മലയാളത്തില്‍ വലിയ പ്രേക്ഷകരുണ്ടായിരുന്ന മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. 2008ല്‍ പുറത്തിറങ്ങി അഞ്ചോളം സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ അടയാളങ്ങള്‍ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി വേഷങ്ങളാണ് മലയാളത്തിലും മറ്റ് ഭാഷകളിലുമായി അവതരിപ്പിച്ചിരിക്കുന്നത്.
അല്ലു അര്‍ജുനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത് 2020 ല്‍ പുറത്തിറങ്ങിയ അങ്ങ് വൈകുണ്ഠ പുരത്ത് എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ വലിയ സ്വീകാര്യതയാണ് തെലുങ്ക് ഫിലിം ഇന്റസ്ട്രിയില്‍ താരത്തിന് ലഭിച്ചത്. ഒരിടവേളക്ക് ശേഷം അല്ലു അര്‍ജുന്റെ കരിയറിലെ വലിയ ഹിറ്റായും ചിത്രം മാറിയിരുന്നു.
അടുത്തിടെ യൂട്യൂബറായ സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തില്‍ മലയാള ചിത്രങ്ങളും അന്യഭാഷ ചിത്രങ്ങളും ഷൂട്ട് ചെയ്യുമ്പോഴുണ്ടാകുന്ന കാലയളവിലെ വ്യത്യാസത്തെക്കുറിച്ച് ഗോവിന്ദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. താന്‍ മലയാളത്തില്‍ അഭിനയിച്ച ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയുമായി താരതമ്യപ്പെടുത്തിയാണ് താരം ഇരു ഇന്റസ്ട്രികളും തമ്മിലുള്ള താരതമ്യം നടത്തിയത്.
‘പ്രേതം ഞങ്ങള്‍ ഇരുപത്തിമൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്, അതേസമയം അങ്ങ് വൈകുണ്ഠപുരത്ത് ഷൂട്ട് ചെയ്യാന്‍ ഒമ്പത് മാസത്തോളമെടുത്തു. അവരത്രയും ടൈമുകൊണ്ട് എഫേര്‍ട്ട് എടുത്തിട്ടാണ് ചിത്രങ്ങള്‍ ചെയ്യുന്നത്. അവര്‍ക്ക് ഷെഡ്യൂള്‍ ബ്രേക്ക് എന്ന് പറയുന്ന പരിപാടിയുണ്ട്. ഒരു എട്ട് ദിവസം ഷൂട്ട് ചെയ്താല്‍ അടുത്ത പത്ത് ദിവസം വെറുതെയിരിക്കും.
സിംപിളായി പറഞ്ഞാല്‍ രാജുവേട്ടനെ വെച്ച് രാജമൗലി സാര്‍ സംവിധാനം ചെയ്യുന്ന സിനിമ തന്നെ 2027 ഡിസംബറിലേക്കാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. കാരണം ഷൂട്ട് കഴിയാന്‍ ഇനിയും ഒന്നരക്കൊല്ലം ബാക്കിയുണ്ട്. അവിടുത്തെ വലിയ പടങ്ങളുടെ ഒരു പ്രത്യേകത അതാണ്. അല്ലു അര്‍ജുന്‍ സാറിനൊപ്പവും, നാഗാര്‍ജുന സാറിനൊപ്പവും നാനി സാര്‍ നിര്‍മിച്ച ചിത്രങ്ങളുമെല്ലാം ഇതേ രീതിയാണ് പിന്തുടരുന്നത്,’ താരം പറഞ്ഞു.
നായക നടന്മാരായിരിക്കും ഇത്തരത്തില്‍ സമയമെടുത്ത് ചിത്രങ്ങള്‍ ചെയ്യുകയെന്നും മറ്റുള്ള സഹനടന്മാര്‍ ഇതിനിടയില്‍ തന്നെ മറ്റ് ചിത്രങ്ങളുടെ ഭാഗമാകുമെന്നും താരം പറയുന്നു. അല്ലു അര്‍ജുന്റെ കാര്യം നോക്കുകയാണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുഷ്പയുടെ രണ്ട് ഭാഗങ്ങളും അങ്ങ് വൈകുണ്ഠപുരവും അടക്കം മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് റിലീസ് ചെയ്തതെന്നും ഗോവിന്ദ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Govind Padmasurya talks about long shooting schedule of Telugu Film Industry
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.