കാസറ്റിൽ റെക്കോർഡ് ചെയ്ത പ്രണയവാക്കുകൾ; പാർവതിയുമായുള്ള പ്രണയദിനങ്ങൾ ഓർത്തെടുത്ത് ജയറാം
Malayalam Cinema
കാസറ്റിൽ റെക്കോർഡ് ചെയ്ത പ്രണയവാക്കുകൾ; പാർവതിയുമായുള്ള പ്രണയദിനങ്ങൾ ഓർത്തെടുത്ത് ജയറാം
നന്ദന എം.സി
Friday, 30th January 2026, 10:27 am

മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. 33 വർഷമായി ഒരുമിച്ച് ജീവിതം പങ്കിടുന്ന താര ദമ്പതികൾ അന്നും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയവരാണ്

തങ്ങളുടെ പ്രണയകഥയെ കുറിച്ച് പല അവസരങ്ങളിലും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും, അടുത്തിടെ ജയറാം പങ്കുവച്ച ഓർമകളാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പ്രണയവികാരങ്ങൾ നിറഞ്ഞ മുഖഭാവത്തോടെ നാണത്തോടെയും സന്തോഷത്തോടെയും പറഞ്ഞ ജയറാമിന്റെ വാക്കുകൾ ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ജയറാം, പാർവതി, Photo: Jayaram/ Facebook

‘1988 ഡിസംബർ 23 ആയിരുന്നു അന്ന്. ക്രിസ്മസ് ആഘോഷങ്ങളുടെ മൂഡിലായിരുന്നു ഞങ്ങൾ സെറ്റിൽ. അത് ഞങ്ങളുടെ രണ്ടാമത്തെ സിനിമയായിരുന്നു. ആദ്യ ചിത്രത്തിൽ പാർവതി എന്റെ സഹോദരിയായി അഭിനയിച്ചിരുന്നു. രണ്ടാമത്തെ സിനിമയിലാണ് അവൾ എന്റെ നായികയായത്. അവിടെവച്ചാണ് ഞാൻ പ്രൊപ്പോസ് ചെയ്തത്. ആ സ്ഥലം ഇന്നും ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. എല്ലാ വർഷവും ആ ദിവസം ഞങ്ങൾ കുടുംബമായി അവിടെ പോകാറുണ്ട്,’ ജയറാം പറഞ്ഞു.

ജയറാം, പാർവതി, Photo: Jayaram/ Facebook

അഞ്ചു വർഷത്തോളം നീണ്ട പ്രണയകാലത്ത് ജയറാമും പാർവതിയും ഏകദേശം 12 ചിത്രങ്ങളിൽ നായിക–നായകൻമാരായി ഒന്നിച്ച് അഭിനയിച്ചു. ‘അന്നത്തെ കാലത്ത് മൊബൈൽ ഫോണൊന്നുമില്ലല്ലോ. പാർവതിയുടെ അമ്മ വളരെ സ്ട്രിക്റ്റ് ആയിരുന്നു. ഏകദേശം നാല് വർഷം ഞങ്ങളുടെ ബന്ധം മറ്റാരും അറിഞ്ഞിരുന്നില്ല. പിന്നീട് എല്ലാവർക്കും അറിയാൻ തുടങ്ങി,’ താരം പറഞ്ഞു.

അന്നത്തെ പ്രണയസന്ദേശങ്ങൾ കൈമാറിയിരുന്നത് കാസറ്റുകളിൽ റെക്കോർഡ് ചെയ്തായിരുന്നു എന്നും ജയറാം പറഞ്ഞു. ‘അസിസ്റ്റന്റ് ഡയറക്ടർമാരുടെയും ഡയറക്ടർമാരുടെയും കൈയിൽ കൊടുത്ത് അയയ്ക്കുമായിരുന്നു. സംസാരിക്കാൻ അവസരം ഉണ്ടാക്കാൻ ഡയറക്ടർമാർ ലോങ്ങ് ഷോട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് സഹായിക്കാറുമുണ്ടായിരുന്നു,’ ജയറാം ചിരിയോടെ പറഞ്ഞു.

1988-ൽ പുറത്തിറങ്ങിയ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാമും പാർവതിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തുടർന്ന് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം–പാർവതി താരജോഡി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. പ്രണയത്തിലായിരുന്ന ഇരുവരും 1992 സെപ്റ്റംബർ 7-നാണ് വിവാഹിതരായത്.

ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാളാണ് ജയറാമും പാർവതിയും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന പാർവതി നൃത്തവേദികളിലും ടെലിവിഷൻ പരിപാടികളിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്

 

Content Highlight: Actor Jayaram recalls his romantic relationship with Parvathy

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.