ഗോഷ്ടികാണിക്കാതെ ശ്രദ്ധിച്ച് മുന്നോട്ടുപോയാൽ വ്യത്യസ്‌തമായ വേഷങ്ങളും ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു: ഇന്ദ്രൻസ്
Malayalam Cinema
ഗോഷ്ടികാണിക്കാതെ ശ്രദ്ധിച്ച് മുന്നോട്ടുപോയാൽ വ്യത്യസ്‌തമായ വേഷങ്ങളും ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു: ഇന്ദ്രൻസ്
നന്ദന എം.സി
Tuesday, 17th March 2026, 5:38 pm

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാരത്തിലൂടെയാണ് താരം തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. തുടക്കത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ച താരം പിന്നീട് ക്യാരക്ടർ റോളുകളിലും മനസിൽ തട്ടുന്ന കഥാപാത്രങ്ങളിലേക്കും വഴി മാറുകയായിരുന്നു.

ഇപ്പോളിതാ തനിക്കുണ്ടായ ചില തിരിച്ചറിവുകളെ കുറിച്ച് സംസാരിക്കുകയാണ് താരം. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശരീരത്തിന് പരിമിതികളുണ്ട്. എങ്കിലും വലിയ കഥാപാത്രങ്ങളെ ഉൾക്കൊള്ളാനും സ്വീകരിക്കാനും മനസിനെ പാകപ്പെടുത്തി ശക്തി സംഭരിച്ചുവരികയാണ്. കഥാവ ശേഷൻ, നിഴൽകൂട്ട്, ശയനം തുടങ്ങിയ സിനിമകളെല്ലാം കഴിഞ്ഞപ്പോൾ ഗോഷ്ടികാണിക്കാതെ ശ്രദ്ധിച്ച് മുന്നോട്ടുപോയാൽ വ്യത്യസ്‌തമായ പല വേഷങ്ങളും ചെയ്യാൻ കഴിയുമെന്ന് സ്വയം തിരിച്ചറിഞ്ഞു.

ഇന്ദ്രൻസ്, Photo: Indrans/ Facebook

ആളൊരുക്കം, പാതി, മൺറോതുരുത്ത് തുടങ്ങി അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ പിന്നീട് വന്നുകൊണ്ടിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങൾ പലതും ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു. പ്രാർഥിച്ച ദൈവങ്ങൾ കൈവിട്ടില്ല എന്ന് കരുതാനാണ് ഇഷ്ടം,’ ഇന്ദ്രൻസ് പറഞ്ഞു.

തനിക്ക് കോമഡി ചെയ്യാനാണ് കൂടുതൽ താൽപര്യമെന്നും കാമറയ്ക്ക് മുന്നിൽ ചിരിച്ചും ചിന്തിപ്പിച്ചും അഭിനയിക്കുക എന്നത് പ്രത്യേക സന്തോഷവും ഊർജവും നൽകുന്ന കാര്യമാണെന്നും താരം പറഞ്ഞു.

അത്തരം വേഷങ്ങളെല്ലാം സ്വീകരിക്കാൻ ഉത്സാഹം കൂട്ടുന്ന മനസാണ് ഇന്നും തന്റേതെന്നും എന്നാൽ, അടുത്തകാലത്തായി തേടിവരുന്നതെല്ലാം ഗൗരവമുള്ള വേഷങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ദ്രൻസ് എന്ന പേര് ആദ്യമായി സിനിമയിൽ എഴുതി കാണിച്ച അനുഭവവും താരം പങ്കു വെച്ചു.

ഇന്ദ്രൻസ്, Photo: IMDb

‘അപരൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലാണ് വസ്ത്രാലങ്കാരം ഇന്ദ്രൻസ് എന്ന് ആദ്യമായി എഴുതിക്കാണിച്ചത്. ചിത്രീകരണത്തിന്റെ തിരക്കൊഴിഞ്ഞ സമയത്ത് ഞാൻ പത്മരാജൻ സാറിനോട് ചോദിക്കുകയായിരുന്നു.

ടൈറ്റിൽ കാർഡിൽ എൻ്റെ കടയുടെ പേര് വെച്ചോട്ടെ എന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു. ഇന്ദ്രൻസ് എന്ന പേര് എൻ്റെ വിളിപ്പേരായിമാറുമെന്ന് അന്നൊന്നും ഞാൻ കരുതിയില്ല,’ ഇന്ദ്രൻസ് പറഞ്ഞു.

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ ആണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജയസൂര്യ നായകനായ ‘ആട് 3’യിൽ പി.പി. ശശി ആശാനായി താരം വീണ്ടും എത്തുന്നുണ്ട്.

സുരാജിനൊപ്പം ‘റൺ മാമാ റൺ’, അടൂരിന്റെ ‘പദയാത്ര’ എന്നിവയും താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്

Content Highlight: Actor Indrans says he has realized that if he continues to pay attention, he can play different roles.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.