മലയാളം വെബ് സീരീസായ കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ്‍ റിലീസിനൊരുങ്ങുകയാണ്. ജിയോ ഹോട്സ്റ്റാറില്‍ ജൂണ്‍ 20 മുതലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
അഹമ്മദ് കബീര്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസണ്‍ 2 ന്റെ തിരക്കഥ ഒരുക്കിയത്.
അജു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ലാല്‍, ഹരിശ്രീ അശോകന്‍, നൂറിന്‍ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുതിയ തലമുറയിലെ നടന്മാരെ കുറിച്ചും ഒരു നടനാകാന്‍ വരുന്നവര്‍ മിനിമം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ലാല്‍.
ഒപ്പം നടന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ കുറിച്ചും ജിയോ ഹോട്ട്‌സ്റ്റാറിന്റെ അഭിമുഖത്തില്‍ ലാല്‍ സംസാരിച്ചു.
‘അര്‍ജുന്‍ വളരെ എക്‌സ്പീരിയന്‍സ് ഉള്ള ആര്‍ടിസ്റ്റിനെപ്പോലെ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ ഡയലോഗ് ആണെങ്കിലും ടെന്‍ഷന്‍ അടിക്കുന്നതൊന്നും കണ്ടിട്ടില്ല.
കൃത്യമായി ഡയലോഗുകള്‍ പഠിച്ചിട്ട് തന്നെയാണ് ക്യാമറക്ക് മുന്‍പില്‍ വരുന്നത്. അല്ലാതെ അവിടെ വന്നിട്ട്, ഒന്ന് ഇട്ട് തന്നേക്ക് കേട്ടോ, ഒന്ന് പ്രോംപ്റ്റ് ചെയ്ത് തന്നേക്ക് കേട്ടോ എന്നൊന്നും പറയില്ല.
അങ്ങനെ ചിലര്‍ പറയുന്നത് കേള്‍ക്കുന്നത് തന്നെ എനിക്ക് കലിയാണ്. പ്രത്യേകിച്ച് പുതുതായി വരുന്ന പിള്ളേര്‍. അഭിനയിക്കാന്‍ വരുന്ന ആള്‍ ഏറ്റവും മിനിമം ചെയ്യേണ്ട കാര്യമാണ് ഡയലോഗ് പഠിക്കുക എന്നത്.
അതല്ലാതെ പിന്നെ എന്താണ് പണി. ഇത് കഴിഞ്ഞാല്‍ കാരവാനില്‍ പോയി ഇരിക്കുക, ഭക്ഷണം കഴിക്കുക, കോമഡി പറയുക എന്നല്ലാതെ. ആകപ്പാടെ ജോലി ഇവിടെയാണ്. ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമില്ല.
അര്‍ജുനൊക്കെ അക്കാര്യത്തില്‍ പെര്‍ഫെക്ടാണ്. അവിടെ ആര്‍ക്കും പ്രോംപ്റ്റിങ് ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി ഡയലോഗ് പഠിച്ച് പറയുമായിരുന്നു,’ ലാല്‍ പറഞ്ഞു.
കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് രണ്ടാം സീസണിന്റെ പേര്. ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു ‘കേരള ക്രൈം ഫയല്‍സ്.
കേരള ക്രൈം ഫയല്‍സ് ഷിജു, പാറയില്‍ വീട്, നീണ്ടകര എന്ന പേരിലിറങ്ങിയ ആദ്യ ഭാഗം ഏറെ ജനപ്രീതി നേടിയിരുന്നു.
Content Highlight: Actor Lal about New actors in malayalam industry and thier attittude