തന്റെ അഭിനയജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ സിനിമകളെക്കുറിച്ചും ഇനി അഭിനയിക്കാനുള്ള ആഗ്രഹമില്ലാത്തതിനെക്കുറിച്ചും മനസുതുറന്ന് നടൻ മധു. ആദ്യകാല സിനിമാജീവിതത്തിൽ തനിക്ക് ഏറെ സംതൃപ്തി നൽകിയ ചിത്രം ‘ഭാർഗവീനിലയം’ ആണെന്നും, പിന്നീട് ജയരാജ് സംവിധാനം ചെയ്ത ‘കുടുംബസമേതം’ വലിയ സംതൃപ്തി നൽകിയ സിനിമയാണെന്നും നടൻ മധു മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭാർഗവീനിലയത്തിൽ ഇന്റർവെൽ വരെ മാത്രമാണ് തന്റെ കഥാപാത്രത്തിന് കാര്യമായ പ്രാധാന്യമുള്ളതെങ്കിലും, ആ സിനിമയിലൂടെയാണ് താൻ ഒരു നടനാണെന്ന് സ്വയം തെളിയിക്കാൻ സാധിച്ചതെന്ന് മധു പറഞ്ഞു.
‘എന്റെ ആദ്യകാല സിനിമാജീവിതത്തിൽ വളരെ സംതൃപ്തി തോന്നിയത് ‘ഭാർഗവീനിലയം’ ആണ്. അതിനകത്താണ് ആദ്യമായി ഒരുപക്ഷേ ഞാൻ തന്നെ ഒരു ആക്ടറാണെന്ന് എസ്റ്റാബ്ലിഷ് ചെയ്യാൻ സാധിച്ചത്,’ മധു പറഞ്ഞു.
തുടർന്ന് നിരവധി നല്ല സിനിമകളുടെ ഭാഗമായെങ്കിലും, വീണ്ടും അഭിനയത്തിൽ പൂർണ സംതൃപ്തി തോന്നിയത് ‘കുടുംബസമേതം’ ചെയ്തപ്പോഴാണെന്നും മധു വ്യക്തമാക്കി. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ആദ്യാവസാനം വരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിനകത്ത് ആഴത്തിൽ പ്രവർത്തിക്കാൻ സാധിച്ചതാണ് ആ സിനിമയെ തനിക്ക് പ്രിയപ്പെട്ടതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കുടുംബസമേതം ചെയ്തപ്പോൾ നല്ല സംതൃപ്തിയും മനസുഖവും ലഭിച്ചിരുന്നു. അതിലെ കഥാപാത്രം ഞാൻ കാരണം മാത്രമല്ല, ആദ്യം മുതൽ അവസാനം വരെ ഹീറോ എന്ന് വിളിക്കാൻ പറ്റുന്ന ഒരാളാണ് ആ കഥാപാത്രം. അതിനകത്ത് ശരിക്കും നന്നായി വർക്ക് ചെയ്യാൻ സാധിച്ചു,’ മധു പറഞ്ഞു.
തന്റെ പഴയ സിനിമകളിൽ ഏതെങ്കിലും ഒന്ന് വീണ്ടും തിയറ്ററുകളിലെത്തിക്കുകയാണെങ്കിൽ ‘സിന്ദൂരച്ചെപ്പ്’ ആയിരിക്കും തെരഞ്ഞെടുക്കുകയെന്നും മധു വ്യക്തമാക്കി. ചിത്രത്തിന്റെ കഥയും പശ്ചാത്തലവും കേരളത്തിന്റെ തനത് ജീവിതവുമായി ചേർന്നുനിൽക്കുന്നതാണ് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആനയെ വെച്ചുള്ള ഒരു നല്ല പടം വേറെ ഉണ്ടായിട്ടില്ല മലയാളത്തിൽ. അത് കേരളത്തിൽ മാത്രമേ എടുക്കാൻ സാധിക്കൂ. ആ കഥ ഇവിടെ മാത്രമേ പറ്റൂ. അങ്ങനെയുള്ള ഒരു നാടിന്റെ തന്നെ കഥയാണത്. മറ്റു സിനിമകളെല്ലാം അഡാപ്റ്റ് ചെയ്ത് കൊണ്ടുപോകാം. പക്ഷെ ആ സിനിമ അങ്ങനെയായിരുന്നില്ല,’ മധു പറഞ്ഞു.
ഇനി അഭിനയിക്കണമെന്നുള്ള പ്രത്യേക ആഗ്രഹമൊന്നും തനിക്കില്ലെന്നും മധു വ്യക്തമാക്കി. അഭിനയരംഗത്ത് ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ അവസരങ്ങൾ ലഭിച്ചുവെന്നും അതിൽ താൻ പൂർണ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
‘ആഗ്രഹം എത്രത്തോളം ആഗ്രഹിച്ചോ, അതിൽ കൂടുതൽ എനിക്ക് ചെയ്യാനുള്ള സൗകര്യം ഈശ്വരൻ അനുഗ്രഹിച്ച് ഉണ്ടായി. മെയിൻ നടന്മാരായി അഭിനയിച്ചിട്ടുള്ളവരിൽ എന്നെ പോലെ ഇത്രയും അധികം വ്യത്യസ്ത കഥാപാത്രങ്ങൾ കിട്ടിയിട്ടുള്ളവർ ചുരുക്കമാണ്,’ മധു പറഞ്ഞു.
മലയാളത്തിലെ നിരവധി നോവലുകളിൽ നിന്നുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചതാണ് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല നടന്മാരുടെയും കഥാപാത്രങ്ങളിൽ ആവർത്തനം സംഭവിക്കുമ്പോൾ, തനിക്ക് വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ലഭിച്ചിരുന്നുവെന്നതാണ് മധുവിന്റെ വിലയിരുത്തൽ.
മധു. Photo: Screen grab/ Youtunbe.com
‘എത്രത്തോളം നോവലുകൾ മലയാളത്തിലുണ്ട്, അതിലെല്ലാം തന്നെ നല്ല കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. അതിൽനിന്നെല്ലാം എനിക്ക് ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. അതിൽ ഞാൻ സന്തുഷ്ടനാണ്,’ മധു പറഞ്ഞു.
Content Highlight: Actor Madhu opens up about his early days in the film industry