| Thursday, 20th March 2025, 5:42 pm

'എടാ, നിന്നെ കാണാന്‍ ടോര്‍ച്ചടിച്ച് നോക്കണമല്ലോ' ; അന്നത് വലിയ വേദനയായിരുന്നു: ബിജു കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിന്റെ തുടക്ക കാലത്തെ കുറിച്ചും നിറത്തിന്റെയും രൂപത്തിന്റേയും പേരില്‍ കേള്‍ക്കേണ്ടി വന്ന ചില പരിഹാസങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും മിമിക്രി ആര്‍ടിസ്റ്റുമായ ബിജുക്കുട്ടന്‍.

കറുപ്പും കഷണ്ടിമായിരുന്നു മുന്‍പ് തന്നെ കുറിച്ച് കേട്ട രണ്ട് പോരായ്മകളെന്നും ‘എടാ, സ്റ്റേജില്‍ നിന്നാല്‍ നിന്നെ കാണാന്‍ ടോര്‍ച്ചടിച്ച് നോക്കണമല്ലോ’ എന്ന ചിലരുടെ കമന്റുകള്‍ അന്ന് ഏറെ വേദനിപ്പിച്ചിരുന്നെന്നും ബിജു കുട്ടന്‍ പറയുന്നു.

എന്നാല്‍ ഇന്ന് ജീവിതത്തിലെ രണ്ട് പ്ലസ് പോയിന്റ് എന്താണെന്ന് ചോദിച്ചാല്‍ അത് രണ്ടും തന്നെ എന്ന് താന്‍ പറയുമെന്നും കാലം കലയിലൂടെ തന്റെ മൈനസുകളെപ്ലസുകളാക്കി മാറ്റിയെന്നും ബിജു കുട്ടന്‍ പറയുന്നു.

‘ കറുപ്പും കഷണ്ടിയുമായിരുന്നു മുന്‍പ് കേട്ടിരുന്ന രണ്ട് പോരായ്മകള്‍. തുടക്കത്തില്‍ ചില മിമിക്രി ട്രൂപ്പുകളില്‍ ഇന്റര്‍വ്യൂവിന് പോയിട്ടുണ്ട്. അന്ന് ഇത് രണ്ടും പ്രശ്‌നമായിട്ടുമുണ്ട്.

പലരും എന്നോട് പറഞ്ഞിട്ടുണ്ട് ‘എടാ, സ്റ്റേജില്‍ നിന്നാല്‍ നിന്നെ കാണാന്‍ ടോര്‍ച്ചടിച്ച് നോക്കണമല്ലോ’ എന്ന്.

ഇപ്പോള്‍ ഇങ്ങനെ പറയുന്നത് തമാശയാണ്. അന്ന് അത് വലിയ വേദനയായിരുന്നു. ഇന്ന് ജീവിതത്തിലെ രണ്ട് പ്ലസ് പോയിന്റ് എന്താണെന്ന് ചോദിച്ചാല്‍ അത് രണ്ടും തന്നെ എന്ന് ഞാന്‍ പറയും.

കാലം കലയിലൂടെ മൈനസുകളെ എന്റെ പ്ലസ് ആക്കി മാറ്റി. തുടക്കകാലത്ത് പല ട്രൂപ്പുകളിലും കയറിപ്പറ്റാന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക.

അങ്ങനെ ഞങ്ങള്‍ ആലുവ മിമി വോയ്‌സ് എന്ന പേരില്‍ സ്വന്തം പരിപാടി തുടങ്ങി. മാട്ട എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രാഗ്രാമുകള്‍ ചെയ്തു തുടങ്ങി.

അങ്ങനെയൊരു പ്രോഗ്രാം കഴിഞ്ഞ് തിരികെ പോകാനൊരുങ്ങി നില്‍ക്കുകയാണ് ഞങ്ങള്‍. കാശ് വാങ്ങാന്‍ കമ്മിറ്റി ഓഫീസിലേക്ക് പോയ സുഹൃത്തിനെ കാണുന്നില്ല. ആകെ ടെന്‍ഷനായി.

പെട്ടന്ന് ഒരാള്‍ ഓടിവന്ന് പറഞ്ഞു, നിങ്ങളുടെ കൂടെ വന്നയാള്‍ അവിടെ തലകറങ്ങി വീണു. ഇപ്പോള്‍ കുഴപ്പമില്ല. അതുകേട്ടതും ഞങ്ങള്‍ എല്ലാവരും അങ്ങോട്ട് ഓടി. അവന്‍ കസേരയില്‍ ഇരിക്കുന്നുണ്ട്. കയ്യില്‍ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്.

കുറച്ച് വെള്ളം കൊടുത്ത് പതിയ അവനേയും കൊണ്ട് അവിടെ നിന്നും ഇറങ്ങി. പിന്നെയാണ് കാര്യം മനസിലായത്. പരിപാടി ബുക്ക് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ കമ്മിറ്റിക്കാരോട് പറഞ്ഞത് രണ്ടര രൂപയാണെങ്കില്‍ പരിപാടി കളിക്കാം എന്നാണ്.

ബുക്ക് ചെയ്യാന്‍ വന്ന ചേട്ടന്‍ രണ്ടര കൂടുതലാണ്. രണ്ട് രൂപ തരാം എന്നാദ്യം പറഞ്ഞെങ്കിലും അവസാനം രണ്ടര രൂപയ്ക്ക് തന്നെ സമ്മതിച്ചു. സുഹൃത്തിന് തലകറങ്ങാന്‍ കാരണം അതാണ്.

ഞങ്ങള്‍ ഉദ്ദേശിച്ച രണ്ടര 250 രൂപയാണ്. കമ്മിറ്റിക്കാര്‍ ധരിച്ചത് 2500 രൂപ. സന്തോഷം കൂടിയാലും മനുഷ്യര്‍ക്ക് തല കറങ്ങുമെന്ന് അന്ന് മനസിലായി (ചിരി),’ ബിജു കുട്ടന്‍ പറയുന്നു.

Content Highlight: Actor Biju Kuttan about Body Shaming

We use cookies to give you the best possible experience. Learn more