| Tuesday, 8th April 2025, 4:19 pm

പൃഥ്വിരാജ് സാറിന്റെ മുഖവുമായി എനിക്കുള്ള സാമ്യത; ആ ഷോട്ട് ഞങ്ങള്‍ ബോധപൂര്‍വം ചെയ്തതല്ല: കാര്‍ത്തികേയ ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാനിലെ സയിദ് മസൂദ് എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതിലൂടെ പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് നടന്‍ കാര്‍ത്തികേയ ദേവ്.

സലാര്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തികേയ ദേവിന് ലഭിക്കുന്ന ശക്തമായ ഒരു കഥാപാത്രമാണ് എമ്പുരാനിലേത്.

പൃഥ്വിരാജുമായി ഏറെ സാമ്യതയുള്ള മുഖമാണ് കാര്‍ത്തികേയയുടേത്. പൃഥ്വിയുടെ കുട്ടിക്കാലം ചെയ്യാന്‍ ഇതിനേക്കാള്‍ മികച്ചൊരു കാസ്റ്റിങ് വേറെ ഇല്ലെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. പൃഥ്വിയുടേത് പോലുള്ള ചില മാനറിസങ്ങളും കാര്‍ത്തികേയ ചിത്രത്തില്‍ നല്‍കുന്നുണ്ട്.

പൃഥ്വിരാജുമായുള്ള സാമ്യതയെ കുറിച്ചും ചില ഷോട്ടുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തികേയ.

‘ ഞങ്ങളുടേത് ഒരേ മാനറിസമാണെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പിന്നെ അത്തരത്തിലുള്ള ചില കമന്റുകള്‍ കണ്ടിരുന്നു. ഒരു പ്രത്യേക ഷോട്ടില്‍ ഞാന്‍ തിരിയുന്നതും പൃഥ്വിസാര്‍ തിരിയുന്നതും ഒരുപോലെയാണെന്ന രീതിയില്‍.

സിനിമയില്‍ കണ്ടപ്പോഴാണ് എനിക്ക് അത് തോന്നിയത്. ബോധപൂര്‍വം ചെയ്തതൊന്നുമല്ല. അദ്ദേഹം അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹമോ ഞാനോ ഒരുപോലെ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എങ്ങനെയോ അത് ഒരു പോലെ വന്നു.

ഷൂട്ടിന്റെ സമയത്ത് എനിക്ക് പൃഥ്വിരാജ് സാറിനെ കുറിച്ച് പ്രത്യേകിച്ച് എക്‌സ്‌പെക്ടേഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ സിനിമയെ കുറിച്ച് അദ്ദേഹത്തിന് ക്ലിയര്‍ വ്യൂ ഉണ്ടായിരുന്നു എന്ന് അറിയാം.

പെര്‍ഫെക്ട് ടേക്ക് കിട്ടുന്നതുവരെ അദ്ദേഹം എത്ര ടേക്ക് വരെ വേണമെങ്കിലും എടുക്കുമെന്നാണ് ഞാന്‍ കേട്ടത്. പക്ഷേ എന്റെ കാര്യത്തില്‍ സംഭവിച്ചത് തിരിച്ചായിരുന്നു.

പൃഥ്വിസാറിനും ടീമിനും എന്നില്‍ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. അത് എന്തിനാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഒരു ഷോട്ട് അദ്ദേഹം എന്നോട് പറയും. ഇങ്ങനെ ചെയ്‌തോട്ടെ എന്നൊക്കെ ചോദിക്കുമ്പോള്‍ ഓക്കെ എന്ന് പറയും.

ഞാന്‍ ചെയ്തു കഴിഞ്ഞാല്‍ ഉടനെ ഷോട്ട് ഓക്കെ എന്ന് പറയും. അയ്യോ ഞാന്‍ എന്റെ ബെസ്റ്റ് തന്നെയാണോ കൊടുത്തത് എന്ന സംശയമാകും. പല തവണ അത് സംഭവിച്ചു.

എല്ലാ തവണയും ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ട് ശരിക്കും ടേക്ക് ഓക്കെയാണോ സാര്‍ എന്ന് ചോദിക്കും. അതെ അതെ എന്ന് പറയുമ്പോള്‍ സര്‍ ഒരു ടേക്കും കൂടി എടുക്കാമോ എന്ന് ചോദിക്കും.

ഈ ഷോട്ടില്‍ ഞാന്‍ സാറ്റിസ്‌ഫൈ അല്ല എന്നൊക്കെ പറയും. ഒരു നൈറ്റ് ഷൂട്ട് എടുക്കുകയാണ്. സൂര്യന്‍ ഉദിക്കാറായിട്ടുണ്ട്. രണ്ട് ഷോട്ട് ബാക്കിയുണ്ട്. ടൈറ്റ് ടൈം ആണ്.

എന്നിട്ടും എനിക്ക് വേണ്ടി അദ്ദേഹം റീ ടേക്ക് പോയി. പാവം തോന്നി എനിക്ക്. പല ഷോട്ടിലും എന്റേത് ഫസ്റ്റ് ടേക്കാണ്. ചിലതിലൊക്കെ അല്ലാതെയുമുണ്ട്,’ കാര്‍ത്തികേയ പറയുന്നു.

Content Highlight: Actor Karthikeya Deva About Silmilarities between his and prithviraj look

We use cookies to give you the best possible experience. Learn more