| Friday, 2nd May 2025, 12:28 pm

ലാലേട്ടെേനാക്കെ മരിച്ചുപോയെന്ന് പറഞ്ഞില്ലേ; അതുവരെയുള്ള വേടനെ മുഴുവന്‍ റദ്ദ് ചെയ്തപോലെ ലാലേട്ടനേയും റദ്ദ് ചെയ്തില്ലേ: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമ ഇറങ്ങുന്നതിന് മുന്‍പ് വരെ മോഹന്‍ലാല്‍ എന്ന നടന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഇര്‍ഷാദ് അലി.

അതുവരെയുള്ള മോഹന്‍ലാലിനെ മുഴുവന്‍ റദ്ദുചെയ്തുകൊണ്ടുള്ള വിമര്‍ശനം അദ്ദേഹത്തിനെതിരെ വന്നെന്നും മോഹന്‍ലാലിനെ നടന്‍ മരിച്ചെന്ന് പറഞ്ഞവരോട് ഇല്ല, ഞാന്‍ ഇനിയും തുടരുമെന്ന് ഈ സിനിമയിലൂടെ അദ്ദേഹം കാണിച്ചെന്നും ഇര്‍ഷാദ് പറയുന്നു.

ആറ് ഗ്രാം കഞ്ചാവിന്റെ പേരിലും കഴുത്തിലെ പുലിനഖത്തിന്റെ പേരിലും അതുവരെയുള്ള വേടന്‍ റദ്ദ് ചെയ്യപ്പെട്ടതുപോലെ മോഹന്‍ലാലും റദ്ദ് ചെയ്യപ്പെട്ടെന്നായിരുന്നു മൂവി വേള്‍ഡ്് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഷാദ് പറഞ്ഞത്.

‘ മോഹന്‍ലാലിന്റെ നഖം വരെ അഭിനയിച്ചിരുന്നു, മുടി വരെ അഭിനയിച്ചിരുന്നു എന്ന് പറയുന്നിടത്ത് നിന്ന് മാറി നേരെ അതെല്ലാം റദ്ദ് ചെയ്യപ്പെട്ടു.
ആലോചിച്ച് നോക്കൂ ഏത് കാലത്ത് നമ്മള്‍ കൊണ്ടു നടക്കുന്ന മനുഷ്യനാണ്.

അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും, അദ്ദേഹം കരഞ്ഞാല്‍ കൂടെ കരഞ്ഞും ചിരിച്ചാല്‍ കൂടെ ചിരിച്ചും മുണ്ടു മടക്കി കുത്തിയാല്‍ നമ്മളും മുണ്ടുമടക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഘട്ടത്തില്‍ ഈ മനുഷ്യന്‍ ചെയ്ത എല്ലാം റദ്ദ് ചെയ്യപ്പെട്ടു.

ഉദാഹരണത്തിന് വേടന്റെ കയ്യില്‍ നിന്ന് വെറും ഒരു ആറ് ഗ്രാം കഞ്ചാവ് കിട്ടിയെന്ന് പറഞ്ഞ്, അല്ലെങ്കില്‍ അദ്ദേഹം കഴുത്തില്‍ ഒരു പുലിനഖം കെട്ടിയതിന്റെ പേരില്‍ അതുവരെയുള്ള വേടനെ മുഴുവന്‍ റദ്ദ് ചെയ്യുന്ന പ്രസ്താവനകള്‍ പല ഭാഗത്ത് നിന്ന് വന്നു.

അതുപോലെ ലാലേട്ടന്‍ എന്ന് പറയുന്ന ഒരു മഹാനടന്‍ അതുവരെ ചെയ്തുവെച്ചതൊക്കെ മറന്നിട്ട് ഇയാളൊക്കെ മരിച്ചുപോയി, അഭിനയം ഇല്ലാതായി എന്ന് പറയുന്നത് ഒരു നല്ല പ്രവണതയല്ല.

ആ രീതിയില്‍ പെരുമാറുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ പറ്റില്ല. എന്തായാലും അതിനെയൊക്കെ മറികടന്നുകൊണ്ട് ഇല്ല, ഞാന്‍ ഇവിടെ തന്നെയുണ്ട്, ഞാന്‍ തുടരുക തന്നെ ചെയ്യുമെന്ന് പറയുന്ന ഒരു സിനിമ ഉണ്ടായി. അതില്‍ തരുണിനോടും സുനിലോടും രഞ്ജിത്തിനോടുമൊക്കെ നമ്മള്‍ കടപ്പെട്ടിരിക്കുന്നു,’ ഇര്‍ഷാദ് അലി പറഞ്ഞു.

അത്ഭുതപ്പെടുത്തുന്ന റെസ്‌പോണ്‍സാണ് തുടരും എന്ന സിനിമയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും കേരളത്തില്‍ പലയിടത്തും ടിക്കറ്റ് കിട്ടാനില്ലെന്നും ഇര്‍ഷാദ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ ആളുകളുടെ ഈ അഭൂതപൂര്‍വമായിട്ടുള്ള ഈ സ്‌നേഹത്തിന് പിറകില്‍ എന്താണ്, അല്ലെങ്കില്‍ ഈ പടം ഇങ്ങനെ സ്വീകരിച്ചതിന്റെ ഘടകം എന്താണെന്ന് ചോദിച്ചാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് ഇങ്ങനെ ഒരു ലാലേട്ടനെ നമുക്ക് കാണാന്‍ പറ്റിയിട്ടില്ല എന്നത് തന്നെയാണ്.

പലരും ട്രോളിയും കളിയാക്കിയും മരിച്ചുപോയെന്നും പറയുന്ന ലാലേട്ടനെ തിരിച്ചുകൊണ്ടുവന്നു. അങ്ങനെ ഒരു ലാലേട്ടന്‍ മരിച്ചിട്ടില്ല. അദ്ദേഹത്തിന് അങ്ങനെയുള്ള വേഷങ്ങള്‍ കൊടുക്കാഞ്ഞിട്ടും കിട്ടാതിരുന്നിട്ടും ആണെന്ന തിരിച്ചറിവാണ്.

ആരാധകരുടെ സ്‌നേഹമാണ് കാണുന്നത്. തുടരും ദൃശ്യത്തേക്കാള്‍ വലിയ വിജയമാണെന്നാണ് പറയുന്നത്. ദൃശ്യം സ്വഭാവികമായിട്ടുള്ള സിനിമയുടെ വിജയമാണ്. അത് അന്നത്തെ പുതുമ കൊണ്ട് ഉണ്ടാക്കിയതാണ്.

ഇതില്‍ പക്ഷേ വേറൊരു ഘടകമുണ്ട്.കുറേ കാലത്തിന് ശേഷം ഇങ്ങനെ ഒരു ലാലേട്ടനെ തിരിച്ചുകിട്ടിയതാണ്. അത് ആഘോഷിക്കേണ്ടതാണ്. ജനങ്ങള്‍ ആഘോഷിക്കുന്നു. നമ്മളും ആഘോഷിക്കുന്നു,’ ഇര്‍ഷാദ് പറഞ്ഞു.

Content Highglight: Actor Irshad Ali about Mohanlal and Vedan and Thudarum Movie

We use cookies to give you the best possible experience. Learn more