| Tuesday, 14th January 2025, 5:52 pm

ആ നടനോളം സ്റ്റൈലിഷായ മറ്റൊരു ഇന്ത്യൻ ആക്ടറില്ല, എന്നും വിസ്മയിപ്പിക്കുകയാണ്: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്.

മലയാള സിനിമ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചെമ്മീൻ, ഓളവും തീരവും തുടങ്ങിയ സിനിമകളിലെല്ലാം നായകനായ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ തുടങ്ങിയ ഇന്ത്യയിലെ മുൻനിര അഭിനേതാക്കളോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

ധർമദുരൈ എന്ന സിനിമയിൽ രജിനികാന്തിനൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രജിനികാന്ത് എന്നും തനിക്കൊരു വിസ്മയമാണെന്ന് പറയുകയാണ് മധു. ഒരു സാധാരണ മനുഷ്യൻ്റെ വലിയ ജീവിത വിജയങ്ങളുടെ കഥയാണ് രജിനിയുടേതെന്നും അദ്ദേഹത്തെ നേരിൽ കാണുന്നത് കുറെ വർഷങ്ങൾക്ക് ശേഷമാണെന്നും മധു പറയുന്നു. സ്‌റ്റൈൽ മന്നൻ എന്ന വിശേഷണം ഏറ്റവും നന്നായി ചേരുന്ന ഇന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് താരമാണ് അദ്ദേഹമെന്നും മധു കൂട്ടിച്ചേർത്തു.

ഇത്രത്തോളം സ്‌റ്റൈലിഷായ മറ്റൊരു ആക്ടറെ ഇന്ത്യൻ സിനിമയിൽ കണ്ടെത്താനാവില്ല. സ്‌റ്റൈൽ മന്നൻ എന്ന വിശേഷണം അദ്ദേഹത്തോളം യോജിച്ച വേറൊരാളെ നമുക്ക് ചൂണ്ടിക്കാട്ടാനുമില്ല
– മധു

‘രജിനികാന്ത് എന്നും എനിക്കൊരു വിസ്‌മയമാണ്. സിനിമയുടെ സ്വ‌പ്നലോകത്തേക്ക് അക്കാദമിക്ക് തലത്തിൽ നിന്നും വന്ന ഒരാൾ എന്ന നിലയിലല്ല, അദ്ദേഹത്തെക്കുറിച്ചുള്ള എൻ്റെ അത്ഭുതം ഞാൻ പങ്കുവെക്കുന്നത്. തന്റെ ജീവിതലക്ഷ്യം എന്താവണമെന്നും, ആ ലക്ഷ്യത്തിലേക്ക് കുതിച്ചുയരാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്‌ത ഒരു സാധാരണ മനുഷ്യൻ്റെ വലിയ ജീവിത വിജയങ്ങളുടെ കഥയാണ് യഥാർത്ഥത്തിൽ രജിനികാന്തിന്റെ ജീവിതം. ശരിക്കുമത് പാഠപുസ്‌തകം കൂടിയാണ്. പുതിയ തലമുറ പഠിച്ചിരിക്കേണ്ട ഒരു ജീവിതപാഠം.

പലരിൽ നിന്നും കേട്ടറിയുകയും സിനിമയിലൂടെ കണ്ടറിയുകയും ചെയ്‌ത രജിനികാന്തിനെ വർഷങ്ങൾ കഴിഞ്ഞാണ് നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. തന്നിലെ നടൻ്റെ സാധ്യതകൾ എന്താണെന്ന് ഒരുപക്ഷേ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞത് അദ്ദേഹം തന്നെയാവണം. ഇത്രത്തോളം സ്‌റ്റൈലിഷായ മറ്റൊരു ആക്ടറെ ഇന്ത്യൻ സിനിമയിൽ കണ്ടെത്താനാവില്ല. സ്‌റ്റൈൽ മന്നൻ എന്ന വിശേഷണം അദ്ദേഹത്തോളം യോജിച്ച വേറൊരാളെ നമുക്ക് ചൂണ്ടിക്കാട്ടാനുമില്ല. അതുകൊണ്ടെല്ലാം രജിനി എനിക്കിന്നും അത്ഭുതം തന്നെയാണ്,’മധു പറയുന്നു.

അതേസമയം 2023 ൽ ഇറങ്ങി വലിയ വിജയമായി മാറിയ ജയിലർ എന്ന സൂപ്പർ ഹിറ്റ് രജിനി ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ അപ്ഡേറ്റ് ഉടനെ വരുമെന്നാണ് റിപ്പോർട്ടുകൾ. കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്‌കുമാർ, മലയാളത്തിൽ നിന്ന് മോഹൻലാൽ തുടങ്ങിയവർ ഒന്നിച്ച ജയിലർ നെൽസൺ ആയിരുന്നു സംവിധാനം ചെയ്തത്. രണ്ടാംഭാഗത്തിലും മൂവരും ഒന്നിക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

Content Highlight: Actor Madhu About Rajinikanth

We use cookies to give you the best possible experience. Learn more