ലോഹിതദാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ലാല്‍, മഞ്ജു വാര്യര്‍, കെ.പി.എ.സി. ലളിത എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1998 ല്‍ പുറത്തിറങ്ങിയ ഒരു ചിത്രമാണ് കന്മദം.
ചിത്രത്തില്‍ ജോണി എന്ന കഥാപാത്രമായിട്ടായിരുന്നു നടന്‍ ലാല്‍ എത്തിയത്. ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ജോണി. അല്‍പ്പം കോംപ്ലിക്കേറ്റഡായ ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍.
കന്മദത്തിലെ കഥാപാത്രം വളരെ മോശമായിട്ടാണ് താന്‍ ചെയ്തിരിക്കുന്നത് എന്നാണ് ലാല്‍ പറഞ്ഞത്. ഒരുപാട് സാധ്യതയുള്ള കഥാപാത്രമായിരുന്നു അതെന്നും ഇന്നായിരുന്നെങ്കില്‍ ആ കഥാപാത്രം നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും ലാല്‍ പറഞ്ഞു.
‘ ഒരുപാട് പേര്‍ കന്മദത്തെ പറ്റി എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കറിയാം ഞാനത് വളരെ മോശമായിട്ടാണ് ചെയ്തിരിക്കുന്നത് എന്ന്. കാണുന്നവര്‍ക്ക് ചിലപ്പോള്‍ അത് ഓക്കെ ആയിരിക്കും.
പക്ഷേ ഒരുപാട് ചാന്‍സുള്ള ഒരു ക്യാരക്ടര്‍ ആയിരുന്നു അത്. അതിനെ ഉപയോഗിക്കാന്‍ പറ്റിയില്ലല്ലോ എന്ന് പറയുന്ന സങ്കടം എനിക്ക് ഭയങ്കരമായിട്ടുണ്ട്.
ഭയങ്കര ഡെപ്ത്തുള്ള, പവര്‍ഫുള്ളായിട്ടുള്ള, ഹീറോയിസമുള്ള, പോസിറ്റീവായിട്ടുള്ള ഒരു ക്യാരക്ടര്‍ ആണത്. അതിനെ ഉപയോഗിക്കാതെ പോയ ഒരു മണ്ടനായിരുന്നു ഞാനെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഇപ്പോള്‍ കിട്ടിയിരുന്നെങ്കില്‍ നന്നായി ചെയ്‌തേനെ,’ എന്നായിരുന്നു ലാല്‍ പറഞ്ഞത്.
എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും ഏതൊരു ആര്‍ടിസ്റ്റിനും തോന്നുന്ന കാര്യമാണ് അതെന്നും അത് പക്ഷേ ചെയ്യുന്ന സമയത്ത് നമുക്കത് കിട്ടില്ലെന്നുമായിരുന്നു നടന്‍ ഹരിശ്രീ അശോകന്‍ ഇതിന് മറുപടിയായി പറഞ്ഞത്.
‘നമ്മള്‍ എത്ര നന്നായി അഭിനയിച്ചാലും ആ സിനിമ കാണുമ്പോള്‍ അവിടെ കുറച്ചുകൂടി ശരിയാക്കാമായിരുന്നു, ഇവിടെ കുറച്ചുകൂടി ശരിയാക്കാമായിരുന്നു എന്നൊക്കെ എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും തോന്നും.
അത് ഇങ്ങനെ ആയിരുന്നെങ്കില്‍ നന്നാവുമായിരുന്നു എന്ന് തോന്നും. പക്ഷേ നമുക്കത് ആദ്യമേ കിട്ടില്ല. ചില സിനിമയില്‍ ആദ്യമേ തന്നെ ഒത്തുകിട്ടുകയും ചെയ്യും.
തുടങ്ങി വരുന്ന സമയത്ത് ആ കഥാപാത്രത്തെ നമുക്ക് കിട്ടാന്‍ വലിയ പാടാണ്. പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് നമ്മള്‍ ട്രാക്കില്‍ ആയിക്കഴിയുമ്പോഴാണ് കിട്ടുക, എന്നാലും പൂര്‍ണമായി കിട്ടില്ല.
ഒരു കഥാപാത്രമായി പൂര്‍ണമായി മാറാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. നമുക്കത് കിട്ടില്ല. ആ സിനിമ മുഴുവന്‍ കാണുമ്പോഴാണ് അവിടെ കുറച്ച് ഇങ്ങനെ ചെയ്യാമായിരുന്നു, ആ റിയാക്ഷന്‍ സുഖമായില്ല എന്നൊക്കെ തോന്നുന്നത്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഇപ്പോള്‍ സിനിമകള്‍ സംവിധാനം ചെയ്യാത്തത് എന്ന ചോദ്യത്തിന് ഇന്നത്തെ സിനിമകള്‍ ഒരുപാട് മാറിയെന്നും ഇന്ന് വരുന്ന തരം സിനിമകള്‍ക്ക് താന്‍ ഫിറ്റല്ലെന്നുമായിരുന്നു ലാലിന്റെ മറുപടി.
‘ഡയറക്ഷനില്‍ ഞാന്‍ ഫിറ്റല്ല. ഇപ്പോഴത്തെ കാലം മാറി. തമാശകളുടെ സ്വഭാവം മാറി. നമ്മളൊക്കെ ചെയ്തുകൊണ്ടിരുന്നത് തമാശ സിനിമകളായിരുന്നല്ലോ. ഇപ്പോള്‍ എന്റെ മക്കള്‍ പറയുന്ന തമാശ പോലും എനിക്ക് മനസിലാകുന്നില്ല.
റാംജിറാവു ഒക്കെ വന്നപ്പോള്‍ അതൊരു പുതിയ തമാശയുടെ തുടക്കമായിരുന്നു. ആ രീതിയില്‍ കുറേ സിനിമകള്‍ വന്നു. എന്നാല്‍ ഇന്ന് വേറൊരു തരം തമാശകളാണ് ഇപ്പോള്‍ എന്ത് തമാശകള്‍ പറഞ്ഞാലാണ് ചിരിക്കുക എന്ന് പോലും നമുക്കറിയില്ല,’ ലാല്‍ പറഞ്ഞു.
Content Highlight: Actor lal about Kanmadam movie and his Character