| Saturday, 21st June 2025, 10:41 am

അവരെ ഡിസപ്പോയിന്റ് ചെയ്യാതിരിക്കാന്‍ ഞാനും എന്തെങ്കിലും ചെയ്യണമല്ലോ, മാക്‌സിമം പുഷ് ചെയ്തു: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച നടനാണ് ബേസില്‍ ജോസഫ്. സംവിധായകനായും നടനായുമൊക്കെ ഇന്ന് മലയാളത്തില്‍ ഏറെ തിരക്കുള്ള താരമായി ബേസില്‍ മാറിക്കഴിഞ്ഞു.

താന്‍ ചെയ്ത സിനിമകളെ കുറിച്ചും അതില്‍ തന്നെ ഇമോഷണല്‍ കണക്ഷന്‍ തോന്നിയ ക്യാരക്ടറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബേസില്‍.

കഠിനകഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തെ കുറിച്ചായിരുന്നു ബേസില്‍ സംസാരിച്ചത്. അങ്ങനെയൊരു കഥാപാത്രത്തിലേക്ക് തന്നെ ആരും അതുവരെ ചിന്തിച്ചിരുന്നില്ലെന്നും ബേസില്‍ പറയുന്നു.

‘നമുക്ക് ഒന്ന് രണ്ട് സക്‌സസ്ഫുള്‍ സിനിമകള്‍ വരുമ്പോഴാണ് സംവിധായകര്‍ക്ക് അങ്ങനെ ഒരു കോണ്‍ഫിഡന്‍സ് വരുന്നത്. ജോജിക്ക് ശേഷമാണ് അങ്ങനത്തെ റോളുകളിലേക്ക് എന്നെ ചിന്തിക്കാന്‍ തുടങ്ങിയത്.

അതുവരെ ഒരേ ടെംപ്ലേറ്റിലുള്ള ക്യാരക്ടേഴസാണ് കിട്ടിക്കൊണ്ടിരുന്നത്. അപ്പോഴാണ് ഞാനും മനസിലാക്കുന്നത് എനിക്ക് അത് ചെയ്യാന്‍ കഴിയുമെന്ന്.

അതിന് ശേഷം വേറെ രീതിയിലുള്ള കഥകള്‍ വരാന്‍തുടങ്ങി. ഫിലിംമേക്കേഴ്‌സും വേറെ രീതിയില്‍ ആലോചിക്കാന്‍ തുടങ്ങി. അത് നമുക്കും എക്‌സൈറ്റ്‌മെന്റാണ്.

കാരണം അവര്‍ എന്തോ പുതിയതായി ചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ടാണല്ലോ പുതിയ തരം ക്യാരകേഴ്‌സ് ആലോചിച്ച് വരുന്നത്. നേരത്തെ വന്ന സിനിമ പോലെ തന്നെ ഒരു ക്യാരക്ടര്‍ ഇതിലും ആലോചിച്ചാല്‍ അവര്‍ ഒട്ടും ഇന്നൊവേറ്റീവ് ആയിട്ടായിരിക്കില്ല വരുന്നത്.

ഇയാളെ വെച്ചിട്ട് ഇങ്ങനെ ഒരു കാര്യം ചെയ്യാം എന്ന് അവര്‍ ചിന്തിക്കുമ്പോള്‍ നമുക്ക് ഒരു സ്‌നേഹം തോന്നും. കഠിനകഠോരമീ അണ്ഡകടാഹത്തിന്റെ കഥ കേട്ടപ്പോള്‍ എനിക്ക് അതാണ് തോന്നിയത്.

എന്നെ അങ്ങനെ ആരും കണ്ടിട്ടില്ല. എന്നെ വെച്ചിട്ട് അവര്‍ ഒരു പരീക്ഷണത്തിന് ശ്രമിക്കുന്നു. അതൊരു പുതിയ ആലോചനയാണ്. അതിനോടാണ് എനിക്ക് സ്‌നേഹം തോന്നിയത്.

പിന്നെ കഥയൊക്കെ കേട്ടപ്പോള്‍ ഇമോഷണല്‍ കണക്ഷന്‍ തോന്നി. അങ്ങനെയാണ് ഈ സിനിമ ചെയ്യുന്നത്. അത് എനിക്കും ഒരു ചലഞ്ച് ആയിരുന്നു.

ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. അവരെ ഡിസ്അപ്പോയിന്റ് ചെയ്യാതിരിക്കാന്‍ ഞാനും എന്തെങ്കിലും ചെയ്യണമല്ലോ. അതിന് വേണ്ടി ഞാന്‍ മാക്‌സിമം പുഷ് ചെയ്തു. അപ്പോഴേ നമുക്കും വളരാന്‍ പറ്റുള്ളൂ,’ ബേസില്‍ പറഞ്ഞു.

Content Highlight: Actor Basil Joseph about His Chellenging Character

We use cookies to give you the best possible experience. Learn more