ഒരു കഥാപാത്രവും എന്നെ ഭയപ്പെടുത്തുന്നില്ല; അഭിനയത്തോടുള്ള അഭിനിവേശവും സമർപ്പണവുമാണ് എന്റെ ശക്തി: മമ്മൂട്ടി
Malayalam Cinema
ഒരു കഥാപാത്രവും എന്നെ ഭയപ്പെടുത്തുന്നില്ല; അഭിനയത്തോടുള്ള അഭിനിവേശവും സമർപ്പണവുമാണ് എന്റെ ശക്തി: മമ്മൂട്ടി
നന്ദന എം.സി
Wednesday, 10th June 2026, 7:29 am

മലയാള സിനിമയുടെ അഭിമാനതാരവും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമായ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. പത്മഭൂഷൺ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ദൂരദർശൻ സംപ്രേഷണം ചെയ്ത പ്രത്യേക ഡോക്യുമെന്ററിയിലാണ് താരം തന്റെ അഭിനയ തത്വങ്ങളെക്കുറിച്ചും സിനിമയോടുള്ള സമീപനത്തെക്കുറിച്ചും മനസുതുറന്നത്.

മമ്മൂട്ടി, Photo: Mammootty/ Facebook

അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായി തുടരുന്ന മമ്മൂട്ടി, ഓരോ കഥാപാത്രത്തെയും പുതുമയോടെ സമീപിക്കാനുള്ള ആഗ്രഹമാണ് ഇന്നും തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് വ്യക്തമാക്കി. അനുഭവസമ്പത്തിന്റെ കരുത്തുണ്ടെങ്കിലും ഒരു നടൻ എപ്പോഴും പഠിച്ചുകൊണ്ടിരിക്കേണ്ട ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഒരു മികച്ച നടനാകാൻ വർഷങ്ങളുടെ അനുഭവം വേണം. എന്നാൽ ഓരോ കഥാപാത്രത്തെയും പുതുമയോടെ സമീപിക്കുന്ന ഒരു നടനായി തുടരാൻ അതിലും കൂടുതൽ സമയം ആവശ്യമാണ്. ഒരു കഥാപാത്രവും എന്നെ ഭയപ്പെടുത്തുന്നില്ല. കാരണം അഭിനയത്തോടുള്ള എന്റെ അഭിനിവേശവും സമർപ്പണവുമാണ് എന്റെ ഏറ്റവും വലിയ ശക്തി,’ എന്നാണ് മമ്മൂട്ടി പറയുന്നത്.

ഒരു നടന്റെ വളർച്ച ഒരിക്കലും അവസാനിക്കുന്നില്ലെന്നും, ഓരോ കഥാപാത്രവും പുതിയ പഠനാനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ സിനിമാ യാത്രയെ തന്നെ അടയാളപ്പെടുത്തുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞടുക്കുന്നതിൽ എല്ലായ്പ്പോഴും ധൈര്യം കാണിച്ചിട്ടുള്ള നടനാണ് അദ്ദേഹം. പ്രായവും താരപദവിയും മറന്ന് പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന അദ്ദേഹത്തിന്റെ സമീപനമാണ് ഇന്നും പ്രേക്ഷകരെയും സിനിമാ പ്രവർത്തകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നത്.

അടുത്തകാലത്തായി പുറത്തിറങ്ങിയ ബ്രഹ്മയുഗം, കാതൽ ദി കോർ, കളങ്കാവൽ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മമ്മൂട്ടി, Photo: Mammootty/ Facebook

പതിവ് നായകസങ്കൽപ്പങ്ങളിൽ നിന്ന് മാറി സഞ്ചരിച്ച ഈ കഥാപാത്രങ്ങൾ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ നേടി. കഥാപാത്രങ്ങളുടെ വൈവിധ്യവും അഭിനയത്തിലെ സൂക്ഷ്മതയും കൊണ്ടാണ് അദ്ദേഹം ഇന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പ്രകടനക്കാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നത്.

സിനിമയോടുള്ള അടങ്ങാത്ത ആവേശവും ഓരോ കഥാപാത്രത്തെയും പുതുതായി കണ്ടെത്താനുള്ള മനസുമാണ് തന്റെ കരുത്തെന്ന് മമ്മൂട്ടി വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.

അനുഭവങ്ങളുടെ ഉയരങ്ങളിലെത്തിയിട്ടും പഠിക്കാനും മാറാനും തയ്യാറായിരിക്കുന്ന അദ്ദേഹത്തിന്റെ ഈ സമീപനമാണ് തലമുറകൾക്കപ്പുറവും മലയാള സിനിമയിലെ മഹാനടനായി അദ്ദേഹത്തെ നിലനിർത്തുന്നതെന്ന് ആരാധകരും സിനിമാപ്രേമികളും അഭിപ്രായപ്പെടുന്നു.

Content Highlight: Actor Mammootty says no character scares him

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.