വിജയത്തേക്കാള്‍ ഏറെ പരാജയം നേരിട്ട ആളാണ് താനെന്ന് പറയുകയാണ് നടന്‍ മണിക്കുട്ടന്‍. എന്നാല്‍ ആ പരാജയങ്ങളാണ് തനിക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജം തന്നതെന്നും അദ്ദേഹം പറയുന്നു.
അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ തേടിവന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ചില അനുഭവങ്ങളുമൊക്കെ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ പങ്കുവെക്കുന്നുണ്ട്.
‘പരാജയങ്ങളേ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ. വിജയങ്ങള്‍ വളരെ കുറവാണ്. ലൈഫിലെ ചില എക്‌സ്പീരിയന്‍സുകളാണല്ലോ എല്ലാ കാര്യങ്ങളേയും ഫേസ് ചെയ്യാന്‍ നമ്മളെ പഠിപ്പിക്കുന്നത്.
എന്റെ പപ്പ ഒരു ഡ്രൈവറായിരുന്നു. പണ്ട് ഞാന്‍ കൊച്ചായിരിക്കുമ്പോള്‍, ഞങ്ങള്‍ ഒരു സ്ഥലത്ത് ടൂര്‍ പോയി. അവധിയുള്ള സമയത്ത് പപ്പ എന്നേയും കൊണ്ടു അങ്ങനെ പോകാറുണ്ട്.
അങ്ങനെ പോയ സമയത്ത് ഞങ്ങള്‍ ഒരുവലിയ ഹോട്ടലില്‍ ഫുഡ് കഴിക്കാന്‍ കയറി. അവിടെ ചെന്ന് നമ്മള്‍ ഇരുന്ന സമയത്ത് നമുക്ക് അവര്‍ ആഹാരം തന്നില്ല.
നമ്മുടെ ഡ്രസൊക്കെ വളരെ മുഷിഞ്ഞതായിരുന്നു. ബാക്കി എല്ലാവര്‍ക്കും ഇവര്‍ ഫുഡ് കൊടുക്കുന്നുണ്ട്. നമ്മളിലേക്ക് ഫുഡ് വരുന്നില്ല. ഞാന്‍ ഒന്നാം ക്ലാസിലോ മറ്റോ ആണ്.
അതെനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. പപ്പ, ഫുഡ് വരുന്നില്ലല്ലോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ മക്കളേ വരും, വരും എന്ന് പപ്പ പറയുന്നുണ്ട്. അര മണിക്കൂറ് കഴിഞ്ഞിട്ടും ഫുഡ് വരാതിരുന്നപ്പോള്‍ എന്നാല്‍ നമുക്ക് എഴുന്നേല്‍ക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ എഴുന്നേറ്റു.
പപ്പയ്ക്ക് അത് വലിയ വിഷമമായി. ഞാന്‍ എഴുന്നേറ്റ് വളരെ കൂളായി നടന്നുപോയി. അത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. അത്തരത്തില്‍ ജീവിതത്തിലുള്ള എക്‌സ്പീരിയന്‍സ് പലതും ഉണ്ട്.
അത് ജീവിതത്തിന്റെ ഒരു പരാജയമാണ്. ഇങ്ങനെയുള്ള അനുഭവം കിടക്കുന്ന എനിക്ക് പരാജയം വരുമ്പോഴോ ആളുകള്‍ കളിയാക്കുമ്പോഴോ വിഷമം വരാറില്ല. നമ്മളെ സംബന്ധിച്ച് നേടാനേ ഉള്ളൂ. നഷ്ടപ്പെടാന്‍ ഒന്നുമില്ല.
പിന്നെ സിനിമയിലേക്ക് വന്നാല്‍ സിനിമ ചെയ്യുക എന്നത് എന്റെ ആവശ്യമാണ്. സിനിമയുടെ ആവശ്യമല്ല ഞാന്‍ നിലനില്‍ക്കുക എന്നത്. ഞാന്‍ ചിന്തിക്കുന്നത് കുറച്ചെങ്കിലും സിനിമകള്‍ വരുന്നുണ്ടല്ലോ എന്നതാണ്.
നീ വിതയ്ക്കുന്നതേ നീ കൊയ്യൂ എന്നാണല്ലോ. സിനിമയിലേക്ക് നോക്കിയാല്‍ തന്നെ നമുക്ക് മനസിലാകും. വന്ന ഉടന്‍ തന്നെ ഒരുപാട് സിനിമകള്‍ കിട്ടുന്ന ആള്‍ക്കാരുണ്ട്.
കുറേ വര്‍ഷങ്ങള്‍ക്കുശേഷം സിനിമ കിട്ടുന്ന ആള്‍ക്കാരുണ്ട്. കുറേക്കാലം സിനിമയില്‍ നിന്ന് മാറി നിന്നിട്ട് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നവരുണ്ട്.
സിനിമയെ ഞാന്‍ ഒരുപാട് വിശ്വസിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ നമുക്ക് അത് എന്തെങ്കിലും തരുമെന്ന വിശ്വാസമുണ്ട്. ആക്ടിങ്ങിനേക്കാള്‍ സിനിമയാണ് എന്റെ പാഷന്‍.
ഇതുവരെ ആരുടെ അടുത്തും കടം ചോദിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ഡിഗ്രി കഴിഞ്ഞയുടന്‍ നേരെ സിനിമ എന്ന് പറഞ്ഞ് ഇറങ്ങിയ ആളാണ് ഞാന്‍. ദുബായിലോ മറ്റോ പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്ന് കരുതിയ എന്നെ തേടി എന്തോ ഭാഗ്യം പോലെ കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രം വരുന്നു.
ഞാന്‍ അഭിനയം എവിടെയും പോയി പഠിച്ചിട്ടില്ല. പിന്നെയുള്ള യാത്രയില്‍ സിനിമ തേടി വന്നു. അതിന് ശേഷം സിനിമ കുറഞ്ഞു. സിനിമ എനിക്ക് ഡിസിപ്ലിന്‍ തന്നിട്ടുണ്ട്. ഒരു റിഗ്രറ്റും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.
സിനിമ ഉണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ബാക്കിയുള്ളവര്‍ എന്നെ കളിയാക്കുന്നതോ ഒന്നും വിഷയമല്ല. എന്നെ തന്നെ ഞാന്‍ സന്തോഷമായി വെച്ചിരിക്കാന്‍ ശ്രമിക്കാറുണ്ട്,’ മണിക്കുട്ടന്‍ പറഞ്ഞു.
Content Highlight: Actor Manikuttan about His Life Cinema Success and Failures