ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മരണമാസ്. പുതിയ തലമുറയെ കയ്യിലെടുക്കാന്‍ കഴിയുന്ന രീതിയിലുള്ള തമാശയും വളരെ കണക്ടായ തിരക്കഥയും തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
നടന്‍ സിജു സണ്ണിയായിരുന്നു മരണമാസിന്റെ കഥ എഴുതിയത്. ചിത്രത്തില്‍ അരുവി എന്ന കഥാപാത്രത്തേയും താരം അവതരിപ്പിച്ചിരുന്നു.
സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്
മരണമാസിന്റെ കഥ എഴുതിയത് സിജു ആയിരുന്നെന്ന് തനിക്ക് ഇതുവരെ അറിയില്ലായിരുന്നെന്ന് പറയുകയാണ് നടന്‍ ബൈജു.
വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയുടെ ഭാഗമായി മഴവില്‍ മനോരമയോട് സംസാരിക്കവേയായിരുന്നു മരണമാസിന്റെ ചര്‍ച്ച കടന്നുവന്നത്.
മരണമാസിലെ ലൂക്ക് എന്ന കഥാപാത്രത്തിന്റെ ഇന്‍സ്പിരേഷന്‍ എന്താണെന്ന ചോദ്യത്തിന് നമ്മുടെ സുഹൃത്തുക്കളില്‍ അങ്ങനെയുള്ളവര്‍ ഉണ്ടെന്ന് സിജു മറുപടി പറഞ്ഞപ്പോഴായിരുന്നു ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയത് സിജുവാണോ എന്ന ബൈജുവിന്റെ ചോദ്യം.
നീയാണോ മരണമാസിന്റെ സ്‌ക്രിപ്റ്റ് എഴുതിയതെന്നും വെറുതെയല്ല അത് അങ്ങനെ എന്നുമായിരുന്നു ബൈജുവിന്റെ ആദ്യ ട്രോള്‍.
‘നീയാണ് ആ സിനിമ എഴുതിയതെന്ന് സത്യമായിട്ടും ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. നീ ഒറ്റയ്ക്ക് എഴുതിയതാണോ, എത്ര സമയമെടുത്തു’ എന്നായിരുന്നു ബൈജു ചോദിച്ചത്.
അധികം സമയമൊന്നും എടുത്തില്ലെന്ന് സിജു മറുപടി പറഞ്ഞതോടെ ‘സത്യം പറ കഥ നീ എവിടുന്ന് ചുരുണ്ടിയതാണ് ‘എന്നായിരുന്നു ബൈജുവിന്റെ ചോദ്യം.
കഥ എവിടെ നിന്നും ചുരുണ്ടിയില്ലെന്നും പൂര്‍ണമായും അത് തന്റെ മനസില്‍ വന്ന കഥയാണെന്നും സിജു പറഞ്ഞതോടെ, പടം ഇറങ്ങി കഴിഞ്ഞെന്നും ഇനിയെങ്കിലും സത്യം പറയണമെന്നും സത്യം പറയാതെ ഇവിടുന്ന് പോകാന്‍ കഴിയില്ലെന്നുമായിരുന്നു ബൈജുവിന്റെ അടുത്ത തഗ്ഗ്.
അഭിനയവും ഡബ്ബിങ്ങും സിനിമാ പ്രൊമോഷനും ഒക്കെ കഴിഞ്ഞ് ഒരു സിനിമയ്ക്ക് കഥയെഴുതാന്‍ എവിടെയാണ് സമയം എന്നായിരുന്നു ബൈജുവിന്റെ തമാശരൂപേണയുള്ള ചോദ്യം. എന്തായാലും നല്ലൊരു ശ്രമമാണ് മരണമാസെന്നും ബൈജു പറഞ്ഞു.
ബൈജു ചേട്ടനെ തനിക്ക് അന്നും ഇന്നും പേടിയാണെന്നായിരുന്നു ഇതിന് പിന്നാലെ സിജു സണ്ണി പറഞ്ഞത്.
ഗുരുവായൂരമ്പല നടയിലെ എന്റെ ആദ്യ സീന്‍ ബൈജു ചേട്ടനുമായിട്ടാണ്. എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എങ്ങനെയാകുമെന്ന്. പക്ഷേ നല്ല രീതിയില്‍ തന്നെ അത് പോയി. വ്യസന സമേതത്തില്‍ ബൈജു ചേട്ടന്റെ ക്യാരക്ടര്‍ തന്നെ വേറൊരു രീതിയിലാണ്,’ സിജു പറഞ്ഞു.
Content Highlight: Actor Baiju About Maranamass Movie script and Siju Sunny