| Wednesday, 5th March 2025, 9:50 am

മലയാളത്തിലെ ആ സൂപ്പര്‍സ്റ്റാര്‍ ചെയ്യുന്നത് അതിശയകരമാണ്; എല്ലാവരും അങ്ങനെ സിനിമ ചെയ്യണം: കിഷോര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കിഷേര്‍ കുമാര്‍ ജി എന്ന കിഷോര്‍. തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. ഒപ്പം മലയാളം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2023ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയില്‍ കിഷോര്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഇപ്പോള്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് കിഷോര്‍.

‘കണ്ണൂര്‍ സ്‌ക്വാഡിലെ എന്റെ കഥാപാത്രം മലയാളികള്‍ എങ്ങനെയാണ് എടുത്തതെന്ന് എനിക്ക് അറിയില്ല. ആ സിനിമയുടെ റിലീസിന് ശേഷം ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ ആളുകള്‍ എന്റെ ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് കേട്ടത് വളരെ കുറവായിരുന്നു.

മമ്മൂട്ടി സാര്‍ ഒരു സ്റ്റാറാണ്. അദ്ദേഹം ചെയ്യുന്നതെല്ലാം അതിശയകരമാണ്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനടയില്‍ അദ്ദേഹം നിരവധി എക്‌സ്‌പെരിമെന്റലായ കാര്യങ്ങള്‍ ചെയ്തിരുന്നു. എല്ലാം വളരെ വ്യത്യസ്തമായ കാര്യങ്ങളായിരുന്നു. എല്ലാ താരങ്ങളും അത്തരം സിനിമകള്‍ ചെയ്യണം.

സ്റ്റാര്‍ഡം എന്നത് ഒരു ചെറിയ കാര്യമല്ല. അവര്‍ക്ക് എപ്പോഴും ഉറച്ച ഒരു കൂട്ടം ഓഡിയന്‍സുണ്ടാകും. പൊതുവെ എന്താണ് ജനങ്ങള്‍ക്ക് ഇഷ്ടമെന്ന് നോക്കി സിനിമകള്‍ ചെയ്യുന്നവരാണ് താരങ്ങള്‍. അവര്‍ മാസ് സിനിമകളൊക്കെ ചെയ്യുന്നത് അതുകൊണ്ടാണ്.

എന്തുകാര്യം റിപ്പീറ്റായി ചെയ്താലും അവരുടെ ഫാന്‍സ് അത് സ്വീകരിക്കും. ഫാന്‍സ് ഓരോ സിനിമ ഇറങ്ങുമ്പോഴും പാലഭിഷേകം നടത്തുകയും ചെയ്യും. താരങ്ങള്‍ ഓഡിയന്‍സിന്റെ പണത്തിലൂടെയാണ് അവരുടെ സ്റ്റാര്‍ഡം ഉണ്ടാക്കിയെടുക്കുന്നത്. എന്നാല്‍ ആ താരങ്ങള്‍ ഓഡിയന്‍സിന് ഒന്നും തിരികെ നല്‍കുന്നില്ല.

എന്നോല്‍ ഒരാള്‍ എക്‌സ്‌പെരിമെന്റലായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഓഡിയന്‍സിനെ എഡ്യുക്കേറ്റ് ചെയ്യുകയാണ്. അത്തരം സിനിമകളിലൂടെ ഓഡിയന്‍സ് പതിയെ ഇന്റലിജെന്റാകും. അവര്‍ സിനിമകളെ ചോദ്യം ചെയ്യും. താരങ്ങളെയും ചോദ്യം ചെയ്യും.

അതാണ് സത്യത്തില്‍ ഓരോ താരങ്ങളും പേടിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവര്‍ എക്‌സ്‌പെരിമെന്റല്‍ സിനിമകള്‍ ചെയ്യാത്തത്. അവര്‍ എപ്പോഴും സേഫ് സ്‌പെയ്‌സില്‍ തന്നെ നില്‍ക്കുന്നത് അതുകൊണ്ടാണ്.

അവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ ആകണം ഫാന്‍സിനെ ഉണ്ടാക്കണം എന്ന കാര്യം മാത്രമേ ഉണ്ടാകുകയുള്ളൂ. അവര്‍ക്ക് വേണ്ടി എന്തുചെയ്യും. പക്ഷെ ഓഡിയന്‍സിന് വേണ്ടി ഒന്നും തിരിച്ചു കൊടുക്കില്ല. പക്ഷെ മമ്മൂട്ടി സാര്‍ ചെയ്യുന്നത് ശരിക്കും പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെയാണ്,’ കിഷോര്‍ പറഞ്ഞു.


Content Highlight: Actor Kishore Talks About Mammootty

Latest Stories

We use cookies to give you the best possible experience. Learn more