| Monday, 19th May 2025, 9:26 am

ലിഫ്റ്റില്ല, അച്ഛനേയും എടുത്ത് സത്യന്‍സാര്‍ ആ പടികളത്രയും കയറി; ഹൃദയപൂര്‍വം സെറ്റില്‍ ചെന്ന എന്നോട് അദ്ദേഹം പറഞ്ഞു: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛന്‍ പപ്പുവിനെ കുറിച്ചും അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മകനും നടനുമായ ബിനു പപ്പു.

അടുത്തിടെ ഹൃദയപൂര്‍വം സിനിമയുടെ സെറ്റില്‍ പോയപ്പോള്‍ അച്ഛനുമൊത്തുള്ള ഒരു അനുഭവം സംവിധായകന്‍ സത്യന്‍ അന്തിക്കാട് പങ്കുവെച്ചതിനെ കുറിച്ചും ബിനു പപ്പു സംസാരിക്കുന്നുണ്ട്.

എത്ര അസുഖമാണെങ്കിലും വീട്ടിലിരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നും സിനിമകള്‍ കമ്മിറ്റ് ചെയ്യാതിരിക്കാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഫോണ്‍ പോലും വെക്കാറില്ലായിരുന്നെന്നും ബിനു പപ്പു പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘ആരോഗ്യപ്രശ്‌നം കാരണം ആദ്യമായി ഒരു സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് അച്ഛന്‍ തിരിച്ചുവന്നത് സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ ലൊക്കേഷനില്‍ നിന്നാണ്.

തിരിച്ചുവന്ന് വീട്ടിലെത്തി. കുറച്ച് വേണ്ടാത്ത ചില കടുംപിടുത്തങ്ങളൊക്കെയുണ്ട്. ഡോക്ടറുടെ അടുത്ത് പോകാനൊന്നും വിളിച്ചാല്‍ വരില്ല. തീരെ വയ്യ എന്നൊരു പോയിന്റ് എത്തുമ്പോഴേ വരുള്ളൂ. അങ്ങനെ ചില വാശികളൊക്കെയുള്ള ആളാണ്.

അങ്ങനെ ഡോക്ടറുടെ അടുത്ത് പോയി. അപ്പോഴേക്ക് അത് ന്യുമോണിയ ആയി മാറി. പിന്നെ അച്ഛന് 80കളില്‍ ഒരു അറ്റാക്കും വന്നിരുന്നു. അതൊരു മാസ്സിവ് അറ്റാക്ക് ആയിരുന്നു. അതിന് ശേഷം വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ആ സമയത്ത് പുള്ളി റിക്കവര്‍ ചെയ്യാന്‍ കുറച്ച് സമയം എടുത്തു. അതില്‍ ആരോഗ്യം ഭയങ്കരമായി നഷ്ടപ്പെട്ടു. ആ ഒരു സ്‌റ്റേജ് തരണം ചെയ്ത് വരുമെന്ന് ഡോക്ടേഴ്‌സ് പോലും വിചാരിച്ചിരുന്നില്ല.

കിട്ടില്ല എന്ന് ഉറപ്പിച്ച പോയിന്റില്‍ നിന്നാണ് പുള്ളിയെ തിരിച്ചുകിട്ടിയത്. ഒരു കാരണവശാലും വീട് വിട്ട് പബ്ലിക്കിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നു. പൊടിയൊന്നും പറ്റില്ലെന്ന് പറഞ്ഞിരുന്നു.

അച്ഛനെ വീട്ടില്‍ കൊണ്ട് ഇരുത്തിയിട്ട് ഫോണിന്റെ വോള്യം പോലും കുറച്ചുവെച്ചു. അച്ഛന്‍ ഫോണ്‍എടുത്തു കഴിഞ്ഞാല്‍ പടം കമ്മിറ്റ് ചെയ്യും. അച്ഛനെ വിടാനും പറ്റില്ല.

വയ്യാതിരുന്ന സമയത്താണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയ്ക്കായി ഡബ്ബ് ചെയ്യാന്‍ പോകുന്നത്. പ്രസാദ് സ്റ്റുഡിയോയിലോ മറ്റോ ാമ് ഡബ്ബിങ്.

ഡബ്ബ് ചെയ്യാന്‍ മുകളിലെ നില എത്തണം. അവിടെ ലിഫ്റ്റില്ല. നടന്ന് കയറാന്‍ ബുദ്ധിമുട്ടും ഉണ്ട്. ലിഫ്റ്റില്ല അല്ലേ എന്ന് ചോദിച്ചപ്പോള്‍ സത്യന്‍സാര്‍ ഇല്ല എന്ന് പറഞ്ഞു.

എന്നിട്ട് അദ്ദേഹം അച്ഛനെ ഇങ്ങനെ എടുത്തിട്ട് പുള്ളി അങ്ങ് കയറി. ‘പപ്പുചേട്ടന് തീരെ കനമൊന്നും ഇല്ലായിരുന്നു. ഞാനൊരു കൊച്ചിനെ എടുത്ത് കൊണ്ടുപോകുന്ന മാതിരി മുകളില്‍ കൊണ്ടുപോയി’ എന്ന് പറഞ്ഞു.

അഹങ്കാരി എന്നായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയെന്നും സത്യന്‍ സാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഞാന്‍ ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ പോയിരുന്നു. അവിടെ വെച്ചാണ് സത്യന്‍ സാര്‍ ഈ കഥ പറയുന്നത്,’ ബിനു പപ്പു പറയുന്നു.

Content Highlight: Actor Binu pappu about pappu and Sathyan anthikkad

Latest Stories

We use cookies to give you the best possible experience. Learn more