യുദ്ധത്തില്‍ രണ്ടുകൂട്ടരും തോല്‍ക്കാം; മനുഷ്യര്‍ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം: മമ്മൂട്ടി
Kerala
യുദ്ധത്തില്‍ രണ്ടുകൂട്ടരും തോല്‍ക്കാം; മനുഷ്യര്‍ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം: മമ്മൂട്ടി
ഐറിന്‍ മരിയ ആന്റണി
Sunday, 1st March 2026, 9:38 pm

കൊച്ചി: ഇറാന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. ടി.വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50വര്‍ഷങ്ങള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പുറത്തൊരു യുദ്ധം നടക്കുന്നുണ്ടെന്നും ആര് ജയിക്കുമെന്ന് അറിയില്ല, എന്നാല്‍ മനുഷ്യര്‍ ജയിക്കണം എന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.

‘ സിനിമയിലും തര്‍ക്കങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. ചിലര്‍ ജയിക്കും ചിലപ്പോള്‍ രണ്ട് കൂട്ടരും തോല്‍ക്കും. അത് എല്ലാ യുദ്ധങ്ങളിലും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ ഇവിടെയൊരു യുദ്ധം നടക്കുന്നുണ്ട്, ഈ യുദ്ധത്തില്‍ മനുഷ്യര്‍ ജയിച്ചാല്‍ മതിയെന്നാണ് എന്റെ ആഗ്രഹം. മനുഷ്യര്‍ അല്ലെങ്കില്‍ മനുഷ്യത്വമെങ്കിലും ജയിക്കണം,’ മമ്മൂട്ടിയുടെ വാക്കുകള്‍.

ഇന്നലെയാണ് ഇറാനില്‍ ഇസ്രഈലും യു.എസും ചേര്‍ന്ന് ആക്രമണം ആരംഭിച്ചത്. ഇസ്രഈലിന്റെ ആക്രമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 200ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനിയന്‍ സായുധ സേന മേധാവി അബ്ദുല്‍ റഹിം മൗസവിയും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ (ശനി) രാവിലെ ഇറാനിലുടനീളം ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടെയാണ് മൗസവി കൊല്ലപ്പെട്ടത്. ഇന്നലെ തെക്കന്‍ ഇറാനിലെ മിനാബില്‍ നടന്ന ഇസ്രഈല്‍ ആക്രമണത്തില്‍ നൂറിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മരിച്ചു.

Content Highlight:  Actor Mammootty responds to Iran-Israel conflict

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.