യൂണിഫോം കർശനമാക്കിയതുകൊണ്ട് നാലാം ക്ലാസ് കഴിഞ്ഞ് പഠിക്കാൻ പറ്റിയില്ല: ഇന്ദ്രൻസ്
Malayalam Cinema
യൂണിഫോം കർശനമാക്കിയതുകൊണ്ട് നാലാം ക്ലാസ് കഴിഞ്ഞ് പഠിക്കാൻ പറ്റിയില്ല: ഇന്ദ്രൻസ്
നന്ദന എം.സി
Monday, 13th April 2026, 5:19 pm

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാരത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഇന്ദ്രൻസ് മാറിയിരിക്കുകയാണ്.

നിരവധി വെല്ലുവിളികളും കഷ്ടതകളും അതിജീവിച്ചാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിയത്. തന്റെ കഴിവും പരിശ്രമവും കൊണ്ട് മാത്രമാണ് മലയാള സിനിമയിൽ അദ്ദേഹം സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചത്.

ഇന്ദ്രൻസ്, Photo: Indrans/ Facebook

അതിന്റെ ഫലമായി നിരവധി അംഗീകാരങ്ങളും അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിലൂടെ കടന്നുപോയ ഇന്ദ്രൻസ്, തന്റെ ജീവിതത്തിൽ സംഭവിച്ച ചില ഓർമകൾ പങ്കുവെക്കുകയാണ്.

‘പഠിച്ചതെല്ലാം തിരുവന്തപുരം കുമാരപുരത്താണ്. കുട്ടിക്കാലവും കുമാര പുരത്ത് തന്നെയായായിരുന്നു. സ്കൂൾ ജീവിതം കഴിഞ്ഞതോടെ പഠനവും നിർത്തി. പഠിക്കാൻ ഞാൻ മിടുക്കനായിരുന്നു. എപ്പോഴും ഒന്നാം റാങ്ക് മൂന്നാം റാങ്ക് എല്ലാം കിട്ടികൊണ്ടിരുന്നതാണ്. അന്നൊക്കെ മാർക്കിനനുസരിച്ചായിരുന്നു ക്ലാസ്സിൽ കുട്ടികളെ ഇരുത്തുക.

അതിനാൽ ഞാൻ എപ്പോഴും ഫ്രണ്ട് ബെഞ്ചിൽ തന്നെയായിരിക്കും ഉണ്ടാകുക. പക്ഷെ പിന്നീട് ഒരു നാലാം ക്ലാസ് ഒക്കെ ആയപ്പോഴേക്കും യൂണിഫോം ഒരു പ്രശ്നമായി. അങ്ങനെ ഒരു വർഷം സ്കൂളിൽ പോയില്ല.

ഇന്ദ്രൻസ്, Photo: Indrans/ Facebook

അങ്ങനെ അടുത്ത വർഷം ആ സമയം ഒകെ കഴിഞ്ഞു പോയി. അന്ന് ബുക്കും യൂണിഫോമും എല്ലാം ഒരുമിച്ച് വാങ്ങിക്കാൻ പറ്റാത്ത അവസ്ഥായായിരുന്നു. വീട്ടിൽ പ്രശനങ്ങൾ ആയിരുന്നു. അങ്ങനെ ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ വീണ്ടും നാലാം ക്ലാസ്സിൽ പോയി

പിന്നെയും യൂണിഫോം കർശനമാക്കിയതോടെ വീണ്ടും പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. ഞങ്ങൾ ഏഴ് മക്കൾ ഉള്ള ഒരു കുടുംബമായിരുന്നു. അതിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ഞാൻ,’ ഇന്ദ്രൻസ് പറഞ്ഞു.

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആടാണ് ഇന്ദ്രൻസിന്റെതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്.

ചിത്രത്തിൽ ശശി ആശാനായി എത്തിയ ഇന്ദ്രൻസിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ജയസൂര്യ നായകനായെത്തിയ ചിത്രത്തിൽ വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയിൻ എന്നിവരും പ്രധാന വേഷങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

Content Highlight: Actor Indrans talk about childhood memories

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.