| Thursday, 5th June 2025, 9:57 am

സിനിമയില്‍ അഭിനയിക്കുന്നവരും ഇനി വരാന്‍ ആഗ്രഹിക്കുന്നവരും ഒരു പടമെങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്യണം: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. ഒത്തിരി മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍.

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ തുടരുമില്‍ ഒരു സീനില്‍ അര്‍ജുന്‍ അശോകനും എത്തുന്നുണ്ട്. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.

ഇന്ന് സിനിമയില്‍ അഭിനയിക്കുന്നവരും ഇനി വരാന്‍ ആഗ്രഹിക്കുന്നവരും ഒരു പടമെങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്യണമെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. താന്‍ ഇത് പറയുന്നതിന് ഒരു കാരണമുണ്ടെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.
‘ഞാന്‍ ആദ്യമായി ലാലട്ടേനോടൊപ്പം അഭിനയിക്കുന്ന പടം ബാലേട്ടനാണ്. അഭിനയിക്കുന്ന എല്ലാ കലാകാരന്‍മാരും, സിനിമയില്‍ നില്‍ക്കുന്നവരും ഇനി സിനിമയില്‍ വരാന്‍ പോകുന്നവരും ആഗ്രഹിക്കുന്നവരും എല്ലാം ഒരു പടമെങ്കിലും ലാലേട്ടന്റെ കൂടെ അഭിനയിക്കണം.

വേറെ ഒന്നുമല്ല, നമുക്ക് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. ബാലേട്ടന്‍ സിനിമയെ കുറിച്ച് പറഞ്ഞാല്‍ അതിലെ ആ ആല്‍ത്തറ സീന്‍ എടുക്കുകയാണ്.

ലാലേട്ടന്‍ എന്നോട് പറഞ്ഞു, ഞാന്‍ മുണ്ടുമടക്കിക്കുത്തും നീയും മുണ്ടുമടക്കിക്കുത്തിക്കോണം. ഞാന്‍ മുണ്ടഴിച്ചിടും അപ്പോള്‍ നീയും അങ്ങനെ ചെയ്‌തോളണം. ഞാന്‍ കൈ തെറുത്തുവെക്കും അപ്പോള്‍ നീയും കൈ തെറുത്തുവെക്കണം എന്നൊക്കെ.

ഇതെന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ കരുതി. പടം വന്നപ്പോഴാണ് മനസിലാകുന്നത് ആ സീനിന്റെ ഭംഗി എന്താണെന്ന്. എന്ത് രസമാണെന്നറിയുമോ അത് കാണാന്‍. നമുക്ക് ഭയങ്കര കോമഡി തോന്നും.

അതുപോലെ കവലയില്‍ ഒരു സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് വിഗ്ഗ് വെച്ചിരുന്നു. ഞാന്‍ വിഗ് എത്ര ചീകിയിട്ടും ശരിയാകുന്നില്ല. ലാലേട്ടന്‍ അടുത്ത് വന്നിട്ട് വിഗ്ഗിന് എന്തുപറ്റിയെന്ന് ചോദിച്ചു.

എന്താണെന്ന് അറിയില്ല. വെച്ചതിന്റെ കുഴപ്പമാണോ എന്നറിയില്ല എന്ന് പറഞ്ഞു. അപ്പോള്‍ എന്റെ അടുത്ത് വന്ന് പുള്ളി ചെവിയില്‍ പറയുകയാണ്, ഒന്നുമില്ല വിഗ്ഗ് തലതിരിച്ചാണ് വെച്ചേക്കുന്നത് എന്ന്. ബാക്ക് വശമെടുത്ത് ഞാന്‍ മുന്നോട്ട് വെച്ചിരിക്കുകയായിരുന്നു.

അതുപോലെ അതിലെ സോങ് എടുക്കുന്ന സമയം. അമ്പലത്തിന്റെ അടുത്തേക്ക് ബാലേട്ടനെ അന്വേഷിച്ചുവരുന്ന സീന്‍. മഴയും ചെളിയും ഉണ്ട്. റിഹേഴ്‌സല്‍ എടുത്തു.

അശോകാ ഇവിടെ ചെളിയുണ്ട്. വഴുക്കും നോക്കണം എന്ന് ലാലേട്ടന്‍ പറഞ്ഞു. റിഹേഴ്‌സലില്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ടേക്കില്‍ ഞാന്‍ ഓടി വന്നിട്ട് അങ്ങനേ പോയി സ്ലിപ്പ് ചെയ്ത് വീണ് മലര്‍ന്നുകിടക്കുകയാണ്.

കട്ട് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ ഓടി വന്നു. അവിടെ കിടന്നോ, അവിടെ കിടന്ന് ആ ഡയലോഗ് പറയാമെന്ന് പറഞ്ഞു. ബാലേട്ടനെ കണ്ടോ എന്ന് അവിടെ കിടന്നാണ് ഞാന്‍ ചോദിക്കുന്നത്.

ഒരു സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്യണം എന്ന് പഠിക്കാന്‍ പറ്റിയ ഒരു സര്‍വകലാശാലയാണ് അദ്ദേഹം. ഒരു നടന്‍ എന്താണ് ഒരു സിനിമയില്‍ ചെയ്യേണ്ടത് എന്ന് അദ്ദേഹത്തില്‍ നിന്ന് നമുക്ക് പഠിക്കാം.

അഭിനയത്തിന്റെ എല്ലാ വശവും. ഡാന്‍സാണെങ്കിലും പാട്ടാണെങ്കിലും ഫൈറ്റാണെങ്കിലും ഒരു ടെന്‍ഷനും ഇല്ലാതെ ചെയ്യുക. ഒന്നും ചിന്തിക്കാന്‍ പാടില്ല,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Content Highlight: Actor Harisree Ashokan about Mohanlal and Balettan Movie

Latest Stories

We use cookies to give you the best possible experience. Learn more