുപോയി എന്നതാണ് സങ്കടം.

ചില ഭക്ഷണങ്ങളിലൊക്കെ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. രുചിനോക്കി കുറ്റംപറയുന്ന ആളായിരുന്നു ഞാന്‍. ഭാര്യയാണ് കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ നോക്കിയത്. ഇപ്പോള്‍ എല്ലാം മാറി വരുന്നു. ജിമ്മിലൊക്കെ പോയി എക്‌സര്‍സൈസൊക്കെ ചെയ്ത് പഴയ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Actor Maniyanpilla Raju about Cancer Recovery

Latest Stories

We use cookies to give you the best possible experience. Learn more