| Friday, 7th March 2025, 3:44 pm

പുരോഗമനം പറയുന്ന പാര്‍ട്ടികള്‍ പോലും കേരളത്തില്‍ ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഇര്‍ഷാദ് അലി. 1995ല്‍ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമയിലാണ് ഇര്‍ഷാദ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ ഇര്‍ഷാദിന് സാധിച്ചിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ പുരോഗമനം പറയുന്ന പാര്‍ട്ടികള്‍ പോലും ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്ന ഇര്‍ഷാദ് പറയുന്നു. ഭൂരിപക്ഷം വരുന്നത് ഏത് സമുദായക്കാരാണോ അതില്‍ നിന്ന് ഒരാളെയായിരിക്കും എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളാക്കുകയെന്നും ഇര്‍ഷാദ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അരിക്’നെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇര്‍ഷാദ്.

‘ഒരു തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പോലും ജാതി ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ നോക്കിയാണ്. ഉദാഹരണമായി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പാണെങ്കില്‍ ‘ഇവിടെ ഏത് സമുദായക്കാരാണ് ഭൂരിപക്ഷമുള്ളത്, നമുക്ക് അതില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ വെക്കാം’ എന്നായിരിക്കും എല്ലാ പാര്‍ട്ടികളും ചിന്തിക്കുക. എന്തിന് പുരോഗമനം പറയുന്ന പാര്‍ട്ടികള്‍ പോലും ഇത് തന്നെയാണ് ചെയ്യുന്നത്,’ ഇര്‍ഷാദ് പറഞ്ഞു.

നമുക്കിടയില്‍ ജാതിയിടെ പലതരത്തിലുള്ള ലെയറുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലെ ചില ചായക്കടകളില്‍ പോയിക്കഴിഞ്ഞാല്‍ ഇന്നയാള്‍ക്കാര്‍ക്ക് കുടിക്കാനുള്ള കപ്പ്, ഇത് ഇന്നയാള്‍ക്ക് എന്ന രീതിയുണ്ട്. ചില ജാതിയില്‍പ്പെട്ടവര്‍ക്ക് ഈ കടകളില്‍ നിന്ന് ചായ കുടിക്കാനും പോലും പറ്റില്ല. ഇത്തരം കാര്യങ്ങള്‍ തമിഴ് സിനിമകളില്‍ പറയുന്നുണ്ടെന്നും ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത്രമാത്രം പ്രശ്‌നങ്ങള്‍ കേരളത്തില്‍ ഇല്ലെന്നും പക്ഷെ നമുക്കിടയില്‍ ജാതിപരമായ വിവേചനത്തിന്റെ പല ലെയറുകളുണ്ടെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ ചിലര്‍ക്ക് ‘ഞാന്‍ ഇന്നയാളാണെന്ന്’ പറയാന്‍ കഴിയില്ലെന്നും എന്നാല്‍ ജാതിയെന്നത് പലതിന്റെയും മാനദണ്ഡമാണെന്നും ഇര്‍ഷാദ് പറഞ്ഞു.

‘അരിക്’ എന്ന ചിത്രത്തിന്റെ തിരക്കഥ താന്‍ ഇതുവരെ വായിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ഒന്നാണെന്നും ഇര്‍ഷാദ് പറഞ്ഞു. വ്യക്തിപരമായി വലിയ അടുപ്പം തോന്നിയ സിനിമയാണെന്നും തന്റെ കഥാപാത്രത്തോട് പ്രത്യേകമായ ഒരിഷ്ടമുണ്ടെന്നും ഇര്‍ഷാദ് അലി പറഞ്ഞു.

വി.എസ്. സനോജ് കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് അരിക്. കെ.എസ്.എഫ്.ഡി.സിയാണ് ചിത്രം നിര്‍മിച്ചത്. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ്, ധന്യ അനന്യ, ശാന്തി ബാലകൃഷ്ണന്‍, ഭൂപേന്ദ്ര ചൗഹാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Actor irshad ali talks about caste discrimination and his movie ariku

We use cookies to give you the best possible experience. Learn more