കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ പഞ്ചവടി പാലം എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് കൃഷ്ണ പ്രസാദ്. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ വേനല്‍ കിനാവുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം കൃഷ്ണ പ്രസാദിനെ മലയാള സിനിമയില്‍ കണ്ട ചിത്രമായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും വലിയ വിജയം നേടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു കൃഷ്ണ പ്രസാദ് പ്രത്യക്ഷപ്പെട്ടത്.

വാഴ 2. Photo: IMDB

ജിയോ ഹോട്‌സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു കൃഷ്ണ പ്രസാദ് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ തിയേറ്ററിനുള്ളില്‍ വെച്ച് അപമാനിക്കുന്ന സീന്‍. വലിയ വിമര്‍ശനങ്ങള്‍ സീനിനെതിരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പൊലീസ് വേഷത്തിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് കൃഷ്ണ പ്രസാദ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫ്യൂച്ചര്‍-ഐ-ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവിചാരിതമായിട്ടാണ് ചിത്രത്തിലേക്കെത്തിയത്. നമുക്കും ആഗ്രഹമുണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ഭാഗമാകണമെന്നും അഭിനയിക്കണമെന്നും ആഗ്രഹമുണ്ട് പക്ഷേ അവരെല്ലാം നമ്മളെ പലപ്പോഴും മാറ്റിനിര്‍ത്തുകയാണോ എന്ന് ആലോചിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാനിതുവരെ കണ്ടിട്ടില്ലാത്ത വിപിന്‍ ദാസ് എന്നെ വിളിക്കുന്നത്. വാഴ 2 എന്ന ചിത്രത്തിലേക്കാണെന്ന് പറഞ്ഞപ്പോള്‍ അതിന്റെ ആദ്യ ഭാഗം ഹിറ്റ് ആണല്ലോ എന്നാലോചിച്ചു. ഒരു പൊലീസുകാരനായിട്ടാണെന്നാണ് എന്നോട് പറഞ്ഞത്.

സാധാ പൊലീസ് ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അവിടെ ചെന്നപ്പോള്‍ ഒരു എസ്.ഐ ഗ്രേഡിലുള്ള കഥാപാത്രമാണ്. ഫയര്‍മാന്‍ എന്ന ചിത്രത്തില്‍ മാത്രമായിരുന്നു ഞാന്‍ കാക്കി വേഷം ചെയ്തത്. പിന്നീട് വാഴ 2 ടീമുമായി ഞാന്‍ ഇഴകിച്ചേര്‍ന്നു. സവിന്‍ സാ ആയാലും, ഈ പിള്ളേരുടെ കൂട്ടത്തില്‍ ഇടപെട്ട് ബഹളം വെച്ച് ഇടപെട്ട് നടക്കുന്ന ആളാണ്. എന്റെ ഷൂട്ടിങ് സമയമായാലും എല്ലാം അവര്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടത്തിയിരുന്നു.

പക്ഷേ ഇത് ഇത്രമാത്രം ഒരു ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. മുപ്പത് വര്‍ഷത്തോളമായി സിനിമയുടെ ഭാഗമായി നില്‍ക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലൊരു ഇന്‍ഡസ്ട്രി ഹിറ്റടിച്ച സിനിമയുടെ ഭാഗമാകുക എന്ന് പറയുന്നത് ഒരു അന്തസും അഭിമാനവുമാണ്. പുതിയ തലമുറയില്‍ പെട്ട കൂടുതല്‍ ആളുകള്‍ ഇനിയും വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’കൃഷ്ണ പ്രസാദ് പറഞ്ഞു.

ഫയര്‍മാന്‍. Photo: Krishna Prasad/ Facebook.com

വാഴയുടെ ആദ്യ ഭാഗത്തില്‍ കാമിയോ റോളിലെത്തിയ ഹാഷിര്‍,അലന്‍, അജിന്‍, വിനായക് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു സംവിധായകന്‍ വാഴ 2 അണിയിച്ചൊരുക്കിയത്. വിപിന്‍ ദാസ് തിരക്കഥയെഴുതിയ ചിത്രത്തില്‍ ദേവരാജ്, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Actor Krishna Prasad talks about his experience in Vaazha 2