| Wednesday, 25th June 2025, 2:51 pm

ആദ്യം ഓലവീട്, പിന്നെ വാടകയ്ക്ക്, ശേഷം സ്വന്തമായി വാര്‍ക്ക വീട്, അത് രണ്ട് നിലയാക്കി: ഒരു പോയിന്റിലും പിറകിലേക്ക് പോയിട്ടില്ല: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ ഒരുപാട് സ്ട്രിഗിള്‍ ചെയ്ത് മുന്നോട്ട് വന്ന അച്ഛനും അമ്മയുമാണ് തന്റെ മാതൃകയെന്ന് പറയുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

വയനാട്ടിലെ ഉള്‍ഗ്രാമത്തില്‍ വിദ്യാഭ്യാസം പോലും എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയാതിരുന്ന ഒരു സമയത്ത് അതിനെയെല്ലാം മറികടന്ന് വിദ്യാഭ്യാസവും ജോലിയും നേടിയെടുത്തവരാണ് അച്ഛനും അമ്മയുമെന്ന് ബേസില്‍ പറയുന്നു.

ഓലമേഞ്ഞ വീട്ടില്‍ നിന്നും രണ്ട് നില വാര്‍ക്ക വീടിലേക്കുള്ള മാറ്റത്തിന് പിന്നില്‍ അവരുടെ കഷ്ടപ്പാട് തന്നെയാണെന്നും യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.

‘ എന്റെ അമ്മയെ കുറിച്ച് പറഞ്ഞാല്‍ അമ്മ ഒരു സ്‌കൂള്‍ ടീച്ചറായിരുന്നു. ഭയങ്കര സ്ട്രഗിള്‍ ചെയ്ത് വന്നവരാണ് അച്ഛനും അമ്മയും. പണ്ട് വയനാട്ടിലേക്ക് കുടിയേറിയവരാണ്.

വളരെ ഉള്‍നാട്ടിലുള്ള സ്ഥലത്താണ് ഇവര്‍ രണ്ടുപേരും ജനിച്ചുവളര്‍ന്നത്. അന്ന് വിദ്യാഭ്യാസം നേടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അന്ന് ഇവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടി.

അന്ന് മുതല്‍ ഇവര്‍ക്ക് ഒരു മോട്ടീവ് ഉണ്ട്. അന്നൊക്കെ പത്താം ക്ലാസ് പാസായാല്‍ കെട്ടിച്ചുവിടുക എന്ന രീതിയൊക്കെയാണല്ലോ. പക്ഷേ അച്ഛനാണെങ്കിലും അമ്മയാണെങ്കിലും ഇന്റിപെന്‍ഡന്റാകണം എന്ന നിലയില്‍ ചിന്തിച്ചു.

കോളേജിലൊക്കെ പോയി പഠിച്ചു. അധ്യാപകരായി. അച്ഛനും ടീച്ചറാണ്. അവരുടെ ക്യാരക്ടറില്‍ അങ്ങനെ ഒരു മോട്ടീവ് ഉണ്ട്. അമ്മയുടെ മൂന്ന് സഹോദരിമാരും ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ പഠിത്തം കഴിഞ്ഞ് വിവാഹം കഴിച്ചവരാണ്.

അമ്മ മാത്രമാണ് പഠിച്ച് ജോലിയൊക്കെ വാങ്ങിയത്. വീടും സ്‌കൂളും തമ്മില്‍ 40 കിലോമീറ്റര്‍ ദൂരമുണ്ട്. ഏഴ് മണിക്ക് വീട്ടില്‍ നിന്നിറങ്ങി ബസില്‍ പോയി അവിടുന്ന് നടന്ന് സ്‌കൂളില്‍ എത്തി, തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ രാത്രി 7 മണിയാകും.

ആ സമയത്ത് അച്ഛനാണ് എന്നെ നോക്കിയിരുന്നത്. അച്ഛന്‍ സ്‌കൂള്‍ ടീച്ചറും പ്രീസ്റ്റുമായിരുന്നു. അത്തരത്തില്‍ ഇവര്‍ സ്ട്രഗിള്‍ ചെയ്തിട്ടാണ് മുന്നോട്ടുപോയത്.

ഇവര്‍ പല ടൈപ്പ് ഓഫ് വീടുകളില്‍ താമസിച്ചിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആള്‍ക്കാരാണ്. കഷ്ടപ്പെട്ടിട്ടാണ് എന്നെയൊക്കെ വളര്‍ത്തിയത്. അതൊന്നും നമ്മളെ അറിയിച്ചിട്ടില്ല.

അതൊക്കെ നമുക്ക് ഇന്‍സ്പിരേഷനാണ്. ഇവരുടെ ഫൈറ്റിന്റെ ബെനിഫിറ്റാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഒരു പോയിന്റില്‍ പോലും ഇവര്‍ പിറകിലേക്ക് പോയിട്ടില്ല. താഴേക്ക് വീണു എന്നൊരു പോയിന്റ് ഇല്ല.

ആദ്യം ചെറിയ ഓല മേഞ്ഞ വീടായിരുന്നു. പിന്നെ വാടക വീടായിരുന്നു. പിന്നെ വാര്‍ക്ക വീട്ടിലേക്ക് വന്നു. സ്വന്തം വീടായി. അത് രണ്ട് നിലയായി. അവര്‍ മുന്നോട്ട് തന്നെയാണ് പോയത്.

സിനിമയും ഇങ്ങനെ തന്നെയാണ്. നമ്മള്‍ മുന്നോട്ട് തന്നെയേ പോകുകയുള്ളൂ. ആത്മാര്‍ത്ഥമായി പണിയെടുത്താല്‍ മുന്നോട്ട് തന്നെ പോയ്‌ക്കൊണ്ടിരിക്കും,’ ബേസില്‍ പറഞ്ഞു.

Content Highlight: Actor Basil Joseph and Hs Parents and their Struggles

We use cookies to give you the best possible experience. Learn more