1983 ല്‍ പദ്മരാജന്റെ സംവിധാനത്തില്‍ മമ്മൂട്ടി, സുഹാസിനി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കൂടെവിടെ. റഹ്‌മാന്‍ എന്ന നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു കൂടെവിടെ. ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം കൂടെവിടെയിലെ അഭിനയത്തിന് റഹ്‌മാന് ലഭിച്ചു.
എന്നാല്‍ കൂടെവിടെയിലെ ആ കഥാപാത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് റഹ്‌മാന്‍ ആയിരുന്നില്ലെന്നും തന്റെ ഒരു ചോദ്യത്തില്‍ നിന്നാണ് സംവിധായകന്‍ പദ്മരാജന്‍ റഹ്‌മാനെ കൊണ്ടുവരുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.
‘ഊട്ടിയിലാണ് ഷൂട്ട്. പദ്മരാജന്‍ ചേട്ടനുണ്ട്. ഒരു പയ്യനുണ്ട്. അവന്റെ ചേട്ടനുണ്ട്. രാജു, ഇതിന്റെ സ്‌ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്ക് എന്ന് പറഞ്ഞ് പദ്മരാജന്‍ ചേട്ടന്‍ സിനിമയുടെ സ്‌ക്രിപ്റ്റ് എനിക്ക് തന്നു.
ഈ പയ്യനാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞ് അവനെ പരിചയപ്പെടുത്തി. അങ്ങനെ ഞാന്‍ മുറിയില്‍ പോയി സ്‌ക്രിപ്‌റ്റൊക്കെ വായിച്ചുകഴിഞ്ഞ ശേഷം പദ്മനാഭന്‍ ചേട്ടന്റെ അടുത്ത് പോയി.
ചേട്ടാ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ചു. ഔട്ട് സ്റ്റാന്റിങ് ആണെന്ന് പറഞ്ഞു. ഗംഭീരമായിരിക്കുന്നു എന്ന് പറഞ്ഞു. കലക്കിയില്ലേ എന്ന് ചോദിച്ചു. കലക്കി പക്ഷേ ആ പയ്യന്‍ മിസ് കാസ്റ്റ് ആണെന്ന് പറഞ്ഞു.
അപ്പോള്‍ തന്നെ പുള്ളിയുടെ മുഖം മാറി. ചെറിയ കാര്യങ്ങള്‍ക്ക് കൂടി ടെന്‍ഷനാകുന്ന ആളാണ് പുള്ളി.
ആ പയ്യന്‍ സുഹാസിനിയുടെ കൂടെ നടന്നാല്‍ മമ്മൂട്ടിക്ക് ഒരു സംശയവും തോന്നില്ല. അത്യാവശ്യം എന്തെങ്കിലും ചെയ്യാന്‍ കപ്പാസിറ്റിയുള്ള പയ്യനാണെങ്കിലേ ആ പൊസസീവ്‌നെസ് വര്‍ക്ക് ചെയ്യുകയുള്ളൂ എന്ന് പറഞ്ഞു.
പുള്ളി പല്ല് കടിച്ചിങ്ങനെ ഇരുന്നു. അതോടെ എന്റെ റോളും പോയെന്ന് ഞാനുറപ്പിച്ചു. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒന്നിച്ച് പോകാന്‍ പറ്റിയേക്കുമെന്ന് തോന്നി. അങ്ങനെ പുള്ളി ഒരു സിഗരറ്റ് കത്തിക്കാന്‍ വേണ്ടി വെൡയിലേക്ക് പോയി.
ഞാനെന്റെ മുറിയില്‍ പോയി എന്റെ ഡ്രസൊക്കെ പാക്ക് ചെയ്തു. നാളെ രാവിലെ പോകേണ്ടി വരുമെന്ന് തോന്നി. അത് കഴിഞ്ഞ് ഞാന്‍ രാത്രി കിടന്നുറങ്ങി. വീട്ടില്‍ പറഞ്ഞപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയാതിരുന്നൂടായിരുന്നോ മിണ്ടാതിരുന്നൂടായിരുന്നോ എന്നൊക്കെ ചോദിച്ചു.
പക്ഷേ എനിക്ക് അത് പറ്റില്ല.
പിറ്റേന്ന് രാവിലെ പദ്മരാജന്‍ ചേട്ടന്‍ എന്റെ മുറിയില്‍ വന്ന് ഒരു അഞ്ചാറ് ഫോട്ടോ കാണിച്ചു. ഇതിനകത്ത് നിന്ന് ഒരു പയ്യനെ ഞാന്‍ വിളിച്ചിട്ടുണ്ട്. അവന്റെ അച്ഛന്‍ അയച്ചതാണ് ഈ ഫോട്ടോ എന്ന് പറഞ്ഞു.
ഇതില്‍ ഏതെങ്കിലും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു. കാര്യമായിട്ട് ഒന്നും ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു. ഈ പയ്യന്‍ എങ്ങനെയുണ്ടെന്ന് ചോദിച്ച് ഒരു ഫോട്ടോ കാണിച്ചു.
അവന്റെ പരീക്ഷയാണ്. ഇവിടെ അപ്പുറത്തുള്ള സ്‌കൂളിലാണ് അവന്‍ പഠിക്കുന്നത്. ആ പയ്യന്‍ ഇപ്പോള്‍ വരും. രാജുവൊന്ന് നോക്ക് എന്ന് പറഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോള്‍ നീല ജീന്‍സും ചുവന്ന ബനിയനും ഇട്ട് ഒരു പയ്യന്‍ വെൡയില്‍ നില്‍ക്കുന്നു. എങ്ങനെയുണ്ടെന്ന് ചോദിച്ചു,
ഉം..ഇവന്‍ കൂടെ നടന്നാല്‍ മമ്മൂട്ടി സംശയിക്കും. അത്യാവശ്യം മീശയും താടെയും പൂച്ചപ്പൂടയുമൊക്കെയുണ്ട്. കറക്ട് ആണെന്ന് പറഞ്ഞു. അങ്ങനെ അവനെ കാസ്റ്റ് ചെയ്തു. റഹ്‌മാന്‍ അങ്ങനെയാണ് ആ പടത്തില്‍ വരുന്നത്,’ മണിയന്‍ പിള്ള രാജു പറഞ്ഞു.
Content Highlight: Actor Maniyanpilla Raju about Actor Rahman and Koodevide Movie